Thursday, April 25, 2024
HomeIndia'കുഞ്ഞിനു ജന്മം നല്‍കുന്നതില്‍ അവസാന വാക്ക് അമ്മയുടേത്'; 33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

‘കുഞ്ഞിനു ജന്മം നല്‍കുന്നതില്‍ അവസാന വാക്ക് അമ്മയുടേത്’; 33 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കുഞ്ഞിനെ പ്രസവിക്കുന്ന കാര്യത്തില്‍ അമ്മയുടെ തീരുമാനമാണ് അന്തിമമെന്ന് ഡല്‍ഹി ഹൈക്കോടതി. 33 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി തേടി യുവതി നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ഉത്തരവ്.

പരിശോധനയില്‍ കുഞ്ഞിനു മാനസിക വളര്‍ച്ചാ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി, ഇരുപത്തിയാറുകാരിയായ യുവതി ആശുപത്രിയെ സമീപിച്ചത്. എന്നാല്‍ 33 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കാത്ത സാഹചര്യത്തില്‍ ആശുപത്രി അധികൃതര്‍ ഇതിനു തയാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ഇന്ത്യന്‍ നിയമ പ്രകാരം ഇത്തരമൊരു ഗര്‍ഭവുമായി മുന്നോട്ടുപോവാണോയെന്ന് ആത്യന്തികമായി തീരുമാനിക്കേണ്ടത് സ്ത്രീ തന്നെയാണെന്ന് കോടതി പറഞ്ഞു. ഗര്‍ഭം അലസിപ്പിക്കണോ അതോ കുഞ്ഞിനെ പ്രസവിക്കണോയെന്നെല്ലാം അമ്മയാണ് തീരുമാനിക്കേണ്ടത്. അമ്മയുടെ തിരുമാനമാണ് അന്തിമം. അമ്മയുടെ തീരുമാനവും കുഞ്ഞിനു അന്തസ്സോടെ ജീവിക്കാനുള്ള സാധ്യതയുമാണ്, ഈ കേസില്‍ പരിഗണിച്ചതെന്ന് കോടതി വ്യക്തമാക്കി.

ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പൂര്‍ണമല്ലാത്ത റിപ്പോര്‍ട്ടാണ് മെഡിക്കല്‍ ടീം നല്‍കിയിരിക്കുന്നതെന്ന് കോടതി പറഞ്ഞു. വൈകല്യമുണ്ടെങ്കിലും കുഞ്ഞ് ജീവിക്കുമെന്നാണ് ആശുപത്രി കോടതിയെ അറിയിച്ചത്. കുഞ്ഞിനു സാധാരണ ജീവിതം നയിക്കാനാവുമോയെന്ന് ഉറപ്പില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം രാംമനോഹര്‍ ലോഹ്യ ആശുപത്രിയിലോ മറ്റേതെങ്കിലും ആശുപത്രിയിലോ ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് കോടതി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular