Friday, March 29, 2024
HomeIndiaട്വിറ്ററില്‍ 'പൊരിഞ്ഞ പോര്'; നടി ഗായത്രി രഘുറാമിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

ട്വിറ്ററില്‍ ‘പൊരിഞ്ഞ പോര്’; നടി ഗായത്രി രഘുറാമിനെ സസ്‌പെന്‍ഡ് ചെയ്ത് ബി.ജെ.പി

ചെന്നൈ: പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് നടിയും ബി.ജെ.പി നേതാവുമായ ഗായത്രി രഘുറാമിനെ സസ്പെന്‍ഡ് ചെയ്തു.

പാര്‍ട്ടിയുടെ സാംസ്കാരിക വകുപ്പ് അധ്യക്ഷ കൂടിയാണ് ഗായത്രി രഘുറാം. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അണ്ണാമലൈ അറിയിച്ചു.

ഗായത്രി രഘുറാമും വ്യവസായ സെല്ലിന്റെ ഉപനേതാവ് എ.സെല്‍വകുമാറും തമ്മില്‍ ട്വിറ്റര്‍ വാക് പോരുണ്ടായിരുന്നു. ട്വിറ്ററില്‍ തന്നെ ആക്രമിക്കുന്ന രീതിയില്‍ സെല്‍വകുമാര് ട്രോളുകള്‍ ഷെയര്‍ ചെയ്യുന്നതായി ഗായത്രി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്തതിനാണ് ഗായത്രി രഘുറാമിനെ സസ്പെന്‍ഡ് ചെയ്തതെന്നാണ് പാര്‍ട്ടിയുടെ വിശദീകരണം. ഇന്നലെയാണ് സസ്‌പെന്‍ഡ് ചെയ്തതായി ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈ പ്രസ്താവന പുറത്തിറക്കിയത്.

സസ്‌പെന്‍ഷന്‍ ഉത്തരവിന് മറുപടിയായി ഗായത്രി രഘുറാം ആരുടേയും പേരെടുത്തു പറയാതെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. “ആദ്യ ദിവസം മുതല്‍ അവന്‍ എപ്പോഴും എന്നെ പുറത്താക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ട്വീറ്റ്.

‘മണ്ടന്മാര്‍ക്ക് മറുപടി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു വിശദീകരണം നല്‍കേണ്ടതില്ല. അവര്‍ ശുദ്ധരല്ല. അവര്‍ക്ക് വേണമെങ്കിലും എന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കാം. ട്വീറ്റ് ചെയ്യുന്ന രീതിയിലൂടെ അവര്‍ സ്വയം വെളിപ്പെടുകയാണ്’..മറ്റൊരു ട്വീറ്റില്‍ ഗായത്രി വ്യക്തമാക്കി.

മറ്റൊരു നേതാവായ ഒബിസി തലവന്‍ ട്രിച്ചി സൂര്യയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന ഒബിസി മേധാവി ട്രിച്ചി സൂര്യയും ന്യൂനപക്ഷ മേധാവി ഡെയ്സി ചരണും തമ്മിലുള്ള ഓഡിയോ സംഭാഷണം ചോര്‍ന്നതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ സംസ്ഥാന ഡെപ്യൂട്ടി ഹെഡ് കനഗസബപതിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി മറ്റൊരു പ്രസ്താവനയില്‍ അണ്ണാമലൈ പറഞ്ഞു. സംഭാഷണം ചോര്‍ന്നതിനെ കുറിച്ച്‌ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായാണ് ട്രിച്ചി സൂര്യയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിയിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular