Friday, March 29, 2024
HomeIndiaസംവരണം 76 ശതമാനമായി ഉയര്‍ത്തി ഛത്തീസ്ഗഡ്; നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു

സംവരണം 76 ശതമാനമായി ഉയര്‍ത്തി ഛത്തീസ്ഗഡ്; നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു

റായ്പൂര്‍: ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള പിന്നോക്ക സംവരണം 76 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ ഛത്തീസ്ഗഡ് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചു.

ഭൂപേഷ് ബാഗെലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് സംവരണ തോത് ഉയര്‍ത്തിയത്.

ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ പട്ടികവര്‍ഗക്കാര്‍ക്ക് (എസ്.ടി) 32 ശതമാനവും പട്ടികജാതിക്കാര്‍ക്ക് (എസ്.സി) 13 ശതമാനവും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് (ഒ.ബി.സി) 27 ശതമാനവും ഒരു ക്വാട്ടയിലും ഉള്‍പ്പെടാത്ത സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നാല് ശതമാനവും സംവരണം ലഭിക്കും.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സംവരണ നിരക്കാണിത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് ഈ രണ്ട് ബില്ലുകളും പാസാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആദിവാസികളുടെ സംവരണം 20 ശതമാനമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കകം സര്‍ക്കാര്‍ പുതിയ നിയമരൂപീകരണം നടത്തിയത്. ആകെ സംവരണം 50 ശതമാനത്തിന് മുകളിലാവുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2012ലെ ബി.ജെ.പി സര്‍ക്കാരിന്റെ സംവരണ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 19ലെ ഈ വിധിന്യായത്തിന് ശേഷം സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുകയും പഴയ ക്വോട്ട റദ്ദായതിനാല്‍ പ്രവേശനവും സര്‍ക്കാര്‍ ജോലികളിലേക്കുള്ള നിയമനവും നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

കോടതി വിധിക്ക് ശേഷം സംസ്ഥാനത്തുടനീളം ആദിവാസികള്‍ പ്രതിഷേധിച്ചു. അതിനാല്‍ പുതിയ നിയമരൂപീകരണത്തിനു പുറമെ വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ട്. കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണഘടനയുടെ ഒമ്ബതാം ഷെഡ്യൂളില്‍ ഈ സംവരണം ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനോട് ആവശ്യപ്പെടും.

അടുത്ത വര്‍ഷം ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെ പ്രധാന സാമൂഹിക-രാഷ്ട്രീയ നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. നിലവില്‍ ഛത്തീസ്ഗഡിനു പുറമേ രാജസ്ഥാനില്‍ മാത്രമാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുള്ളത്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി ബി.ജെ.പി ഉള്‍പ്പെടെ കോടതി വിധിയുടെ പേരില്‍ പോലും സര്‍ക്കാരിനെ കുറ്റപ്പെടുത്തി വേഗത്തില്‍ നടപടിയെടുക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.

ആനുപാതിക ക്വാട്ടയാണ് ഭൂപേഷ് ബാഗെല്‍ സര്‍ക്കാരിന്റെ ആത്യന്തിക പദ്ധതി. അങ്ങനെ വന്നാല്‍ സംവരണം 80% കടന്നേക്കാം. 2012ലെ ബി.ജെ.പി സര്‍ക്കാര്‍ ഉത്തരവിലേതിനേക്കാള്‍ വളരെ കൂടുതലാണിത്. 32% എസ്.ടിക്കും 12% എസ്.സിക്കും 14% ഒ.ബി.സിക്കുമായിരുന്നു അന്നത്തെ തീരുമാനം. ആ ഉത്തരവ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ചോദ്യംചെയ്‌തോടെയാണ് സെപ്തംബര്‍ 19ന് കോടതി അത് റദ്ദാക്കിയത്. അതോടെ സംവരണ ക്വാട്ടകള്‍ സാങ്കേതികമായി 2012ന് മുമ്ബുള്ള ആകെ 50% (ആദിവാസികള്‍ക്ക് 20%, പട്ടികജാതിക്കാര്‍ക്ക് 16%, ഒ.ബി.സികള്‍ക്ക് 14%) എന്ന നിലയിലേക്ക് തിരിച്ചുവരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular