Saturday, April 20, 2024
HomeUSAറിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ നിക്കി ഹേലി രംഗത്ത്

റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയാവാൻ നിക്കി ഹേലി രംഗത്ത്

ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി 2024 ൽ പ്രസിഡന്റ് സ്ഥാനത്തേക്കു റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാവാൻ മത്സരിക്കുമെന്നു സൂചിപ്പിച്ചു. സൗത്ത് കരളിന മുൻ ഗവർണറും യുഎന്നിലെ മുൻ അംബാസഡറുമായ ഹേലി (50) ലാസ് വെഗാസിൽ റിപ്പബ്ലിക്കൻ യഹൂദ നേതൃ സമ്മേളനത്തിൽ പറഞ്ഞു: “ഞാൻ ഉടൻ തുടങ്ങുകയാണ്.”

പാർട്ടിയിൽ മാറ്റം ആഗ്രഹിക്കുന്നവരുടെ താരമായി മാറിയ ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസും സമ്മേളനത്തിൽ നിറഞ്ഞ കരഘോഷം ഏറ്റു വാങ്ങി. എന്നാൽ മത്സരിക്കുമെന്ന സൂചന അദ്ദേഹം നൽകിയില്ല.

ഹേലി പറഞ്ഞു: “ഞാൻ മത്സരിക്കുമോ എന്ന് ഒട്ടേറെപ്പേർ ചോദിക്കുന്നുണ്ട്. ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കെ ഇപ്പോൾ അതിനു മറുപടി നൽകേണ്ട സമയമായി എന്നു തോന്നുന്നു.

“സേവനത്തിന്റെ ജീവിതം തുടരാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചാൽ ഞങ്ങൾ 1,000% അതിനായി അധ്വാനിക്കും. ഞാൻ കടുത്ത പ്രൈമറികളും പൊതു തിരഞ്ഞെടുപ്പുകളും നേരിട്ടിട്ടുണ്ട്. എന്നും ഞാൻ പിൻനിരയിൽ നിന്നാണു  കയറി വന്നത്. ഒരു പോരാട്ടത്തിലും ഞാൻ തോറ്റിട്ടില്ല.”

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ അംഗമായിരുന്ന ഹേലി, മുൻ പ്രസിഡന്റിനെ പ്രൈമറികളിൽ നേരിടേണ്ടി വരും. അദ്ദേഹത്തിൽ നിന്ന് അകന്നു നിന്നിട്ടുള്ള അവർക്കു പ്രൈമറികൾ കഠിനമാവും. എതിർക്കുന്നവരെ തകർക്കുമെന്നു ട്രംപ് താക്കീതു നൽകിയിരുന്നു.

സമ്മേളനത്തിൽ ഡിസാന്റിസിനു (44) ലഭിച്ച സ്വാഗതം ഒരു പ്രസിഡന്റ് സ്ഥാനാർഥിക്കുള്ളതായിരുന്നു. വേദിക്കരികിൽ നിന്നിരുന്ന നിരവധി ചെറുപ്പക്കാർ അദ്ദേഹത്തിന് തുടർച്ചയായി കൈയ്യടി നൽകി.

ഫ്ളോറിഡ ഗവർണർ സ്‌ഥാനത്തേക്കു രണ്ടാമതു ജയിച്ച താൻ സമാഹരിച്ച വോട്ടുകൾ പാർട്ടിക്ക് ദേശീയ തലത്തിൽ നേടാവുന്നതാണെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനമൊട്ടാകെ ഹിസ്പാനിക് വോട്ടുകൾ തൂത്തുവാരി. ഫ്ളോറിഡയുടെ ചരിത്രത്തിൽ ഏറ്റവുമധികം യഹൂദ വോട്ടുകളും നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular