Sunday, May 19, 2024
HomeUSAഇതിഹാസ മാധ്യമ വനിത ബാർബറ വാൾട്ടേഴ്‌സ് 93 വയസിൽ അന്തരിച്ചു

ഇതിഹാസ മാധ്യമ വനിത ബാർബറ വാൾട്ടേഴ്‌സ് 93 വയസിൽ അന്തരിച്ചു

ദൃശ്യ മാധ്യമ രംഗത്തെ ഇതിഹാസ വനിത ആയിരുന്ന ബാർബറ വാൾട്ടേഴ്‌സ് 93 വയസിൽ അന്തരിച്ചു. അര നൂറ്റാണ്ടു നീണ്ട മധ്യ പ്രവർത്തനത്തിനിടയിൽ നിരവധി അതിർവരമ്പുകൾ തകർത്ത വാൾട്ടേഴ്‌സ് മരണത്തിനു കീഴടങ്ങിയതായി വെള്ളിയാഴ്ച രാത്രി സ്ഥിരം പരിപാടികൾ നിർത്തി വച്ചാണ് അവർ ദീർഘകാലം ജോലി ചെയ്ത എ ബി സി ന്യൂസ് അറിയിച്ചത്.

വാൾട്ടേഴ്‌സിന്റെ ഓഫീസ്‌ പറഞ്ഞു: “ബാർബറ വാൾട്ടേഴ്‌സ് അവരുടെ വീട്ടിൽ സ്വച്ഛമായ മരണം കൈവരിച്ചു. പ്രിയപ്പെട്ടവർ ചുറ്റിലും ഉണ്ടായിരുന്നു.

“ഒരു ഖേദവുമില്ലാതെയാണ് അവർ ജീവിതം പൂർണമാക്കിയത്. അവർ വനിതാ മാധ്യമപ്രവർത്തകർക്കു മാത്രമല്ല, എല്ലാ സ്ത്രീകളും മാർഗദർശി ആയിരുന്നു.”

ലോക പ്രശസ്തരെ കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നതിൽ തെല്ലും മടിയില്ലാത്ത വാൾട്ടേഴ്‌സ് ഫിഡൽ കാസ്ട്രോ മുതൽ വ്ലാദിമിർ പുട്ടിൻ വരെയും റിച്ചാഡ് നിക്‌സൺ മുതൽ മോണിക്ക ലെവിൻസ്കി വരെയും ഉള്ളവരുമായി നടത്തിയ സംഭാഷണങ്ങൾ പ്രസിദ്ധമാണ്. അവർ ഒരിക്കൽ പറഞ്ഞു: “ആരെയെങ്കിലും കൊല്ലാൻ ഉത്തരവിട്ടോ എന്നു ഞാൻ വ്ലാദിമിർ പുട്ടിനോട് ചോദിച്ചു. രേഖപ്പെടുത്താൻ വേണ്ടി, അദ്ദേഹം പറഞ്ഞു: ഇല്ല.”

ബോസ്റ്റണിൽ 1929 സെപ്റ്റംബർ 25 നു നിശാക്ലബ് ഉടമ ലു വാൾട്ടേഴ്‌സിന്റെയും ദേനയുടെയും പുത്രിയായി ജനിച്ച ബാർബറ വാൾട്ടേഴ്‌സ് 1953 ൽ സാറാ ലോറെൻസ് കോളജിൽ നിന്നു ബിരുദമെടുത്ത ശേഷം സി ബി എസിന്റെ പ്രഭാത പരിപാടിയിൽ ചേർന്നു. 1974ൽ അവർ എൻ ബി സിയുടെ ‘ടുഡേ’ പരിപാടി അവതരിപ്പിക്കുന്ന ആദ്യ വനിതയായി. ഗവേഷകയായി എൻ ബി സിയിൽ ചേർന്ന അവർ പടിപടിയായി ഉയരുകയായിരുന്നു. അക്കാലത്തെ മികച്ച റിപ്പോർട്ടുകളിൽ ഒന്ന് പ്രഥമ വനിത ജാക്‌വലിൻ കെന്നഡിയുമൊത്തു സഞ്ചരിച്ചു കൊണ്ടുള്ള ഒന്നായിരുന്നു.

1976 ലാണ് വാൾട്ടേഴ്‌സ് എ ബി സിയിൽ സായാഹ്ന വാർത്ത അവതരിപ്പിക്കാൻ $1 മില്യൺ കരാർ നേടിയത്. ഒരു പ്രമുഖ യുഎസ് ചാനലിൽ സായാഹ്ന പരിപാടി അവതരിപ്പിക്കുന്ന ആദ്യ വനിത എന്നതിനു പുറമെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മാധ്യമ പ്രവർത്തക കൂടിയായി അവർ.

മൂന്നു വർഷം കഴിഞ്ഞു ’20/20′ ലേഖികയായ അവർ 1984 ഹ്യു ഡൗൺസിന്റെ കൂടെ സഹ അവതാരകയായി. കാൽ നൂറ്റാണ്ടാണ് ആ പരിപാടിയിൽ അവർ നിറഞ്ഞു നിന്നത്. 2004ൽ അവർ വിരമിക്കാൻ തീരുമാനിച്ചു.

നാലു തവണ എമ്മിയും ഒരു ലൈഫ്ടൈം അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ വാങ്ങി.

വിരമിച്ച ശേഷം സ്വകാര്യ ജീവിതത്തിലേക്കു പിൻവാങ്ങിയ വാൾട്ടേഴ്‌സ് പുതിയ തലമുറയുടെ വളർച്ചയിൽ വളരെ ഉത്സാഹം കാട്ടി.

നാലു തവണ വിവാഹം കഴിച്ച വാൾട്ടേഴ്‌സ് ഒരിക്കൽ എ ബി സിയോട് പറഞ്ഞു: “ആ പണി എനിക്കത്ര പറ്റിയതല്ല. ഒരു പക്ഷെ ജോലി കൂടുതൽ പ്രധാനമായതു കൊണ്ടാവാം. ഒരു പക്ഷെ എന്റെ കൂടെയുള്ള ജീവിതം അവർക്കു ബുദ്ധിമുട്ടായതു കൊണ്ടാവാം. ഒറ്റയ്ക്കു ജീവിക്കുന്നതാണ് നല്ലതെന്നു തോന്നി. എന്നാൽ ഞാൻ ഏകാകിനിയല്ല.”

മക്കൾ ഉണ്ടായില്ല. 1968 ൽ എടുത്തു വളർത്തിയ ജാക്വെലിൻ മരിക്കുമ്പോഴും മകളായി കൂടെയുണ്ടായിരുന്നു.

Legendary mediaperson Barbara Walters passes away at 93

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular