Wednesday, April 24, 2024
HomeCinemaലോകസിനിമയിലെ അവതാരം: അവതാര്‍ സിനിമയുടെ രണ്ടാം ഭാഗവുമായി ജെയിംസ് കാമറുണ്‍ വീണ്ടും വിസ്‌മയിപ്പിക്കുന്നു

ലോകസിനിമയിലെ അവതാരം: അവതാര്‍ സിനിമയുടെ രണ്ടാം ഭാഗവുമായി ജെയിംസ് കാമറുണ്‍ വീണ്ടും വിസ്‌മയിപ്പിക്കുന്നു

ലോകസിനിമയിലെ വമ്ബന്‍ അവതാരമാണ് കനേഡിയന്‍ സംവിധായകനായ ജെയിംസ് കാമറുണ്‍. തിരക്കഥാക‌‌ൃത്ത്, എഡിറ്റര്‍, നിര്‍മ്മാതാവ്,ഡോക്യുമെന്ററി സംവിധായകന്‍, ഫോട്ടോഗ്രാഫര്‍, സാങ്കേതിക വിദഗ്ദ്ധന്‍…സിനിമയുടെ സര്‍വമേഖലകളിലും കൈയൊപ്പ് ചാര്‍ത്തിയ പ്രതിഭ.

പ്രണയവും, ചരിത്രവും, കോമഡിയും ആക്‌ഷനും സയന്‍സ് ഫിക്‌ഷനും ഒരുപോലെ വഴങ്ങുന്ന സംവിധായകന്‍.
കലയും കച്ചവടവും സമന്വയിപ്പിച്ച്‌ ബോക്സോഫീസില്‍ കോടികള്‍ വാരുന്ന ബ്രഹ്മാണ്ഡ സിനിമകളുടെ സ്രഷ്‌ടാവ്. ഓസ്‌കാ‌ര്‍ ജേതാവ്. നാഷണല്‍ ജ്യോഗ്രഫിക്കിന്റെ സമുദ്ര പര്യവേക്ഷകന്‍. ടെലിവിഷന്‍ അവതാരകന്‍. പരിസ്ഥിതി സ്നേഹി.

സിനിമയുടെ ആധികാരികതയ്ക്ക് ഏതറ്റം വരെയും പോകും. ടൈറ്റാനിക് സിനിമയുടെ തയ്യാറെടുപ്പുകളുടെ ഭാഗമായി പന്ത്രണ്ട് തവണ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഡൈവിംഗ് പര്യവേക്ഷണം. ഭൂമിയിലെ ഏറ്റവും ആഴമുള്ള ( 36,000 അടി, 11,000 മീറ്റര്‍ ) സമുദ്രഗര്‍ത്തമായ പസിഫിക് സമുദ്രത്തിലെ മരിയാന ട്രെഞ്ചില്‍ ഡീപ് സീ ചലഞ്ചര്‍ എന്ന മിനി അന്തര്‍വാഹിനിയില്‍ ഒറ്റയ്‌ക്ക് പോയ സാഹസികന്‍.
അറുപത്തിയെട്ടാം വയസിലും ഉറവ വറ്റാത്ത സര്‍ഗപ്രതിഭ. കുട്ടിക്കാലം മുതല്‍ വായിച്ചു കൂട്ടിയ സയന്‍സ് ഫിക്‌ഷനുകളില്‍ നിന്നെല്ലാം പ്രചോദനം കൊണ്ട് സൃഷ്‌ടിച്ച അവതാര്‍ സിനിമയുടെ രണ്ടാം ഭാഗവുമായി ജെയിംസ് കാമറുണ്‍ ലോക സിനിമയെ വീണ്ടും വിസ്‌മയിപ്പിക്കുന്നു.

സയന്‍സ് ഫിക്‌ഷനാണ് കാമറുണിന്റെ ഇഷ്ടമേഖല. ഭാവനയും ശാസ്‌ത്രവും വിഷ്വല്‍ എഫക്ടും മായികമായ ഫോട്ടോഗ്രാഫിയും സംഗീതവും സമന്വയിപ്പിക്കുന്ന സിനിമകള്‍ പ്രേക്ഷകരെ ശാസ്‌ത്രത്തിന്റെ ഭാവനാലോകത്ത് അഴിച്ചുവിടും. മനുഷ്യ രാശി ഭാവിയില്‍ എങ്ങോട്ട് പോകുന്നു എന്ന കലാപരമായ അന്വേഷണമാണ്
ആ സിനിമകള്‍. ദ ടെര്‍മിനേറ്റര്‍, ഏലിയന്‍സ്, ദ അബിസ്, അവതാര്‍ ഒന്നും രണ്ടും എന്നിവ ശാസ്‌ത്ര ഭാവനയിലെ എക്കാലത്തെയും എണ്ണം പറഞ്ഞ സിനിമകളാണ്.

സ്റ്റോറി ഒഫ് സയന്‍സ് ഫിക്‌ഷന്‍ എന്ന കാമറുണിന്റെ ടെലിവിഷന്‍ പരമ്ബരയും പ്രശസ്തമാണ്. ഇത്തരം സിനിമകളുടെ ഉസ്താദുമാരായ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റിഡ‌്ലി സ്കോട്ട്, ജോര്‍ജ് ലൂക്കാസ്, സിഗൂര്‍ണി വീവര്‍ (ഏലിയന്‍, അവതാര്‍ സിനിമകളിലെ നടി ) തുടങ്ങിയവരുമായുള്ള കാമറുണിന്റെ ഇന്റര്‍വ്യൂകള്‍ സയന്‍സ് ഫിക്‌ഷന്‍ സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്.

ഷോര്‍ട്ട് ഫിലിമിലൂടെ തുടക്കം

1978ല്‍ സീനോജനിസിസ് എന്ന സയന്‍സ് ഫിക്‌ഷന്‍ ഷോര്‍ട്ട് ഫിലിമിലൂടെയാണ് കാമറുണിന്റെ തുടക്കം. 1982ല്‍ പിരാന 2 ആദ്യ ഫീച്ചര്‍ സിനിമ.1984ല്‍ ദ ടെര്‍മിനേറ്റര്‍ പരമ്ബരയിലെ ആദ്യ സിനിമ കാമറുണിന്റെ അവതാരമായി. ശരീരത്തിനുള്ളില്‍ ഘടിപ്പിച്ച കമ്ബ്യൂട്ടറും യാന്ത്രിക അവയവങ്ങളും അമാനുഷിക കഴിവുകള്‍ നല്‍കുന്ന ഒരു സൈബോര്‍ഗ് കൊലയാളി കാലത്തിലൂടെ പിന്നോട്ട് സഞ്ചരിച്ച്‌ (2029ല്‍ നിന്ന് 1984ലേക്ക്) ദൗത്യം നിറവേറ്റുന്നതാണ് പ്രമേയം. സയന്‍സ് ഫിക്‌ഷന്‍ ആക്‌ഷന്‍ സിനിമ.
റോമില്‍ പിരാനയുടെ റിലീസിനിടെ പനിപിടിച്ചു കിടന്നപ്പോള്‍ കണ്ട ഒരു സ്വപ്നത്തില്‍ നിന്നാണ് ടെര്‍മിനേറ്ററിന്റെ പിറവി. പിന്നെ ഏലിയന്‍സ് ( 1986 ), ടെര്‍മിനേറ്റര്‍ – 2 (1991 ), ട്രൂ ലൈസ് ( 1994 ).

പ്രണയത്തിന്റെ കടലാഴങ്ങള്‍

1997ല്‍ ടൈറ്റാനിക് എന്ന അതിമനോഹരമായ സിനിമയുമായി കാമറുണ്‍ പ്രേക്ഷക ഹൃദയം ഉരുക്കി. കന്നിയാത്രയില്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിനെ ഒരു പ്രണയ ദുരന്തത്തിന്റെ കണ്ണീര്‍ക്കടലില്‍ കൂടി മുക്കിയ ചലച്ചിത്ര കാവ്യമാണ് ആ സിനിമ. മികച്ച സിനിമയ്‌ക്കും സംവിധായകനും ഉള്‍പ്പെടെ എട്ട് ഓസ്‌കാര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടി.
ടൈറ്റാനിക്കിന്റെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷിക്കാന്‍ ഫെബ്രുവരിയില്‍ പ്രണയിനികളുടെ വാലന്റൈന്‍സ് ദിനത്തില്‍ ഫോര്‍ കെ പതിപ്പായി വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് കാമറുണ്‍.
ഉത്തര അറ്റ്ലാന്റിക് സമുദ്രത്തില്‍ 12,000 അടി (3700 മീറ്റര്‍ ) ആഴത്തില്‍ ദ്രവിച്ചു കിടന്ന ടൈറ്റാനിക്ക് അദ്ദേഹം മൂവികാമറയില്‍ പകര്‍ത്തി. ആ ദൃശ്യങ്ങള്‍ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. ഈ പര്യവേക്ഷണങ്ങള്‍ക്ക് ശേഷമാണ് ടൈറ്റാനിക്കിന്റെ തിരക്കഥ എഴുതിയത്. 1,500ലേറെ പേര്‍ മരിച്ച ദുരന്തത്തിന്റെ സ്‌മാരകമായ ടൈറ്റാനിക്കിലേക്കുള്ള യാത്രകള്‍ കാമറുണിനെ വൈകാരികമായി ഉലച്ചിരുന്നു.

വിശദാംശങ്ങള്‍ക്കും വസ്തുതകള്‍ക്കും ആധികാരികത നിര്‍ബന്ധമാണ്. ടൈറ്റാനിക്കിലെ നായകന്‍ ജാക്കും നായിക റോസും കടലില്‍ ഒരു പലകയില്‍ പിടിച്ചു കിടക്കുന്ന രംഗത്ത് ആകാശത്തിലെ നക്ഷത്ര സമൂഹങ്ങള്‍ കൃത്യമല്ലെന്ന് മനസിലാക്കിയ അദ്ദേഹം 2012ല്‍ ആ ദൃശ്യങ്ങള്‍ മാറ്റി സിനിമ വീണ്ടും റിലീസ് ചെയ്‌തു.

റോസ് കിടന്ന പലകയില്‍ ഒരാള്‍ക്കു കൂടി സ്ഥലമുണ്ടായിട്ടും ജാക്കിനെ മരണത്തിന് വിട്ടു കൊടുത്തെന്ന പ്രേക്ഷക ദുഃഖം സിനിമ റിലീസ് ചെയ്‌തപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. 25 വര്‍ഷത്തിന് ശേഷം കാമറുണ്‍ ഫോറന്‍സിക് പരീക്ഷണത്തിലൂടെ സിനിമയുടെ ക്ലൈമാക്സിന് ന്യായീകരണം കണ്ടെത്തി. ജാക്കിന്റെയും റോസിന്റെയും ശരീരഭാരത്തിന് തുല്യ ഭാരമുള്ള രണ്ട് സ്റ്റണ്ട് മാസ്റ്റര്‍മാരെ ശരീരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച്‌, അറ്റ്ലാന്റിക് സമുദ്രത്തിന്റെ കൃത്രിമ അന്തരീക്ഷം സൃഷ്‌ടിച്ചായിരുന്നു പരീക്ഷണം. പലകയില്‍ റോസിന് മാത്രമേ സ്ഥലം ഉണ്ടായിരുന്നുള്ളൂ.
ജാക്ക് കൂടി കയറിയാല്‍ രണ്ട് പേരും മുങ്ങും. സിനിമ മരണത്തിന്റെയും വേര്‍പാടിന്റെയും കഥയാണ്. ജാക്ക് മരിച്ചേ മതിയാവൂ. അതൊരു കലാപരമായ തീരുമാനം കൂടിയായിരുന്നു.

അവതാര്‍
കാമറുണിന്റെ ഇതിഹാസ മാനമുള്ള സിനിമയാണ് 2009ല്‍ ഇറങ്ങിയ അവതാര്‍. ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലാണ് കഥ നടക്കുന്നത്. ആല്‍ഫ സെന്റോറി നക്ഷത്രസമൂഹത്തില്‍ ഹരിത സമൃദ്ധമായ പണ്ടോര എന്ന ഉപഗ്രഹത്തില്‍ യൂണോബ്ടേണിയം എന്ന അമൂല്യധാതു ഖനനം ചെയ്യാന്‍ മനുഷ്യന്‍ കുടിയേറുന്നു. ആ അധിനിവേശം മനുഷ്യ സാമ്യമുള്ള ( ഹ്യൂമനോയിഡ് ) നാവി എന്ന തദ്ദേശ ഗോത്രസമൂഹത്തിന് ഭീഷണിയാവുന്നതും അവരുടെ അതിജീവനത്തിന്റെ പോരാട്ടവുമാണ് സിനിമ. നാവി ഗോത്രത്തിന് വേണ്ടി ആയിരം വാക്കുകളുള്ള ഒരു ഭാഷ തന്നെ സൃഷ്‌ടിച്ചു.അവതാറിന് നാല് ഭാഗങ്ങളുണ്ടാവും. അതില്‍ രണ്ടാമത്തേതാണ് ഇപ്പോള്‍ തിയറ്ററുകളില്‍ എത്തിയ അവതാര്‍ -ദ വേ ഒഫ് വാട്ടര്‍. നാലാം ഭാഗം 2028ല്‍ റിലീസാവും.അവതാറും ടൈറ്റാനിക്കും എക്കാലത്തെയും കളക്‌ഷന്‍ റെക്കാഡുകള്‍ ഭേദിച്ച ചിത്രങ്ങളാണ്. അവതാര്‍ 291 കോടി ‌ഡോളറും ടൈറ്റാനിക് 219 കോടി ഡോളറുമാണ് നേടിയത്
നാഷണല്‍ ജ്യോഗ്രഫിക്കു വേണ്ടി ഗോസ്‌റ്റ്‌സ് ഒഫ് ദി അബിസ്, ഏലിയന്‍സ് ഒഫ് ദ ഡീപ് തുടങ്ങി നിരവധി പ്രശസ്തമായ സയന്‍സ് ഫിക്‌ഷന്‍ ഡോക്യുമെന്ററികളും കാമറുണ്‍ സംവിധാനം ചെയ്‌തിട്ടുണ്ട്.

ജനനം 1954 ആഗസ്റ്റ് 16
 അഞ്ച് തവണ വിവാഹിതനായി
 ഇപ്പോഴത്തെ ഭാര്യ സൂസി അമിസ്
 മൂന്നാം ഭാര്യ സംവിധായിക കാതറിന്‍ ബിഗലോവ്
കാതറിന്റെ ഹര്‍ട്ട് ലോക്കര്‍ കാമറുണിന്റെ അവതാറിനെ പിന്തള്ളി മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular