Thursday, March 28, 2024
HomeGulf'മത്സരം' മുറുകുന്നു, പുത്തന്‍ താരോദയങ്ങള്‍ക്കുവേണ്ടി

‘മത്സരം’ മുറുകുന്നു, പുത്തന്‍ താരോദയങ്ങള്‍ക്കുവേണ്ടി

ദോഹ: അടര്‍ക്കളമടങ്ങി. താരകുമാരന്മാര്‍ മടങ്ങി. ലോകകപ്പിന്റെ ആളും ആരവങ്ങളും പെയ്തൊഴിഞ്ഞു. ഒടുവില്‍, വാക്കിലും നോക്കിലും മനസ്സിലുമൊക്കെ നിറയുന്നത് ഈ മണ്ണിലെ തകര്‍പ്പന്‍ പ്രകടനങ്ങളാണ്.

അധികമാരുമറിയാതെ വന്ന്, അസാമാന്യ പ്രകടനത്തിലൂടെ എല്ലാവരുടെയും പ്രശംസകള്‍ക്കു നടുവില്‍ വിരാജിച്ച പന്താട്ടക്കാരാണ് ഏതു ലോകകപ്പിന്റെയും ഹരങ്ങളിലൊന്ന്. അത്തരത്തില്‍ ഒരുപാടുപേരുണ്ടായിരുന്നു ഖത്തറില്‍. വിശ്വമേള പടിയിറങ്ങുമ്ബോള്‍ വില്‍പനക്കമ്ബോളത്തില്‍ അവര്‍ക്ക് ഡിമാന്‍ഡേറുകയായി. അങ്ങനെയുള്ള ഒരുപാട് പുത്തന്‍ താരോദയങ്ങളില്‍ ലോകോത്തര ക്ലബുകള്‍ പണച്ചാക്കുകളുമായി ക്യൂ നില്‍ക്കുന്ന പത്തു താരങ്ങളെ പരിചയപ്പെടാം…

1. എന്‍സോ ഫെര്‍ണാണ്ടസ്

അര്‍ജന്റീന തോല്‍വിയറിയാതെ 36 മത്സരങ്ങളില്‍ മുന്നേറുമ്ബോള്‍ എന്‍സോ ഫെര്‍ണാണ്ടസിനെ ലോക ഫുട്ബാളില്‍ അധികമാരും അറിഞ്ഞിരുന്നില്ല. എന്നാല്‍, സൗദി അറേബ്യയോട് ആദ്യ കളി തോറ്റ അര്‍ജന്റീന അടുത്ത കളിയില്‍ മെക്സികോക്കെതിരെ ജയിച്ചുകയറിയപ്പോള്‍ എന്‍സോ താരമായി. ഡിഫന്‍സിനും അറ്റാക്കിങ്ങിനുമിടയിലെ കണക്ഷന്‍ അത്ര സമര്‍ഥമായാണ് ഈ ബെന്‍ഫിക്ക താരം വിളക്കിച്ചേര്‍ത്തത്. മൈതാനത്തിന്റെ ഫൈനല്‍ തേഡില്‍ ലയണല്‍ മെസ്സിയുടെ നീക്കങ്ങള്‍ക്ക് ഊര്‍ജം പകരുകയും പ്രതിരോധശ്രമങ്ങള്‍ക്ക് കരുത്തേകുകയും ചെയ്ത എന്‍സോ അര്‍ജന്റീനയുടെ കിരീടധാരണത്തില്‍ വഹിച്ച പങ്ക് അത്രയേറെയാണ്. ടൂര്‍ണമെന്റിലുടനീളം, ടീമിന്റെ മധ്യനിരയില്‍ വിയര്‍ത്തുകളിച്ച 21കാരന്‍, ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരവുമായി.

റയല്‍ മഡ്രിഡ്, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്സനല്‍ തുടങ്ങി ലോക ഫുട്ബാളിലെ വന്‍തോക്കുകള്‍ മിക്കതും എന്‍സോ ഫെര്‍ണാണ്ടസിന് പിന്നാലെയുണ്ട്. 12 കോടി യൂറോയാണ് ബെന്‍ഫിക്ക വില ചോദിക്കുന്നത്.

2. സുഫിയാന്‍ അംറബത്

ഈ ലോകകപ്പിന്റെ വിസ്മയസംഘമായ മൊറോക്കന്‍ നിരയുടെ മധ്യനിരയില്‍ അംറബത്തായിരുന്നു താരം. ഖത്തറില്‍ ഏറ്റവും കൂടുതല്‍ ടാക്ലിങ് നടത്തിയ കളിക്കാരില്‍ ഒരാളായ ഫിയോറന്റീനയുടെ ഈ ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്‍നിര ക്ലബുകളുടെ ‘നോട്ടപ്പുള്ളി’യായിക്കഴിഞ്ഞു. ബാഴ്സലോണ, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്‍ലറ്റികോ മഡ്രിഡ്, ടോട്ടന്‍ഹാം തുടങ്ങിയവര്‍ക്ക് ഈ 26കാരനിലൊരു കണ്ണുണ്ട്.

3. ഗോണ്‍സാലോ റാമോസ്

ചരിത്രത്തിലെ മികച്ച കളിക്കാരിലൊരാള്‍ക്ക് പകരംവന്ന് അതിനൊത്ത പ്രകടനം പുറത്തെടുക്കുകയെന്ന വെല്ലുവിളി ഗംഭീരമായി മറികടന്നാണ് റാമോസ് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ പ്രീക്വാര്‍ട്ടറില്‍ ഹാട്രിക് നേടിയ 21കാരനെ പോര്‍ചുഗല്‍ കോച്ച്‌ കളത്തിലിറക്കിയത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കരക്കിരുത്തിയായിരുന്നു. ബെന്‍ഫിക്കക്കുവേണ്ടി 45 കളികളില്‍ 20 ഗോളുകള്‍ നേടിയ റാമോസ് ഈ സീസണില്‍ ക്ലബിനുവേണ്ടി 11 ലീഗ് മത്സരങ്ങളില്‍ ഒമ്ബതു തവണ വലകുലുക്കി. റൊണാള്‍ഡോയെ പുറത്താക്കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് റാമോസിനുവേണ്ടിയും ശക്തമായി രംഗത്തുള്ളത്.

4. ജോസ്കോ ഗ്വാര്‍ഡിയോള്‍

തനിക്കെതിരായ ഒരൊറ്റ നീക്കത്തിലൂടെ ലോക ഫുട്ബാളിന്റെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞ താരമാണ് ഗ്വാര്‍ഡിയോള്‍. അര്‍ജന്റീനക്കെതിരായ സെമിയില്‍ ലയണല്‍ മെസ്സിയുടെ തകര്‍പ്പന്‍ കുതിപ്പിന് തടയിടാനാവാതെ പോയതായിരുന്നു അത്. എന്നാല്‍, അതിനു മുമ്ബുതന്നെ ‘ഡിഫന്‍ഡര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ എന്ന വിശേഷണം 20 വയസ്സു മാത്രമുള്ള ക്രൊയേഷ്യക്കാരന്‍ സ്വന്തമാക്കിയിരുന്നു. ടീമിന്റെ ലോകകപ്പിലെ മുഴുവന്‍ മത്സരങ്ങളിലും മുഴുവന്‍ സമയവും കളത്തിലുണ്ടായിരുന്ന ഗ്വാര്‍ഡിയോള്‍ ജര്‍മന്‍ ലീഗില്‍ ലൈപ്സിഷിന്റെ താരമാണ്.

44 റിക്കവറിയുമായി ടൂര്‍ണമെന്റിന്റെ പ്രതിരോധക്കണക്കുകളില്‍ ഒന്നാമന്‍. ഇന്റര്‍സെപ്ഷനുകളുടെ കണക്കില്‍ (എട്ട്) രണ്ടാമതും. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, റയല്‍ മഡ്രിഡ് തുടങ്ങിയവ രംഗത്തുണ്ട്.

5. അലക്സിസ് മക് അലിസ്റ്റര്‍

അര്‍ജന്റീനയുടെ കിരീടത്തിലേക്കുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച താരം. അര്‍ജന്റീന ജയിച്ച ആറു കളികളിലും മക് അലിസ്റ്റര്‍ കളത്തിലുണ്ടായിരുന്നു. മധ്യനിരയില്‍ തകര്‍പ്പന്‍ കളി കെട്ടഴിച്ച 23കാരന്‍ പോളണ്ടിനെതിരെ നിര്‍ണായക ഗോള്‍ നേടുകയും ഫൈനലില്‍ ഏയ്ഞ്ചല്‍ ഡി മരിയക്ക് നിര്‍ണായക ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഒമ്ബതു ടാക്കിളുകള്‍, മൂന്നു ഇന്റര്‍സെപ്ഷനുകള്‍, ഡ്രിബ്ലിങ്ങില്‍ 67 ശതമാനം വിജയം എന്നിവക്കു പുറമെ ഏറ്റവുമധികം പാസുകള്‍ (12) േബ്ലാക്ക് ചെയ്ത കളിക്കാരനുമായി. 89 ശതമാനം പാസുകള്‍ കംപ്ലീറ്റ് ചെയ്തു. അര്‍ജന്റീനോസ് ജൂനിയേഴ്സില്‍നിന്ന് 70 ലക്ഷം പൗണ്ടിനാണ് നാലു വര്‍ഷ കരാറില്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ടീമായ ബ്രൈറ്റണിലെത്തിയത്. ആഴ്സനലാണ് മക് അലിസ്റ്ററെ അണിയിലെത്തിക്കാന്‍ മുന്നിലുള്ളത്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ടോട്ടന്‍ഹാം, അത്‍ലറ്റികോ മഡ്രിഡ് എന്നിവയും താരത്തിനായി രംഗത്തുണ്ട്.

6. ഡൊമിനിക് ലിവാകോവിച്

ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ‘ഗോള്‍ഡന്‍ ഗ്ലൗ’ എമിലിയാനോ മാര്‍ട്ടിനെസ് നേടിയെങ്കിലും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച് അതിനുള്ള മത്സരത്തില്‍ മുന്നില്‍തന്നെയുണ്ടായിരുന്നു. കരുത്തരായ ബ്രസീലിന് ക്വാര്‍ട്ടറില്‍ ഖത്തറില്‍നിന്ന് മടക്കടിക്കറ്റ് നല്‍കിയത് ലിവയുടെ കരങ്ങളായിരുന്നു. 24 സേവുകളാണ് ക്രൊയേഷ്യക്കുവേണ്ടി ടൂര്‍ണമെന്റിലുടനീളം ലിവ നടത്തിയത്. നാലു പെനാല്‍റ്റികളും തടഞ്ഞിട്ടു. ഡൈനാമോ സഗ്രേബിന്റെ ഗോളിയായ 27കാരനെ ചെല്‍സി, ബയേണ്‍ മ്യൂണിക്, ടോട്ടന്‍ഹാം, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തുടങ്ങിയവ നോട്ടമിട്ടിട്ടുണ്ട്.

7. ഔറേലിന്‍ ഷ്വാമെനി

ഫൈനലിലേക്കുള്ള ഫ്രാന്‍സിന്റെ കുതിപ്പില്‍ ഷ്വാമെനിയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ എന്ന ടാഗണിയുമ്ബോഴും മുന്നേറ്റങ്ങള്‍ക്കും ഈ 22കാരന്‍ അകമഴിഞ്ഞ സംഭാവനകള്‍ നല്‍കി. അന്റോണിയോ കാന്റെക്ക് പകരക്കാരനായെത്തിയ റയല്‍ മഡ്രിഡ് താരം കന്നി ലോകകപ്പില്‍ പക്വതയാര്‍ന്ന പ്രകടനമാണ് പുറത്തെടുത്തത്. വരുംകാലങ്ങളില്‍ ഫ്രാന്‍സിന്റെ ഭാവിയിലേക്ക് ഏറെ പ്രതീക്ഷയേകുന്ന താരത്തില്‍ പലരും നോട്ടമെറിയുന്നുണ്ടെങ്കിലും വില്‍ക്കാന്‍ റയല്‍ മഡ്രിഡ് ഒട്ടും ഒരുക്കമല്ല.

8. ജൂഡ് ബെലിങ്ഹാം

യുവതാരങ്ങളുമായി ഖത്തറിലെത്തിയ ഇംഗ്ലീഷ് ടീം ഇക്കുറി പ്രശംസനീയ പ്രകടനമാണ് കാഴ്ചവെച്ചത്. അവരില്‍ പരിചയസമ്ബന്നനായ താരത്തെപ്പോലെ മധ്യനിര നിറഞ്ഞുകളിച്ച ഒരു 19കാരന്‍ ലോക ഫുട്ബാളിന്റെ മുഴുവന്‍ ശ്രദ്ധയുമാവാഹിച്ചു. ജര്‍മന്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്മണ്ടിന് കളിക്കുന്ന ജൂഡ് ബെലിങ്ഹാമായിരുന്നു അത്. ഗോളടിച്ചും അടിപ്പിച്ചും ലോകകപ്പില്‍ തിളങ്ങിയ ബെലിങ്ഹാമിനായി റയല്‍ മഡ്രിഡും ലിവര്‍പൂളും കടുത്ത ‘മത്സര’ത്തിലാണിപ്പോള്‍. റയലിനാണ് സാധ്യത കൂടുതല്‍.

9. ജമാല്‍ മൂസിയാല

ഈ ലോകകപ്പില്‍ ആദ്യറൗണ്ടില്‍തന്നെ തോറ്റുപുറത്തായ ടീമാണ് ജര്‍മനി. എന്നാല്‍, മൂന്നു കളികള്‍കൊണ്ടുതന്നെ അലമാനിയന്‍ സംഘത്തില്‍ കളിയാരാധകരുടെ മനംകവര്‍ന്ന താരമാണ് 19കാരനായ ജമാല്‍ മൂസിയാല.

തകര്‍പ്പന്‍ ഡ്രിബ്ലിങ്ങും മുന്നേറ്റങ്ങളുമായി എതിര്‍ ബോക്സില്‍ നിരന്തരം ഭീതിയുയര്‍ത്തിയ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, ലോക ഫുട്ബാളിന്റെ ഭാവിതാരമാണ് താനെന്ന് ഖത്തറിലെ ആദ്യറൗണ്ട് മത്സരങ്ങളില്‍തന്നെ ലോകത്തെ ബോധ്യപ്പെടുത്തി. ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിന്റെ കുപ്പായമിടുന്ന യുവതാരവുമായി 2026 വരെ ക്ലബ് കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.

സമീപകാലത്തൊന്നും വില്‍ക്കില്ലെന്ന ഉറച്ച തീരുമാനവുമായി ബയേണ്‍ മുന്നോട്ടുപോകുമ്ബോള്‍ പണമെറിഞ്ഞ് മൂസിയാലയെ പിടിക്കാന്‍ റയല്‍ മഡ്രിഡ് ശ്രമിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

10. കോഡി ഗാപ്കോ

നെതര്‍ലന്‍ഡ്സിന്റെ മുന്നണിയില്‍ നിറഞ്ഞുകളിച്ച 23കാരന്‍ ഈ ലോകകപ്പില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ്. ഡച്ച്‌ ഫുട്ബാളിന്റെ ‘നഴ്സറി’യായ പി.എസ്.വി ഐന്തോവനില്‍ വിങ്ങറായാണ് ഗാപ്കോ കളംനിറയുന്നത്. ജനുവരി ട്രാന്‍സ്ഫറില്‍ കൂടുമാറാനൊരുങ്ങുന്ന താരത്തെ തേടി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ശക്തമായി രംഗത്തുണ്ട്. ആഴ്സനല്‍, റയല്‍ മഡ്രിഡ്, ന്യൂകാസില്‍ യുനൈറ്റഡ് എന്നീ ടീമുകളും ഗാപ്കോയില്‍ താല്‍പര്യമുള്ളവരാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular