Friday, March 29, 2024
HomeGulfലോകകപ്പ് വിജയാഘോഷം; നുഴഞ്ഞുകയറിയ ഷെഫിന് വിലക്ക്

ലോകകപ്പ് വിജയാഘോഷം; നുഴഞ്ഞുകയറിയ ഷെഫിന് വിലക്ക്

ദുബൈ: അര്‍ജന്‍റീനന്‍ ടീമിന്‍റെ വിജയാഘോഷം നടക്കുന്നതിനിടെ ഗ്രൗണ്ടില്‍ നുഴഞ്ഞുകയറി താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ദുബൈയിലെ സെലിബ്രിറ്റി ഷെഫ് സാള്‍ട്ട് ബേക്ക് വിലക്ക്.

യു.എസ് ഓപണ്‍ കപ്പ് ഫൈനലില്‍നിന്നാണ് പാചക വിദഗ്ധന്‍ കൂടിയായ സാള്‍ട്ട് ബേയെ വിലക്കിയത്. ലയണല്‍ മെസ്സി, എയ്ഞ്ചല്‍ ഡി മരിയ, റൊമേരോ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സാള്‍ട്ട് ബേയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

ലോകകപ്പ് ട്രോഫിയുമേന്തി നില്‍ക്കുന്ന ചിത്രങ്ങളും ഇയാള്‍ പുറത്തുവിട്ടിരുന്നു. താരങ്ങളുടെ മെഡല്‍ കടിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇതിനെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് നടപടി.

ടര്‍ക്കിഷ് പാചക വിദഗ്ധനായ സാള്‍ട്ട് ബേ ദുബൈ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 49 ദശലക്ഷം ഫോളോവേഴ്സുള്ള സാള്‍ട്ട് ബേക്ക് ഗ്രൗണ്ടില്‍ കയറാന്‍ അനുമതിയുണ്ടായിരുന്നില്ല. മെസ്സി ഉള്‍പ്പെടെയുള്ള താരങ്ങളുടെ പിറകെ സെല്‍ഫി എടുക്കുന്നതിനായി നടക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 20 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന 18 കാരറ്റ് സ്വര്‍ണട്രോഫി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ തൊടാന്‍ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുന്‍ ജേതാക്കള്‍ക്കും രാഷ്ട്രത്തലവന്മാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും വിജയികള്‍ക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും കൈവശം വെക്കാനും അനുവാദമുള്ളൂ.

താരങ്ങളുടെ കുട്ടികള്‍ക്കൊപ്പം നിന്നും ഇയാള്‍ ചിത്രം എടുക്കുന്നുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, ഫിഫ പ്രസിഡന്‍റ് ഇന്‍ഫന്‍റീനോ തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1914ല്‍ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രസിദ്ധവുമായ സോക്കര്‍ ടൂര്‍ണമെന്‍റായ യു.എസ് ഓപണ്‍ കപ്പില്‍ നിന്നാണ് ഇപ്പോള്‍ സാള്‍ട്ട് ബേയെ വിലക്കിയത്. അമേരിക്കയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്‍റ് കൂടിയാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular