Saturday, July 27, 2024
HomeIndiaഗുജറാത്തിനെയും ഇന്ത്യയെയും തകര്‍ത്തത് കോണ്‍ഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗുജറാത്തിനെയും ഇന്ത്യയെയും തകര്‍ത്തത് കോണ്‍ഗ്രസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഹമ്മദാബാദ്: ഗുജറാത്തിനെയും ഇന്ത്യയെയും നശിപ്പിച്ചത് കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വജനപക്ഷപാതം, ജാതീയത, വിഭാഗീയത, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയാണ് കോണ്‍ഗ്രസ് മോഡലെന്നും മോദി വിമര്‍ശിച്ചു.

വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാനയില്‍ നടത്തിയ ബിജെപി റാലിയില്‍ ബുധനാഴ്ച സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

എന്നാല്‍ പരാമര്‍ശനത്തിനെതിരെ പരിഹാസവുമായി നിരവധി പേരാണെത്തിയത്. മാധ്യമപ്രവര്‍ത്തകനായ ആര്‍. പ്രസാദ് ട്വിറ്ററില്‍ കുറിച്ചു: ‘കഴിഞ്ഞ 27 വര്‍ഷമായി ബിജെപി അധികാരത്തിലാണ്, എന്നിട്ടും ഗുജറാത്തിനെ തകര്‍ത്തത് കോണ്‍ഗ്രസാണെന്ന് കുറ്റപ്പെടുത്തുന്നു. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ തന്നെ 27 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും ഗുജറാത്തിനെ പുനര്‍നിര്‍മിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടില്ല. തീര്‍ച്ചയായും ബിജെപി ഇന്ത്യയെയും പരാജയപ്പെടുത്തും’. മോദിയുടെ കോണ്‍ഗ്രസ് വിമര്‍ശനം സഹിതമായിരുന്നു ട്വീറ്റ്.

അതിനിടെ, 1995 മുതല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിതര സര്‍ക്കാറാണ് ഭരണം നടത്തിയതെന്നും നരേന്ദ്രമോദി മുഖ്യമന്ത്രിയായ 12 വര്‍ഷമടക്കമാണ് ഈ കാലയളവെന്നും മറ്റൊരാള്‍ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി.

കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പില്‍ ഗുജറാത്ത് ഇന്ത്യന്‍ ശരാശരിയേക്കാള്‍ പിന്നില്‍ നില്‍ക്കുന്നതാണ് ഗ്രന്ഥകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സല്‍മാന്‍ അനീസ് സോസ് തുറന്നുകാട്ടിയത്. 1992-93 കാലയളവില്‍ കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് ഇന്ത്യയിലാകെ 52 ശതമാനവും ഗുജറാത്തില്‍ 48 ശതമാനവുമായിരുന്നു. എന്നാലത് 1998-99 കാലയളവില്‍ ഇന്ത്യയില്‍ 46 ഉം ഗുജറാത്തില്‍ 44ആയി. 2019-20 കാലത്ത് ഇന്ത്യയില്‍ 36 ഉം ഗുജറാത്തില്‍ 39 ഉം ആയി. അഥവാ ഇന്ത്യന്‍ ശരാശരിയിലും കൂടുതല്‍ കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് വളര്‍ച്ചാ മുരടിപ്പ് നേരിടേണ്ടി വന്നത്.

അതേസമയം, ‘ആ ഗുജറാത്ത് മൈന്‍ ബനാവു ഛെ’അഥവാ ഈ ഗുജറാത്ത് ഞാനുണ്ടാക്കിയത് എന്ന് അര്‍ഥം വരുന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തില്‍ സജീവമായി. സംസ്ഥാന തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഈ പ്രചാരണം വന്‍ വിജയമാണെന്ന് ബി.ജെ.പി നേതാക്കള്‍ അവകാശപ്പെട്ടു. 34 ലക്ഷം പേര്‍ സമൂഹ മാധ്യമങ്ങളില്‍ സെല്‍ഫികളും വീഡിയോകളും പങ്കുവെച്ച്‌ കാമ്ബയിനില്‍ പങ്കെടുത്തെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനം എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മുന്നേറിയെന്ന് കഴിഞ്ഞ നവംബര്‍ ആറിന് ഗുജറാത്തിലെ കപ്രാഡയില്‍ നടന്ന പാര്‍ട്ടി റാലിയില്‍ മോദി പറഞ്ഞിരുന്നു. ‘ആ ഗുജറാത്ത് മൈന്‍ ബനാവു ഛെ’ മുദ്രാവാക്യം മുഴക്കിയതും അന്നായിരുന്നു. ‘ആദിവാസി, മത്സ്യത്തൊഴിലാളി, ഗ്രാമീണന്‍, നഗരവാസി ഇങ്ങനെ എല്ലാ ഗുജറാത്തിയും ഇന്ന് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. ഇതുകൊണ്ടാണ് ഗുജറാത്തി പറയുന്നത് : ഞാനാണ് ഈ ഗുജറാത്ത് സൃഷ്ടിച്ചത്. അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ നാട് പണിതത്’ മോദി പറഞ്ഞു. ഇതേ മുദ്രാവാക്യവുമായി ബിജെപി കാമ്ബയിന്‍ തുടങ്ങിയിരിക്കുകയാണ്. 2019ലെ മൈ ബീ ചൗക്കിധാര്‍ മുദ്രാവാക്യം പോലെ ഇതും ഹിറ്റാണെന്നും ബിജെപി അവകാശപ്പെട്ടു.

2002ല്‍ നടന്ന കലാപം സംസ്ഥാനത്ത് വന്‍ രാഷ്ട്രീയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അന്ന് ഔദ്യോഗിക കണക്ക് പ്രകാരം ആയിരത്തിലേറെ പേരും അനൗദ്യോഗിക കണക്ക് പ്രകാരം രണ്ടായിരത്തിലേറെ പേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗുജറാത്തില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ ‘ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു’ എന്ന ഹാഷ് ടാഗ് ക്യാമ്ബയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദിയും ബി.ജെ.പിയും നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരുന്നത്.

RELATED ARTICLES

STORIES

Most Popular