Monday, February 6, 2023
HomeUSAനന്ദി പറഞ്ഞ് ഷിബു ഫിലിപ്പോസ് പൊലീസ് ഡെപ്യൂട്ടി ചീഫായി സ്ഥാനമേറ്റു

നന്ദി പറഞ്ഞ് ഷിബു ഫിലിപ്പോസ് പൊലീസ് ഡെപ്യൂട്ടി ചീഫായി സ്ഥാനമേറ്റു

മേരിലാൻഡ്: വിനയവും തമാശയും ചേർന്ന വികാര നിർഭരമായ പ്രസംഗത്തോടെ ഷിബു ഫിലിപ്പോസ് മേരിലാൻഡിലെ ടക്കോമ പാർക്ക് പൊലീസ് വകുപ്പിന്റെ ഡെപ്യൂട്ടി ചീഫായി സ്ഥാനമേറ്റു.
നഗരത്തിന്റെ മേയർ  ടെലിഷ സിയർസി, പോലീസ് ചീഫ് അന്റോനോയോ ഡിവോൾ, കുടുംബാംഗങ്ങൾ, ഏതാനും മലയാളി പോലീസ് ഓഫീസർമാർ എന്നിവരും സ്ഥാനാരോഹണ ചടങ്ങിൽ  പങ്കെടുത്തു.

നഗരത്തിന്റെ പതിനെട്ടാമത്തെ മേയറായിരുന്ന സാൻഡി അബ്ദുല്ല ആബട്ടിന്റെ പേരിലുള്ള ഈ കെട്ടിടത്തിൽ വച്ച് സ്ഥാനമേൽക്കുന്നതിൽ പ്രത്യേക സന്തോഷമുണ്ടെന്ന്  അദ്ദേഹം പറഞ്ഞു. അനീതിയെ എതിർക്കുകയും സിവിൽ റൈറ്സ് പ്രസ്ഥാനത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു  അദ്ദേഹം. ന്യു യോർക്കിൽ സിറിയൻ ക്രിസ്ത്യൻ അഭയാർഥികളുടെ പുത്രനായാണ് അദ്ദേഹം ജനിച്ചത്. തന്റെ വിശ്വാസവും സിറിയൻ ക്രിസ്ത്യൻ വേരുകളുള്ളതാണ്. വാഷിംഗ്ടൺ ഡിസിയിലെ മാർത്തോമ്മാ മലങ്കര സിറിയൻ ചർച്ചിലെ അംഗമാണ് താൻ. നൂറ്റാണ്ടുകൾക്കു മുൻപ് സിറിയൻ ചർച്ചിൽ നിന്നാണ് തങ്ങളുടെ പൂർവികരുടെ ആത്‌മീയതക്ക് അടിസ്ഥാനമിട്ടത്.  കേരളത്തിൽ നിന്ന് വന്ന ഒരു കുടിയേറ്റക്കാരൻ  ഇന്ന് ഈ രീതിയിൽ നിങ്ങളുടെ മുൻപാകെ നിൽക്കുന്നതിൽ ആബട്ട് അഭിമാനിക്കുന്നുണ്ടാകും.

കേരളീയ സമൂഹത്തെ സംബന്ധിച്ചു  ഇത്   ചരിത്രപരമായ ഒരു മുഹൂർത്തമായിരിക്കും. കുടിയേറ്റക്കാർ തടസങ്ങൾ എങ്ങനെ നീക്കം ചെയ്തു മുന്നേറുന്നു എന്നതിന് തെളിവായി ഇതിനെ  കാണാം. ടക്കോമ പാർക്ക് നഗരമാണ് ഇത് സാധിതമാക്കിയയത്. അമേരിക്കൻ  ഡ്രീം ഒരു യാഥാർഥ്യമായി മാറാൻ നഗരം വഴിയൊരുക്കി.

തന്റെ നിയമന  വാർത്ത അറിഞ്ഞ  ഉടനെ ഒട്ടേറെ പേർ  അഭിനന്ദിക്കുകയും ഇത് തികച്ചും അർഹമാണെന്നു പറയുകയുമുണ്ടായി. ഇത്തരമൊരു സ്ഥാനലബ്ധിക്കായി ഞാൻ ഏറെ അധ്വാനിച്ചിട്ടില്ല എന്ന് പറയുന്നില്ല. എന്നാൽ അവസരവും നീതിപൂർണമായ സാഹചര്യവും തനിക്കു മറ്റുള്ളവർ നല്കിയെന്നത് പ്രധാനമാണ്. നാം ഒന്നും കൊണ്ടല്ല ഈ ജീവിതത്തിലേക്ക് വരുന്നത്. നഗ്നരും വിശക്കുന്നവരുമായാണ് നാം പിറന്നു വീഴുന്നത്. എനിക്ക് വസ്ത്രം തരാനും ഭക്ഷണം  നൽകാനും ചിലർ തയ്യാറായി. എന്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ അവർ എഒരുങ്ങി നിന്നു. നാം വലിയ മനുഷ്യരുടെ തോളിലാനാണ് നിൽക്കുന്നത്.  അവർ നൽകിയ കരുതലിലാണ് ഞാൻ ഇന്ന് നിങ്ങളുടെ മുൻപിൽ നിൽക്കാൻ പ്രാപ്തനായത്.

ജീവിതത്തിലാണെങ്കിലും പൊലീസിംഗിലാണെങ്കിലും മറ്റുള്ളവരുടെ ജീവിതത്തെ കരുതുന്നവരാകണം നാം.  അവർക്ക് ഭക്ഷണം  നൽകാനും വസ്ത്രം നൽകാനും ജീവിതത്തിൽ ഉയർന്നു വരാനും  സഹായവുമായി എത്തണമെന്നതാണ് തന്റെ വിശ്വാസം.

നഗരത്തിലെ മികച്ച പോലീസ് ചീഫിനും മറ്റു സഹപ്രവർത്തകർക്കും ഒപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ, സന്തോഷമുണ്ട്.

ഈ ചടങ്ങിൽ എന്റെ മാതാപിതാക്കൾ  എത്തിയെന്നതിൽ ഏറെ സന്തോഷമുണ്ട്. ഞാൻ ഇന്ന് ആരായിരിക്കുന്നോ അതിനെല്ലാം ഉത്തരവാദകൾ അവർ നൽകിയ സ്നേഹവും കരുതലുമാണ്. വിഷമഘട്ടങ്ങളിൽ  എനിക്കു തുണയായി നിന്നത് ഭാര്യ ബീന ഫിലിപ്പോസാണ്. ആ പിന്തുണ കൂടാതെ ഞാൻ ഒന്നുമാകുമായിരുന്നില്ല. ഞങ്ങളുടെ മക്കൾ മൂന്ന്  പേരും തന്റെ സഹോദരിയും ഇവിടെയുണ്ട്-  അദ്ദേഹം പറഞ്ഞു.

പിതാവ് ജോൺ ഫിലിപ്പോസ് (അയിരൂർ), മാതാവ്  ഏലിയാമ്മ ഫിലിപ്പോസ് (കീക്കൊഴൂർ) എന്നിവർ സദസിനെ അഭിവാദ്യം ചെയ്തു.
ഭാര്യ ബീന ഫിലിപ്പോസ് ഫാർമസിസ്റ്റ്  ആണ്.  മക്കൾ  ഡാനിയേൽ, ദിവ്യ, ധന്യ.  ഭാര്യയുടെ അമ്മയും പങ്കെടുത്തു.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ (എ എം എൽ ഇ യു) പ്രസിഡന്റ് തോമസ് ജോയി,ചീഫ്  മൈക്ക് കുരുവിള , ഷിക്കാഗോ പോലീസ് ഡിപ്പാർട്മെന്റിലെ സാർജന്റ്  ഉമ്മൻ സ്ലീബ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 25 വർഷക്കാലമായി നിയമപരിപാലന രംഗത്ത് സ്തുത്യർഹമായ സേവനം നൽകുന്നതിനുള്ള അംഗീകാരം കൂടിയാണ് ഷിബു ഫിലിപ്പോസിന്റെ  ഈ നേട്ടം. 1997-ൽ ആണ് യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് ഡിപ്പാർട്മെന്റിൽ (യുഎംപിഡി ) അദ്ദേഹം ചേർന്നത്. പട്രോൾ ഓഫീസർ, ഫീൽഡ് ട്രെയിനിങ് ഓഫീസർ, പട്രോൾ കമാൻഡർ, സ്പെഷ്യൽ ഓഫീസർ കമാൻഡർ എന്നീ സ്ഥാനങ്ങളിലും മികച്ച രീതിയിൽ പ്രവർത്തിച്ചു.

ഡെപ്യുട്ടി ചീഫ് ത്രീ-സ്റ്റാർ റാങ്കാണ്.   വിരമിക്കുമ്പോൾ അദ്ദേഹത്തിന് ക്യാപ്റ്റൻ റാങ്ക് ലഭിക്കും.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിന്റെ (എ എം എൽ ഇ യു) സ്ഥാപക അംഗവും വൈസ് പ്രസിഡന്റുമാണ്. മേരിലാൻഡ് നാഷണൽ ക്യാപിറ്റൽ പാർക്ക് ആൻഡ് പ്ലാനിംഗ് കമ്മീഷൻസ് ഡൈവേഴ്സിറ്റി കൗൺസിൽ അംഗമായും പ്രവർത്തിക്കുന്നു.

സാമൂഹിക സേവനത്തിനുള്ള ട്രൈസ്റ്റേറ്റ് കേരള ഫോറം അവാർഡ്, പാർക്ക് പൊലീസ് ഓഫീസർ ഓഫ് ദി ഇയർ പുരസ്കാരം, സിൽവർ സ്റ്റാർ ബഹുമതി എന്നിവയും ഷിബു ഫിലിപ്പോസ്  സ്വന്തമാക്കിയിട്ടുണ്ട്.

ക്രിമിനോളജിയിലും ക്രിമിനൽ ജസ്റ്റിസിലും യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡിൽ നിന്ന് ബിരുദം നേടി. മാനേജ്‌മന്റ് വിത്ത്   ക്രിമിനൽ ജസ്റ്റിസ് സ്പെഷ്യലൈസേഷൻ   മാസ്റ്റേഴ്സ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular