Monday, May 6, 2024
HomeUSA'പഴുതടച്ച തയ്യാറെടുപ്പുകള്‍; ഇത്തവണ വിജയിക്കും'; ചന്ദ്രയാന്‍ -3 ഈ വര്‍ഷം ഉണ്ടാകുമെന്ന് ISRO

‘പഴുതടച്ച തയ്യാറെടുപ്പുകള്‍; ഇത്തവണ വിജയിക്കും’; ചന്ദ്രയാന്‍ -3 ഈ വര്‍ഷം ഉണ്ടാകുമെന്ന് ISRO

ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ മൂന്നാം ദൗത്യത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ ചന്ദ്രയാന്‍ -3 എന്ന സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ഐഎസ്‌ആര്‍ഒ തീരുമാനിച്ചിരിക്കുന്നത്.

”എല്ലാം തയ്യാറായി. ഉപഗ്രഹം പൂര്‍ണമായും സംയോജിപ്പിച്ചു”, എന്ന് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൗത്യം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, ജൂണ്‍-ജൂലൈയോടു കൂടി വിക്ഷേപണം നടത്താനാണ് തീരുമാനം. ”ആവശ്യമായ എല്ലാ പരിശോധനകളും പൂര്‍ത്തിയായി. ഇനി വിക്ഷേപണത്തിന് ഏറ്റവും നല്ല ദിവസങ്ങള്‍ തിരഞ്ഞെടുക്കണം”, എസ് സോമനാഥ് പറഞ്ഞു. തങ്ങളുടെ ഏറ്റവും ഭാരമേറിയ ലോഞ്ച് വെഹിക്കിളായ GSLV Mk III യും ഐഎസ്‌ആര്‍ഒ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.

ചന്ദ്രയാന്‍ 2 ല്‍ നേടാനാകാതെ പോയ ലക്ഷ്യങ്ങള്‍ കൈവരിക്കുക കൂടിയാണ് ചാന്ദ്രയാന്‍ 3 യുടെ ലക്ഷ്യം. ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാന്‍ഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്ബ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. ചാന്ദ്രയാന്‍ 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായിരുന്നെങ്കില്‍ ബഹിരാകാശ ദൗത്യങ്ങളുടെ കാര്യത്തില്‍ അമേരിക്കക്കും റഷ്യക്കും ചൈനക്കുമൊപ്പം ഇന്ത്യക്കും ഇടം നേടാന്‍ ആകുമായിരുന്നു.

-സിനിമ കാണാന്‍ വരുന്നവര്‍ ഭക്ഷണപാനീയങ്ങള്‍ പുറത്തുനിന്ന് കൊണ്ടുവരുന്നത് തിയറ്ററുടമകള്‍ക്ക് നിയന്ത്രിക്കാമെന്ന് സുപ്രീം കോടതി

”കഴിഞ്ഞ തവണത്തെ വിക്ഷേപണം പരാജയപ്പെട്ടു. ഇത്തവണത്തെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം – ചന്ദ്രനില്‍ സുരക്ഷിതമായ ലാന്‍ഡിംഗ് നടത്തുക, അതുവഴി മറ്റ് വിവരശേഖരണങ്ങള്‍ നടത്തുക തുടങ്ങിയ കാര്യങ്ങളെല്ലാമാണ് സ്വപ്നം”, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 108-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ മുതിര്‍ന്ന ശാസ്ത്രജ്ഞരിലൊരാള്‍ ന്യൂസ് 18 നോട് പറഞ്ഞു.

”റോക്കറ്റ് പറന്നുയര്‍ന്നതിനു ശേഷം ഉണ്ടാകുന്ന വെല്ലുവിളികള്‍ നേരിടാന്‍ ലാന്‍ഡര്‍ അതീവജാഗ്രതയോടെയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, സംഭവിക്കാനിടയുള്ള അല്‍ഗോരിതം പ്രശ്‌നങ്ങള്‍ വരെ അതില്‍ ഉള്‍പ്പെടുന്നു തയ്യാറെടുപ്പുകളെല്ലാം ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു”, എന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു.

ഗഗന്‍യാനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു
ചന്ദ്രയാന്‍-3 ദൗത്യം 2023-ല്‍ പൂര്‍ത്തിയാക്കാനൊരുങ്ങുമ്ബോള്‍ തന്നെ ഗഗന്‍യാന്‍ എന്ന മറ്റൊരു വലിയ ബഹിരാകാശ സ്വപ്നം സാക്ഷാത്കരിക്കുന്നതിലും രാജ്യത്തെ ശാസ്ത്രജ്ഞര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്ര കാലതാമസം നേരിടുകയാണ്. 2022-ല്‍ ആസൂത്രണം ചെയ്ത വിക്ഷേപണം 2024-നു ശേഷമേ ഉണ്ടാകൂ എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

ഗഗന്‍യാന്‍ വലിയൊരു ദൗത്യമാണെന്നും പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്നും ഐഎസ്‌ആര്‍ഒ മേധാവി പറഞ്ഞു. ”ഒരു ഉപഗ്രഹം ബഹിരാകാശത്തേക്ക് അയക്കുന്നതുപോലെയല്ല ഇത്. മനുഷ്യരെ വെച്ച്‌ റിസ്ക് എടുക്കാന്‍ കഴിയില്ല. അതിനാല്‍, ഞങ്ങള്‍ അതീവ ജാഗ്രതയോടെയാണ് ഈ പ്രൊജക്‌ട് മുന്നോട്ടു കൊണ്ടുപോകുന്നത്”, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular