Thursday, April 25, 2024
HomeKeralaവിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാന്‍ പിണറായി ; വൈദീകന് വികൃത മനസ്സെന്ന് ഗോവിന്ദന്‍

വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കാന്‍ പിണറായി ; വൈദീകന് വികൃത മനസ്സെന്ന് ഗോവിന്ദന്‍

കേരളാ പോലീസ് നിഷ്‌ക്രിയരാണെന്നും പരാജയമാണെന്നും അതുകൊണ്ട് വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നുമുള്ള
അദാനിയുടെ ആവശ്യത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഴിഞ്ഞം സമരത്തെ അടിച്ചമര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാകുന്ന സര്‍ക്കാരിനെയാണ് കോടതിയില്‍ കണ്ടത്.

വിഴിഞ്ഞത്ത് ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കേരള സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നിര്‍മാണം തടസപ്പെടുകയാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറമുഖ നിര്‍മാണ കരാര്‍ കമ്പനിയായ ഹോവെ എന്‍ജിനീയറിങ് പ്രോജക്ട് എത്തിക്കുന്ന നിര്‍മാണ സാമഗ്രഹികള്‍ പ്രതിഷേധക്കാര്‍ തടയുകയാണെന്നും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇത് ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും അവര്‍ വാദിച്ചു. ഇതേ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

വിഴിഞ്ഞത്തെ വൈദികന് വികൃത മനസ്സെന്ന് സിപിഎം

വിഴിഞ്ഞം സമരമുഖത്തുള്ള വൈദീകരെ ആക്ഷേപിച്ച് സിപിഎം, മന്ത്രി വി. അബ്ദുറഹിമാനെതിരെ തീവ്രവാദി പരാമര്‍ശം നടത്തിയ വൈദീകന് വികൃത മനസ്സാണെന്നും ഇതാണ് വാക്കുകളിലൂടെ പുറത്ത് വന്നതെന്നും ഇതിനെ നാക്കു പിഴയെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും സിപിഎം.

സിപിഎം സംസ്ഥാന നേതൃയോഗത്തിന് ശേഷം സെക്രട്ടറി എം.വി. ഗോവിന്ദനാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരത്തിന് പിന്നിലെ വര്‍ഗീയ അജണ്ടയ്ക്ക് കീഴടങ്ങില്ലെന്നും സമരം നിര്‍ത്തിയാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത് കേന്ദ്ര സേനയെ വിളിക്കുന്നതില്‍ തെറ്റില്ലെന്നു പറഞ്ഞ എം.വി. ഗോവിന്ദന്‍ വ്യവസായ സംരക്ഷണം കേന്ദ്ര സേനയുടെ ഉത്തരവാദിത്വമാണെന്നും ക്രമസമാധാനം തകര്‍ന്നത് കൊണ്ടല്ല കേന്ദ്ര സേനയെ വിളിക്കുന്നതെന്നും പറഞ്ഞു. പോലീസ് സ്റ്റേഷന്‍ ആക്രമണം ആസൂത്രിതമായിരുന്നുവെന്നും വിഴിഞ്ഞത്ത് നടന്നത് കലാപ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷവും മാധ്യമങ്ങളും വിമോചനസമരമോഹം ഉള്ളില്‍ താലോലിക്കുന്നവരെന്ന് എംബി. രാജേഷ്

വിഴിഞ്ഞം സമരക്കാര്‍ക്കും വൈദീകര്‍ക്കും പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. വ്യാജ പുരോഹിത വേഷക്കാരെ തിരിച്ചറിയണമെന്നും പ്രതിപക്ഷവും മാധ്യമങ്ങളും വിമോചന സമരം സ്വപ്നം കണ്ട് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്നും രാജേഷ് തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു

എബി രാജേഷിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഒരു പേരിലെന്തിരിക്കുന്നുവെന്ന് ഷേക്‌സ്പിയര്‍. ഒരു പേരുകൊണ്ട് മാത്രം ഒരാളെ തീവ്രവാദിയാക്കാമെന്ന് പുരോഹിത വേഷം ധരിച്ച ഒരു മാന്യദേഹം. പൗരത്വ സമരത്തില്‍ പങ്കെടുത്തവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഓര്‍ക്കുന്നില്ലേ? അതുതന്നെ ഈ പുരോഹിത വേഷധാരിയുടെയും മനോഭാവം. വസ്ത്രവും പേരും മാത്രം നോക്കി മനുഷ്യരെ, അവരിനി മന്ത്രിമാരായാലും തീവ്രവാദിയെന്നും രാജ്യദ്രോഹിയെന്നും ക്രൂരമായി ചിത്രീകരിക്കുന്ന മനോനില എന്താണ്? എത്രമാത്രം അപരവിദ്വേഷവും വെറുപ്പുമാണ് ഇത്തരക്കാരുടെ മനസ്സിലും നാവിലും വിളയുന്നത്? ഈ വെറുപ്പും പകയും മാത്രം നുരയുന്ന മനോഭാവത്തിന് മുകളില്‍ മറയായി ഉപയോഗിച്ച് തിരുവസ്ത്രത്തെ നിന്ദിക്കുകയാണിക്കൂട്ടരെന്ന് വിശ്വാസികള്‍ തിരിച്ചറിയണം. ഉത്തരേന്ത്യയില്‍ പലയിടത്തും വസ്ത്രവും പേരുമൊക്കെ നോക്കി സംഘപരിവാര്‍ ആക്രമിക്കുമ്പോള്‍ അതിനിരയാകുന്നവരില്‍ തങ്ങള്‍ക്കൊപ്പമുള്ളവരുമുണ്ടെന്ന് മതനിരപേക്ഷ കേരളത്തിന്റെ സുരക്ഷയില്‍ നെഗളിക്കുന്ന വ്യാജ പുരോഹിത വേഷക്കാരെ യഥാര്‍ത്ഥ വിശ്വാസികള്‍ ഓര്‍മിപ്പിക്കണം. ഇനി പുരോഹിത വേഷം ധരിച്ച വേറൊരാള്‍ ആഹ്വാനം ചെയ്യുന്നത് പോലീസ് സ്റ്റേഷന്‍ കത്തിക്കാനാണ്. അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്‍ കത്തിച്ച കാര്യം അയാള്‍ ഓര്‍മിപ്പിക്കുന്നു. പിന്നാലെ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നു. 40 പൊലീസുകാരെ ഗുരുതരമായി പരിക്കേല്‍പ്പിക്കുന്നു. കലാപവും അഴിച്ചുവിടുന്നു.
നമ്മുടെ പ്രതിപക്ഷവും മാധ്യമങ്ങളും സ്വീകരിച്ച സമീപനം എന്തായിരുന്നു? പേരുകൊണ്ട് മാത്രം ഒരാളെ തീവ്രവാദിയെന്ന് വിളിച്ചതിനെ പ്രതിപക്ഷത്തെ ഏതെങ്കിലുമൊരു നേതാവ് അപലപിച്ചോ? അവരെല്ലാം മൗനം കൊണ്ട് ആ വിഷലിപ്തമായ വാക്കുകള്‍ക്ക് അടിയൊപ്പ് ചാര്‍ത്തിയില്ലേ? ധാര്‍മിക കപടനാട്യങ്ങള്‍ പുലര്‍ത്തുന്നതില്‍ മത്സരിക്കാറുള്ള പത്രങ്ങളേതെങ്കിലും നാടിന് തീകൊടുക്കുന്ന ആ വാക്കുകളെയും പ്രവൃത്തിയെയും അപലപിച്ചോ? അഞ്ചുതെങ്ങ് പോലീസ് സ്റ്റേഷന്‍ കത്തിച്ചത് ആവര്‍ത്തിക്കാനുള്ള ആഹ്വാനങ്ങള്‍ ബ്രേക്കിംഗ് ന്യൂസ്, വെണ്ടയ്ക്കാ തലക്കെട്ട് , നിശാ ചര്‍ച്ച, കാര്‍ട്ടൂണ്‍, മുഖപ്രസംഗം എന്നിവക്ക് ഏതിലെങ്കിലും വിഷയമായോ? ഈയടുത്ത ഒരു ദിവസം സ്തോഭജനകമായ ബ്രേക്കിംഗ് ന്യൂസ് ഇങ്ങനെയായിരുന്നു-‘ ഭീഷണിയുമായി ഡി വൈ എഫ് ഐ നേതാവ്’. ആരാണ് നേതാവ്? പഞ്ചായത്ത് തലത്തിനും താഴെയുള്ള മേഖലാ സെക്രട്ടറി. ഭീഷണി ഇതാണ്, ‘ ജോലി കഴിഞ്ഞു പോകുമ്പോള്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകരൊക്കെ ഇവിടെ കാണുമെന്ന്’ പറഞ്ഞത്രേ. പോലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന് പറഞ്ഞ ളോഹാധാരിയേക്കാള്‍ വലിയ ഭീഷണിയാണല്ലോ. പ്രായത്തിന്റെ അവിവേകം കൊണ്ട് കോളേജ് കുട്ടികള്‍ എഴുതിയ ബാനറിനെതിരെ എമണ്ടന്‍ മുഖപ്രസംഗമെഴുതിയും കാര്‍ട്ടൂണ്‍ വരച്ചും കമ്യൂണിസ്റ്റ് വിരുദ്ധ സായൂജ്യമടഞ്ഞവരാണ് നാടിന് തീകൊളുത്താന്‍ ആഹ്വാനം ചെയ്ത അക്രമികള്‍ക്കൊപ്പം മൗനം കൊണ്ടും അല്ലാതെയും നിലയുറപ്പിക്കുന്നത്. നിഷ്പക്ഷരാണ് പോലും നിഷ്പക്ഷര്‍. കാപട്യങ്ങളുടെ കൊടുമുടിയില്‍ പാര്‍ക്കുന്നവരാണീ മാധ്യമങ്ങള്‍. അന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് പറഞ്ഞ പരിഷകള്‍ തന്നെ ഇന്ന് വിഴിഞ്ഞം പൂട്ടണമെന്ന് പറഞ്ഞ് കലാപം അഴിച്ചുവിടുന്ന അതേ കാപട്യം.

വിഴിഞ്ഞത്തെ കലാപാഹ്വാനക്കാരെ ലജ്ജയില്ലാതെ പിന്തുണക്കുന്ന പ്രതിപക്ഷവും മാധ്യമങ്ങളും വിമോചനസമര സ്വപ്നം ഉള്ളില്‍ താലോലിക്കുന്നവരാണ്. വിഴിഞ്ഞത്തു നിന്ന് പടരുന്ന അഗ്നിയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിക്കാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നവരാണ്. പ്രശ്നം ലജ്ജയുടേതല്ല. വര്‍ഗ വിരോധത്തിന്റേതാണ്. ലജ്ജയല്ല അവരെ നയിക്കുന്നത്, കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയമാണ്. അവര്‍ വിഴിഞ്ഞത്ത് സ്വപ്നം കണ്ടത് ഒരു നന്ദിഗ്രാമാണ്. അതാഘോഷിക്കാന്‍ കാത്തുനിന്നതാണ്. പക്ഷെ അവരോര്‍ക്കണം, ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തെന്നു കരുതി എപ്പോഴും ചക്കയിടാന്‍ നടക്കരുതെന്ന്.

Vizhinjam issue CPM Pinarayi Vijayan MV Govindhan

ജോബിന്‍സ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular