Friday, March 29, 2024
HomeKeralaമോൻസൻ മാവുങ്കൽ തട്ടിപ്പ് - ആ മാധ്യമ പ്രവര്‍ത്തകന് ഇത്രയധികം പണം എങ്ങനെ കിട്ടി?

മോൻസൻ മാവുങ്കൽ തട്ടിപ്പ് – ആ മാധ്യമ പ്രവര്‍ത്തകന് ഇത്രയധികം പണം എങ്ങനെ കിട്ടി?

കൊച്ചിയിലെ പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി ആളുകളാണ് തട്ടിപ്പിന് ഇരയായത് എന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.  മോൻസൺ മാവുങ്കലിന് എതിരെ ഓരോ ദിവസവും പുതിയ പരാതികൾ ഉയർന്നു വരുന്നുണ്ട്. ഉന്നത ബന്ധങ്ങളാണ് ഇയാൾക്കുള്ളത് എന്ന് ഇതിനകം വ്യക്തമായിരുന്നു.

ഇതിന് പിന്നാലെയാണ് സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച രംഗത്തുവന്നത്. യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണ കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടത്.

ശബരിമല വിഷയം ഉൾപ്പെടെയുള്ളവയിൽ ഒരു മാധ്യമപ്രവർത്തകൻ പുറത്തുവിട്ട വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ചർച്ച ആയിരുന്നു. ഈ വിഷയത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.

ശബരിമല വിഷയത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾ ചിലരുമായി ചേർന്നു ഗൂഢാലോചന നടത്തി എന്ന് പ്രഫുൽ കൃഷ്ണ ആരോപിച്ചു. കൊച്ചിയിലെ ഈ മാധ്യമ പ്രവർത്തകന് ഇത്രയധികം പണം എങ്ങനെ കിട്ടി എന്നും അദ്ദേഹം ചോദിച്ചു. സംഭവം അടിമുടി ദുരൂഹം ആണെന്ന് പറഞ്ഞ പ്രഭുൽ കൃഷ്ണ ഇക്കാര്യത്തിൽ പ്രത്യേക അന്വേഷണം വേണം എന്നും ആവശ്യപ്പെട്ടു.

മോൻസൺ മാവുങ്കലിന്റെ ഇടപാടുകളിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.

മുൻ ഡി.ജി.പി. ലോക്നാഥ് ബെഹ്റയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ ഇതിനകം പുറത്തുവന്നതാണ്. അതുകൊണ്ടുതന്നെ സംസ്ഥാന പോലീസ് അന്വേഷിച്ചാൽ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ പുറത്തു വരില്ല എന്നും യുവമോർച്ച ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന് പ്രഭുൽ കൃഷ്ണ വ്യക്തമാക്കി. കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്ഥാനം തന്നെ ആവശ്യപ്പെടണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഭുൽ കൃഷ്ണ വ്യക്തമാക്കി.

കേന്ദ്ര അന്വേഷണം നടത്താൻ മുഖ്യമന്ത്രി തന്നെ കേന്ദ്രസർക്കാറിനോട്‌ രേഖാമൂലം ആവശ്യപ്പെടണം എന്നും  യുവമോർച്ച വ്യക്തമാക്കി.

ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും പുറത്തുവരുന്ന വിവരം അനുസരിച്ച് മോൻസൺ മാവുങ്കലിന് കോടിക്കണക്കിന് രൂപയുടെ പണമാണ് എത്തിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ അക്കൗണ്ടിൽ 200 രൂപ മാത്രമാണ് ഉള്ളത് എന്നാണ് പറയുന്നത്. ബാക്കി പണം എവിടെ പോയി എന്ന് കണ്ടെത്തണം എന്നും യുവമോർച്ച ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിമുടി ദുരൂഹത നിലനിൽക്കുന്നതായും യുവമോർച്ച ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ ഭരണത്തിൽ ഇടപെടുന്നത് അവതാരങ്ങൾ  ആണെന്നും യുവമോർച്ച വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ കീഴിൽ ആണ് ഇത്തരം അവതാരങ്ങൾ വരുന്നത്. നാട്ടിൽ ഇന്റലിജൻസ് സംവിധാനം ഉറങ്ങുകയാണോ എന്നും യുവമോർച്ച നേതാക്കൾ പരിഹസിച്ചു.

ബെഹ്റക്കും മോൻസണും തമ്മിൽ ഉള്ള ഇടപാടുകൾ അന്വേഷിക്കണം  എന്നും യുവമോർച്ച ആവശ്യപ്പെട്ടു. അനിത പുല്ലയിലിന് പോലീസുകാരുമായുള്ള ബന്ധം അന്വേഷിക്കണം. ഹവാല ഇടപാടുകളിൽ അനിതക്കുള്ള പങ്ക് അന്വേഷിക്കണം എന്നും യുവമോർച്ച നേതാക്കൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ ശക്തമായ സമര പരിപാടികൾ നടത്തും
എന്നും യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഭുൽ കൃഷ്ണ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഖിൽ രവീന്ദ്രൻ ഉൾപ്പെടെയുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular