Friday, April 19, 2024
HomeGulfയുക്രെയ്ന് സഹായമായി 2500 ജനറേറ്ററുകള്‍ അയക്കും

യുക്രെയ്ന് സഹായമായി 2500 ജനറേറ്ററുകള്‍ അയക്കും

ദുബൈ: യുക്രെയ്നിലെ യുദ്ധബാധിത മേഖലകളിലെ സാധാരണക്കാരെ സഹായിക്കാനായി യു.എ.ഇ 2500 ഇലക്ട്രിക് ജനറേറ്ററുകള്‍ അയക്കും.

റഷ്യ യുദ്ധം ആരംഭിച്ച ശേഷം രാജ്യത്തിന്‍റെ വിവിധ മേഖലകള്‍ കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ സാഹചര്യം കൂടുതല്‍ പ്രയാസകരമായത് പരിഗണിച്ചാണ് ഗാര്‍ഹികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ജനറേറ്ററുകള്‍ അയക്കാന്‍ തീരുമാനിച്ചത്. 3.5 മുതല്‍ എട്ട് കിലോവാട്ടുവരെ പവര്‍ ഔട്ട്പുട്ടുള്ള ജനറേറ്ററുകളാണ് യു.എ.ഇ നല്‍കുന്നത്. പ്രയാസകരമായ സാഹചര്യത്തില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് ഇത് വലിയ ആശ്വാസം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യപ്പെടുന്ന രാജ്യത്തിന്‍റെ നയത്തിന്‍റെ ഭാഗമായാണ് സഹായം എത്തിക്കുന്നതെന്ന് യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷിമി പറഞ്ഞു. പ്രതിസന്ധിയുടെ മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യമാണ് പദ്ധതിക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1,200 ജനറേറ്ററുകള്‍ ശനിയാഴ്ച പോളണ്ട് തലസ്ഥാനമായ വാര്‍സോയിലേക്ക് കൊണ്ടുപോകും. ബാക്കിയുള്ളവ ജനുവരിയിലാണ് കൈമാറാന്‍ പദ്ധതിയിടുന്നത്. യുക്രെയ്നില്‍ 100 മില്യന്‍ ഡോളറിന്‍റെ മാനുഷിക സഹായം വിതരണം ചെയ്യുമെന്ന് ഒക്ടോബറില്‍ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് ജനറേറ്ററുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും നടപ്പിലാക്കുന്നത്. ജൂണില്‍ ബള്‍ഗേറിയയിലും പോളണ്ടിലും അഭയം തേടിയ യുക്രെയിനികള്‍ക്കും സഹായം എത്തിച്ചിരുന്നു. ഒക്ടോബറില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എല്ലാ മാനുഷിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular