Saturday, July 27, 2024
HomeKeralaകൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ല; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ഇല്ല; രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതി

പാലാ: വിദ്യാര്‍ഥിനി ക്യാംപസിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചില്ല എന്ന് സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ റെവ. ഡോ. ജെയിംസ് ജോണ്‍ മങ്കലത്ത്. “ഏകദേശം പതിനൊന്നരയോടെ സെക്യൂരിറ്റി വിളിച്ച് പറഞ്ഞപ്പോളാണ് സംഭവം അറിയുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികള്‍ ആരും തന്നെ ഇല്ല. അസ്വഭാവികത തോന്നിയതോടെയാണ് മറ്റ് കുട്ടികള്‍ ഓടിയെത്തിയതും സംഭവം കണ്ടതും,” പ്രിന്‍സിപ്പാള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“സംഭവം അറിഞ്ഞയുടനെ തന്നെ ഞങ്ങളെത്തുകയും വിദ്യാര്‍ഥിനിയെ സമീപത്തുള്ള മരിയന്‍ സെന്റര്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന സമയത്ത് ജീവനുണ്ടായിരുന്നു. പക്ഷെ ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ മരിക്കുകയായിരുന്നു. കൊലപാതകം നടത്തിയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിട്ടില്ല, കൂളായി ഇവിടെ തന്നെ ഇരിക്കുകയായിരുന്നു. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു,” ഡോ. ജെയിംസ് മങ്കലത്ത് കൂട്ടിച്ചേര്‍ത്തു.

“രണ്ട് വര്‍ഷത്തോളമായി ഓണ്‍ലൈന്‍ ക്ലാസാണ് നടക്കുന്നത്. കുട്ടികള്‍ നിലവില്‍ ക്യാംപസില്‍ ഇല്ലാത്ത സാഹചര്യമാണ്. ഇരുവരും പ്രണയത്തിലായിരുന്നോ എന്നതില്‍ അറിവില്ല. ഇത്തരത്തില്‍ ഒരു പരാതിയൊ ഒന്നും ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ അത്തരമൊരു സംശയം ഉന്നയിക്കാന്‍ എനിക്കാവില്ല,” പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. ബിരുദ പരീക്ഷയ്ക്ക് ശേഷമാണ് സംഭവം. വൈക്കം കളപ്പുരയ്ക്കലില്‍ നിതിനമോളാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഇരുവരും ഫുഡ് ടെക്നോളജി വിദ്യാര്‍ഥികളാണ്. അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

RELATED ARTICLES

STORIES

Most Popular