Thursday, March 28, 2024
HomeCinemaകിട്ടിയോ? ഇല്ല, ചോദിച്ചു മേടിച്ചു ബാലയ്‌ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍

കിട്ടിയോ? ഇല്ല, ചോദിച്ചു മേടിച്ചു ബാലയ്‌ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നടന്‍ ബാല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിന് പിന്നാലെ തെളിവുകള്‍ നിരത്തി ഉണ്ണിമുകുന്ദന്‍.

ആരോപണങ്ങള്‍ നിഷേധിക്കുകയാണെന്ന് വ്യക്തമാക്കിയതിന് ശേഷമായിരുന്നു സിനിമയിലെ നടനും നിര്‍മ്മാതാവുമായ ഉണ്ണിമുകുന്ദന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തെളിവുകള്‍ നിരത്തിയത്.

സുഹൃത്തില്‍ നിന്നും അതീവ ഗുരുതരമായ ആരോപണം ഉയര്‍ന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ ഉണ്ണിമുകുന്ദന്‍ ബാലയുടെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ബാലയ്‌ക്ക് പ്രതിഫലം നല്‍കിയതിന്റെ തെളിവുകള്‍ പങ്കുവെച്ച്‌ ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് .

സിനിമയുടെ അസിസ്റ്റന്റ് ക്യാമറമാനായ എല്‍ദോ ഐസക്കിന് പ്രതിഫലം കിട്ടിയില്ലെന്ന ആരോപണത്തിനും ഉണ്ണിമുകുന്ദന്‍ തെളിവുകളിലൂടെ മറുപടി നല്‍കി. നടന്‍ ബാലയ്‌ക്ക് രണ്ട് ലക്ഷം രൂപയും എല്‍ദോ ഐസക്കിന് ഏഴ് ലക്ഷവും കൈമാറിയതിന്റെ ബാങ്ക് ഡീറ്റെയ്ല്‍സ് നിര്‍മ്മാതാവായ ഉണ്ണിമുകുന്ദന്‍ പങ്കുവച്ചു. ബാലയ്‌ക്കും എല്‍ദോയ്‌ക്കും പലതവണയായി പണം അയച്ചത് വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റായിരുന്നു പോസ്റ്റില്‍ അടങ്ങിയിരിക്കുന്നത്.

നേരത്തെ വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു വിവാദ വിഷയത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചത്. ബാലയ്‌ക്ക് വേണ്ടിയല്ല മറുപടി നല്‍കുന്നതെന്നും മറിച്ച്‌ തന്നെ സ്‌നേഹിക്കുന്നവര്‍ സത്യം തിരിച്ചറിയണം എന്നുള്ളതുകൊണ്ടാണ് വിവാദത്തില്‍ പ്രതികരിക്കുന്നതെന്നും നടന്‍ വ്യക്തമാക്കി.

പ്രതിഫലം വേണ്ടെന്ന് പറഞ്ഞ് അഭിനയിച്ച ബാലയ്‌ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയതിന് ശേഷം ബാല ഡിമാന്റുമായി മുന്നോട്ടു വന്നു. സോഷ്യല്‍ മീഡിയയില്‍ ഫെയ്മസ് ആണെന്ന് പറഞ്ഞായിരുന്നു കൂടുതല്‍ പണം ആവശ്യപ്പെട്ടത്. ട്രോളുകളില്‍ വരുന്നു എന്നത് കൊണ്ട് പണം കൂടുതല്‍ നല്‍കണമെന്നുള്ള ആവശ്യം മലയാള സിനിമയിലില്ലെന്നും താങ്ങാന്‍ കഴിയുന്ന തുക ആയിരുന്നെങ്കില്‍ ഒരുപക്ഷെ വീണ്ടും പണം നല്‍കുമായിരുന്നുവെന്നും ഉണ്ണി മുകുന്ദന്‍ പ്രതികരിച്ചു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം തന്നില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ബാല ഒരു അഭിമുഖത്തില്‍ ആരോപിച്ചത്. തുടര്‍ന്ന് വിവാദങ്ങള്‍ ശക്തമായതോടെ നിര്‍മ്മാതാവായ ഉണ്ണിമുകുന്ദന്‍ വിശദീകരണവുമായി നേരിട്ട് രംഗത്തെത്തുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular