Friday, April 26, 2024
HomeCinemaമമ്മൂട്ടി സിനിമ എത്തിയിട്ട് അമ്പതുവര്‍ഷം

മമ്മൂട്ടി സിനിമ എത്തിയിട്ട് അമ്പതുവര്‍ഷം

മലയാളികളെ ത്രസിപ്പിച്ച മഹാനടന്‍
സിനിമയില്‍ മുഖം കാണിച്ചിട്ടു 50 ആണ്ട്

തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച മമ്മൂട്ടി എന്ന മഹാനടന്റെ മുഖം വെള്ളിത്തിരയില്‍ തെളിഞ്ഞിട്ട് 50 ആണ്ട്. നിരവധി വേഷപ്പകര്‍ച്ചകളില്‍ മലയാളികളെ ത്രസിപ്പിച്ച മലയാളികളുടെ സ്വന്തം മമ്മൂട്ടി ഇന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. ഇന്നും അഭിനയിക്കാനുള്ള കൊതി അടങ്ങാത്ത ഒരു നടനെയാണ് മമ്മൂട്ടിയില്‍ ദര്‍ശിക്കുന്നതെന്നു സിനിമ അണിയറക്കാര്‍ വിലയിരുത്തുന്നു. ആദ്യചിത്രത്തില്‍ തന്നെ സത്യനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചതിന്റെ അനുഗ്രഹം എവിടെയും എടുത്തു പറയാന്‍ മടിക്കാത്ത നടനാണ് മമ്മൂട്ടി. ആദ്യചിത്രത്തില്‍ സത്യന്റ കാല്‍തൊട്ടു വണങ്ങി അനുഗ്രഹം വാങ്ങി സിനിമയിലേക്കു കാലെടുത്തു വച്ചതു വെറുതെയായില്ലെന്നു കാലം തെളിയിക്കുന്നു. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഓഗസ്റ്റ് ആറാം തിയ്യതിയാണ് മമ്മൂട്ടി എന്ന നടന്‍ ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്.

തോപ്പില്‍ഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ആ ചിത്രത്തില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. അമ്പത് വര്‍ഷങ്ങള്‍ ഓര്‍മിക്കാനും ചിന്തിക്കാനും ധാരാളം അവസരങ്ങള്‍ നല്കിയ ചിത്രങ്ങളില്‍ അഭിനയിച്ചു.അദ്ദേഹം അഭിനയിക്കാത്ത കഥാപാത്രങ്ങള്‍ കാണില്ല. തൃശൂര്‍ക്കാരന്‍ പ്രാഞ്ചിയേട്ടന്‍, കോട്ടയത്തുകാരന്‍ കുഞ്ഞച്ചന്‍, വടക്കന്‍ വീരഗാഥയിലെ ചന്തു, ‘തിരോന്തരം’ മലയാളം പറയുന്ന രാജമാണിക്യം, ലൗഡ് സ്പീക്കറിലെ തോപ്രാംകുടിക്കാരന്‍ ഫിലിപ്പോസ്, ചട്ടമ്പിനാടിലെ പാതി മലയാളിയും പാതി കന്നടക്കാരനുമായ മല്ലയ്യ, പാലേരിമാണിക്യത്തിലെ മുരിക്കന്‍കുന്നത്ത് അഹമ്മദ് ഹാജി, വിധേയനിലെ ഭാസ്‌കരപട്ടേലര്‍, അമരത്തിലെ അച്ചൂട്ടി, കമ്മത്ത് & കമ്മത്തിലെ രാജ രാജ കമ്മത്ത്, പുത്തന്‍ പണത്തിലെ നിത്യാനന്ദ ഷേണായി എന്നിങ്ങനെ നീളുകയാണ് ആ ലിസ്റ്റ്. ജീവനുള്ള കഥാപാത്രങ്ങളായി സിനിമയില്‍ നിറഞ്ഞു നില്‍ക്കാനുള്ള കഴിവിന്റെ ഉടമയാണ് മമ്മൂട്ടി.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്‌കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്‌കാരവും), ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്‌കാരങ്ങള്‍.
കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പോലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകര്‍ച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

പക്ഷേ, കടന്നുവന്ന അഞ്ചു പതിറ്റാണ്ടുകളോ കഥാപാത്രങ്ങളോ ഒന്നും മമ്മൂട്ടി എന്ന നടന് അഭിനയത്തോടുള്ള അഭിനിവേശം കെടുത്തുന്നില്ല. ഇപ്പോഴും സിനിമയെന്നാല്‍ മമ്മൂട്ടിയ്ക്ക് ഒരു വികാരമാണ്. ലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍സ്റ്റാര്‍ ഉണ്ടാവില്ല. ലാല്‍ജോസും അമല്‍ നീരദും ആഷിക് അബുവും അന്‍വര്‍ റഷീദുമൊക്കെയായി പല കാലങ്ങളിലായി എഴുപതിലേറെ പുതുമുഖസംവിധായകരാണ് മമ്മൂട്ടി ചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തിയത്. സിനിമയുടെ വലിയ കോട്ടവാതിലുകള്‍ക്കപ്പുറത്ത് പകച്ച് നിന്നിരുന്ന ഈ നവാഗതര്‍ക്കൊക്കെ മമ്മൂട്ടിയെന്ന നടന്‍ നല്‍കിയ ആത്മവിശ്വാസം ചെറുതല്ല.

ഏറ്റെടുക്കുന്ന വേഷങ്ങളോട് ഈ നടന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത, ഏത് മേഖലയിലുള്ളവര്‍ക്കും കണ്ട് പഠിക്കാവുന്നതാണ്. കലാപാരമ്പര്യത്തിന്റെ തഴമ്പുകളില്ലാതെയെത്തിയ പി.ഐ.മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി പിന്നെ മമ്മൂക്കയാക്കി മനസ്സില്‍ ഫ്രെയിം ചെയ്ത് വയ്ക്കുന്നതില്‍ നിന്നറിയാം മലയാളികള്‍ക്ക് അദ്ദേഹത്തോടുള്ള സ്‌നേഹം. കഠിനാധ്വാനമാണ് മമ്മൂട്ടിയുടെ വിജയരഹസ്യം. കഥാപാത്രങ്ങള്‍ക്കു വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും മടിക്കാത്ത നടന്‍.

1951ന് സെപ്റ്റംബര്‍ 7ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്ന സ്ഥലത്ത്, ഒരു സാധാരണ കുടുംബത്തില്‍ ഇസ്മയിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടാണ് മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയുടെ ജനനം. കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മാറിയ അദ്ദേഹം, സെന്റ് ആല്‍ബര്‍ട്ട് സ്‌കൂള്‍, ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, മഹാരാജാസ് കോളജ്, എറണാകുളം ഗവ. ലോ കോളേജ് എന്നിവിടങ്ങിളില്‍ നിന്നായി പഠനം പൂര്‍ത്തിയാക്കി. നിയമപഠനത്തിന് ശേഷം രണ്ട് വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷകനായി ജോലി നോക്കി. 1980ലായിരുന്നു സുല്‍ഫത്തുമായുളള വിവാഹം.

‘അനുഭവങ്ങള്‍ പാളിച്ചകളില്‍’ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ ‘കാലചക്രം’ എന്ന സിനിമയിലാണ്. 1980ല്‍ ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’ എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്പോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്റെ ‘മേള ‘എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

Johnson Vengathadam

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular