Saturday, April 20, 2024
HomeGulfഖത്തര്‍ ടീം ബസറയില്‍; അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് തുടക്കം

ഖത്തര്‍ ടീം ബസറയില്‍; അറേബ്യന്‍ ഗള്‍ഫ് കപ്പിന് ഇന്ന് തുടക്കം

ദോഹ: 25ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാളിന് ഇറാഖിലെ ബസറയില്‍ ഇന്ന് തുടക്കം കുറിക്കും. ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ഖത്തര്‍ ദേശീയ ടീം കഴിഞ്ഞ ദിവസം ബസറയിലെത്തി.

ഇറാഖിലിറങ്ങിയ ഖത്തര്‍ ദേശീയ ടീമിന് ഊഷ്മള വരവേല്‍പാണ് ലഭിച്ചത്. ഇറാഖ് ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റും സംഘാടക സമിതി ചെയര്‍മാനുമായ അദ്നാന്‍ ദര്‍ജാല്‍, ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ഥാനി എന്നിവരും അറേബ്യന്‍ ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ഫെഡറേഷനും ടീമിനെയും ഒഫീഷ്യലുകളെയും സ്വീകരിക്കാനായി വിമാനത്താവളത്തിലെത്തിയിരുന്നു.

ബസറയിലേക്ക് പോകുന്നതിന് മുമ്ബായി ടൂര്‍ണമെന്‍റിനുള്ള ഖത്തര്‍ ടീം എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കി. ദീര്‍ഘകാലമായി ഖത്തറിനൊപ്പമുണ്ടായിരുന്ന മുന്‍ പരിശീലകന്‍ ഫെലിക്സ് സാഞ്ചസ് പടിയിറങ്ങിയതിന് പിന്നാലെ താല്‍ക്കാലിക പരിശീലകനായ ബ്രൂണോ മിഗ്വേല്‍ പിനേറോയ്ക്ക് കീഴിലാണ് ഖത്തര്‍ പുതുവര്‍ഷത്തില്‍ കളിക്കാനിറങ്ങുക. ആതിഥേയരെന്ന നിലയില്‍ ഖത്തര്‍ ലോകകപ്പില്‍ അരങ്ങേറിയെങ്കിലും ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങി ആദ്യ റൗണ്ടില്‍തന്നെ ഖത്തര്‍ പുറത്തായിരുന്നു.

ശനിയാഴ്ച വൈകീട്ട് 7.15ന് ബസറയിലെ ഒളിമ്ബിക് പോര്‍ട്ട് സ്റ്റേഡിയത്തില്‍ കുവൈത്തിനെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഗ്രൂപ് ബിയില്‍ യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത് എന്നിവര്‍ക്കൊപ്പമാണ് ഖത്തറിന്റെ സ്ഥാനം. ജനുവരി 10ന് നിലവിലെ ചാമ്ബ്യന്മാരായ ബഹ്റൈനെതിരെയാണ് ഖത്തറിന്റെ രണ്ടാം മത്സരം. മൂന്നു തവണ കിരീടം നേടിയ ഖത്തറിന്റെ ഗ്രൂപ്പിലെ അവസാന അങ്കം കരുത്തരായ യു.എ.ഇക്കെതിരെ ജനുവരി 13ന് നടക്കും. ആതിഥേയരായ ഇറാഖിനു പുറമേ, യമന്‍, സൗദി അറേബ്യ, ഒമാന്‍ എന്നിവരാണ് ഗ്രൂപ് എയിലെ മറ്റു ടീമുകള്‍.

കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ മുന്നേറ്റനിരയിലെ പ്രധാനിയായ മുഹമ്മദ് മുന്‍താരിക്ക്, ജനുവരി ആറു മുതല്‍ 19 വരെ ഇറാഖ് വേദിയാകുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് നഷ്ടമാകും. മുതിര്‍ന്ന താരങ്ങളായ ഹസന്‍ അല്‍ ഹൈദൂസ്, അക്രം അഫീഫ്, അല്‍ മുഇസ് അലി, അബ്ദുല്‍ അസീസ് ഹാതിം, ബൂഅലാം ഖൗഖി, ബസാം അല്‍ റാവി, പെഡ്രോ മിഗ്വേല്‍, സഅദ് അല്‍ ശീബ് എന്നിവരെ ഒഴിവാക്കിയാണ് ഗള്‍ഫ് കപ്പിനുള്ള ഖത്തര്‍ ടീമിനെ പ്രഖ്യാപിച്ചത്.

ബസറ ഇന്‍റര്‍നാഷനല്‍, അല്‍ മിന സ്റ്റേഡിയങ്ങളിലായി നടക്കുന്ന അറേബ്യന്‍ ഗള്‍ഫ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി നേരത്തേ അറിയിച്ചിരുന്നു. 2019ല്‍ അവസാനമായി നടന്ന ചാമ്ബ്യന്‍ഷിപ്പില്‍ സൗദി അറേബ്യയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി ബഹ്റൈനാണ് കിരീടത്തില്‍ മുത്തമിട്ടത്. ആതിഥേയരായിരുന്ന ഖത്തറിന് സെമിയില്‍ സൗദി അറേബ്യക്ക് മുന്നില്‍ കാലിടറുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular