Thursday, July 18, 2024
HomeUSAഇന്ത്യ പ്രസ് ക്ലബ്  കോൺഫ്രൻസിൽ മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ - മാധ്യമ...

ഇന്ത്യ പ്രസ് ക്ലബ്  കോൺഫ്രൻസിൽ മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ – മാധ്യമ പ്രവർത്തകരും പങ്കെടുക്കും.

റിപ്പോർട്ട്: അനിൽ മറ്റത്തികുന്നേൽ
ചിക്കാഗോ: നവംബർ 11 മുതൽ 14 വരെ  ഗ്ലെൻവ്യൂ റിനൈസൻസ് ചിക്കാഗോ ഗ്ലെൻവ്യൂ സ്യൂട്ട്സിൽ വച്ച് നടത്തപെടുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്‌ട്ര മീഡിയാ കോൺഫ്രൻസിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും ഉള്ള  പ്രമുഖർ പങ്കെടുക്കും.  കേരളാ ജലസേചനവ വകുപ്പ്  മന്ത്രി റോഷി അഗസ്റ്റിൻ,    കൃഷി മന്ത്രി പി പ്രസാദ്,  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ഉടുമ്പൻചോല  എം എൽ എ എം എം മണി,  പാലാ എം എൽ എ   മാണി സി കാപ്പൻ,  അങ്കമാലി എം എൽ എ റോജി എം ജോൺ, പ്രമുഖ  മാധ്യമ പ്രവർത്തകരായ ജോണി ലൂക്കോസ് (മനോരമ ടിവി), കെ. എന്‍. ആര്‍. നമ്പൂതിരി (ജന്മഭൂമി), സിന്ധു സൂര്യകുമാർ (ഏഷ്യാനെറ്റ്), ഡി പ്രമേഷ്‌കുമാർ (മാതൃഭൂമി ടിവി), നിഷാ പുരുഷോത്തമൻ (മനോരമ ടിവി),  ക്രിസ്റ്റീനാ ചെറിയാൻ (24 ന്യുസ്),  പ്രതാപ് നായർ (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ) ,  കെ ആന്റണി (മീഡിയ  മാനേജ്‌മെന്റ്) തുടങ്ങിയ പ്രമുഖരാണ്  എത്തുന്നത്.
കേരള രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് മധ്യകേരളത്തിൽ സൗമ്യതകൊണ്ടും പ്രവർത്തനം കൊണ്ടും മികവ് തെളിയിക്കുകയും കേരളാകോൺഗ്രസിന്റെ യുവജന പ്രസ്ഥാനമായ യൂത്ത് ഫ്രണ്ടിലൂടെ വളർന്ന് ഇടുക്കി നിയമസഭാ മണ്ഡലത്തെ  വര്ഷങ്ങളായി പ്രതിനിധീകരിക്കുകയും ചെയ്യുന്ന ജനകീയ നേതാവാണ് റോഷി അഗസ്റ്റിൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ മുന്നണിമാറ്റത്തിന് ശേഷവും ഇടുക്കി മണ്ഡലത്തെ ചേർത്ത് നിർത്തിക്കൊണ്ട് മന്ത്രിസഭയിൽ ജലസേചന വകുപ്പിൽ മികച്ച പ്രവർത്തനം നടത്തിവരുന്നു.പിണറായി മന്ത്രിസഭയിലെ സൗമ്യനും കർമ്മ നിരതനുമായ കൃഷി മന്ത്രി പി പ്രസാദ്  വ്യകത്മായ കാഴ്ചപ്പാടുകൾ ഉള്ള ജനനേതാവാണ് . സി പി ഐ  സ്ഥാനാർത്ഥിയായി ചേർത്തല മണ്ഡലത്തെ പ്രതിനിധീകരിച്ച്  നിയമസഭയിൽ എത്തി  മന്ത്രിയായ അദ്ദേഹം കേരളത്തിലെ അറിയപ്പെടുന്ന പരിതസ്ഥിതി പ്രവർത്തകരിൽ ഒരാൾ കൂടിയാണ്.  നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം കേരളത്തിലെ പ്ളാച്ചിമടയുൾപ്പെടെയുള്ള നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

കോൺഗ്രസ്  പാർട്ടിയുടെ പുതു തലമുറയിലെ തീപ്പൊരി നേതാവും പ്രതിപക്ഷ നേതാവുമായ വി ഡി സതീശണ് വലിയ പ്രതീക്ഷകളുണർത്തുന്ന നായകനാണ്. നാലാം തവണയും പറവൂർ നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തിയ കോൺഗ്രസിന്റെ ഈ യുവതാരം പ്രതിപക്ഷ നേതാവായതോടെ പുതിയൊരു താരോദയത്തിന്റെ പ്രതീതിയാണ് ഉണ്ടായിട്ടുള്ളത്. നിയമസഭക്കകത്തും പുറത്തും തീപാറുന്ന പ്രസംഗങ്ങളോടെയും നിലപാടുകളോടെയും ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച   വി ഡി സതീശന്റെ   സാന്നിധ്യം ഏറെ ശ്രദ്ധേയമാകും.

മൂന്ന്  എം എൽ മാർ കൂടിയെത്തുന്നുണ്ട്. സാധാരണക്കാരന്റെ ഭാഷയിൽ സാധാരക്കാരന്  വേണ്ടി ശബ്ദമുയർത്തുന്ന  മുൻ മന്ത്രി  ഉടുമ്പഞ്ചോലയുടെ സ്വന്തം മണിയാശാൻ എന്നറിപ്പെടുന്ന എം.എം. മണി,  പാലായിലെ വിജയത്തോടെ   കേരള രാഷ്ട്രീയത്തിൽ താരപരിവേഷമണിഞ്ഞ   മാണി സി കാപ്പൻ, അങ്കമാലിയിൽ നിന്നും വിജയിച്ച  യുവത്വത്തിന്റെ  പ്രസരിപ്പുള്ള  കോണ്ഗ്രൻസ് എം എൽ എ  റോജി എം ജോൺ  എന്നിവരുടെ വരവിനായി  അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്നു .

മാധ്യമ രംഗത്ത് നിന്ന് മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ ജോണി ലൂക്കോസ്.   കെ. എന്‍. ആര്‍. നമ്പൂതിരി ജന്മഭൂമി ചീഫ് എഡിറ്ററും കേരളത്തിലെ സീനിയർ പത്രപ്രവർത്തകരിൽ ഒരാളുമാണ് . മലയാള മനോരമയില്‍ നിന്ന്  2017ല്‍ അസിസ്റ്റന്റ് എഡിറ്റര്‍ ഗ്രേഡില്‍ സ്പോര്‍ട്സ് എഡിറ്റര്‍ ആയി വിരമിച്ച ശേഷമാണ് ജന്മഭൂമിയിൽ എഡിറ്ററായത്. ഏഷ്യാനെറ്റ് ന്യൂസിന്റെ എക്സിക്യൂട്ടീവ് ന്യൂസ് എഡിറ്റർ  ആയ  സിന്ധു സൂര്യകുമാർ  ‘കവർ സ്റ്റോറി’ യിലൂടെ മലയാള ടെലിവിഷൻ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ സുപരിചിതയാണ്.

മാതൃഭൂമി ന്യൂസ് ടെലിവിഷന്റെ എഡിറ്റർ ഡി പ്രമേഷ് കുമാർ ‘വക്ര ദൃഷ്ടി’ എന്ന പ്രോഗ്രാമിലൂടെ വളരെ ശ്രദ്ധേയനാണ്,  മനോരമ ന്യൂസിന്റെ ചീഫ് ന്യൂസ് പ്രൊഡ്യൂസറും,  മലയാള ടെലിവിഷൻ ന്യൂസ് അവതാരകാരിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നവരിൽ ഒരാളും കൂടിയായ  നിഷാ പുരുഷോത്തമൻ,  24 ന്യൂസ് ചീഫ് സബ് എഡിറ്റർ ക്രിസ്റ്റീന ചെറിയാൻ,  ഇപ്പോൾ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ചാനലുകളുടെ ഹെഡ് ഓഫ് പ്രോഗ്രാം ആൻഡ് പ്രൊഡക്ഷൻസ് ആയ പ്രതാപ് നായർ., കൂടാതെ അറിയപ്പെടുന്ന മീഡിയ മാനേജ്‌മന്റ് വിദഗ്‌ധനും പ്രസാധകനുമായ കെ ആന്റണി എന്നിവരും കൂടി എത്തുന്നതോടെ  ഈ വർഷത്തെ  കോൺഫ്രൻസ് വ്യത്യസ്തമാകും

ഒരു നീണ്ട മഹാമാരിക്ക് ശേഷം നേരിട്ട് നോർത്ത് അമേരിക്കയിലെ എല്ലാ മാധ്യമ പ്രവർത്തകരും ഒത്തു ചേരുന്ന ഒരു വലിയ വേദിയായി ഇത് മാറുമെന്നതും, കേരളത്തിലെ രാഷ്ട്രീയ – മാധ്യമ പ്രവർത്തകർ എത്തുന്നത് തികച്ചും അഭിമാനകരം ആണെന്നു IPCNA നാഷണൽ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് ബിജു കിഴക്കേക്കുട്ടും, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാറും ട്രഷറർ ജീമോൻ ജോര്ജും  പറഞ്ഞു.  നോർത്ത് അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നേതാക്കളും, മുഖ്യ ധാര മാധ്യമരംഗത്തുള്ളവരും പങ്കെടുക്കും എന്ന് ഭാരവാഹികൾ പറയുകയുണ്ടായി.

ഇതിനോടനുബന്ധിച്ചു കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് നൽകുന്ന ഏറ്റവും വലിയ അവാർഡ് ആയ മാധ്യമ ശ്രീ,  മാധ്യമ രത്ന, മീഡിയ എക്‌സലൻസ് അവാർഡ് കൂടാതെ മറ്റു പ്രത്യേക അവാർഡുകളും നൽകും.  ചിക്കാഗോയിലെ റെനൈസ്സൻസ് വേദിയിൽ കോൺഫെറൻസിന്റെ ഗാല നൈറ്റിൽ നിരവധി കലാപരിപാടികളും ഉണ്ടായിരിക്കും. ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ ചാപ്റ്റർ ആതിഥേയത്വം വഹിക്കുന്ന ചടങ്ങിന് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചുക്കാൻ പിടിക്കും.  ബിജു കിഴക്കേക്കുറ്റ്, സുനിൽ ട്രൈസ്റ്റാർ, ജീമോൻ ജോർജ്, സുനിൽ തൈമറ്റം, ബിജിലി ജോർജ്‌, ഷിജോ പൗലോസ്., സജി എബ്രഹാം, ബിനു ചിലമ്പത്തു കൂടാതെ അഡ്വൈസറി ബോർഡും മറ്റു ചാപ്റ്റർ ഭാരവാഹികളും പ്രവർത്തന നിരതമാണ്.  കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267) www.indiapressclub.org

RELATED ARTICLES

STORIES

Most Popular