Friday, March 29, 2024
HomeAsiaചികിത്സ നിഷേധിക്കുന്നു, നവാല്‍നിയുടെ ജീവന്‍ അപകടത്തില്‍

ചികിത്സ നിഷേധിക്കുന്നു, നവാല്‍നിയുടെ ജീവന്‍ അപകടത്തില്‍

മോസ്‌കോ : രോഗബാധിതനായ തനിക്ക് ജയിലില്‍ ചികിത്സ നിഷേധിക്കുന്നതായി റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ വിമര്‍ശകനുമായി അലക്സി നവാല്‍നി.

കടുത്ത പനി ബാധിച്ചിട്ടും ജയില്‍ അധികൃതര്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും ആവര്‍ത്തിച്ച്‌ അപേക്ഷിച്ചിട്ട് മരുന്നുകള്‍ പോലും നല്‍കിയില്ലെന്നും 46കാരനായ നവാല്‍നി പറയുന്നു.

ബുധനാഴ്ച നടന്ന വിചാരണയ്ക്കിടെ നവാല്‍നി പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ വക്താക്കളാണ് പുറത്തുവിട്ടത്. നവാല്‍നിയുടെ അപേക്ഷ പരിഗണിച്ച്‌ കോടതി വിചാരണ മാറ്റിവച്ചു. മോസ്കോയ്ക്ക് കിഴക്ക് വ്ലാഡിമിര്‍ നഗരത്തിന് സമീപമുള്ള ജയിലിലാണ് നവാല്‍നിയുള്ളത്.

തന്റെ സെല്ലില്‍ പകര്‍ച്ചപ്പനി ബാധിച്ചയാളെ പാര്‍പ്പിച്ചിരുന്നെന്നും ഇയാളെ ജയില്‍ അധികൃതര്‍ തനിക്കെതിരെ ജൈവായുധമായി ഉപയോഗിക്കുകയാണെന്നും അടുത്ത സെല്ലില്‍ മാനസിക പ്രശ്നം നേരിടുന്നയാളായതിനാല്‍ രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലെന്നും അടുത്തിടെ നവാല്‍നി ചൂണ്ടിക്കാട്ടിയിരുന്നു.

ജയിലില്‍ കഴിയുന്ന നവാല്‍നി പലവിധത്തിലുള്ള ഭീഷണികള്‍ നേരിടുന്നതായി അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും ഇതിന് മുമ്ബും ആരോപിച്ചിട്ടുണ്ട്. നവാല്‍നിയെ കൊല്ലാനുള്ള ശ്രമം ജയിലില്‍ നടക്കുന്നതായി ഇവര്‍ ആശങ്കപ്പെടുന്നു.

2020 ഓഗസ്റ്റില്‍ നവാല്‍നിയ്ക്ക് നേരെ വധശ്രമം നടന്നിരുന്നു. പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ കണ്ണിലെ കരടായി മാറിയ നവാല്‍നി സൈബീരിയയില്‍ നിന്ന് മോസ്കോയിലേക്ക് വിമാനയാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിക്കുകയും പിന്നാലെ ബോധരഹിതനാവുകയുമായിരുന്നു. അദ്ദേഹം അതീവ ഗുരുതരാവസ്ഥയില്‍ കോമാ സ്‌റ്റേജിലേക്ക് വഴുതി വീണു.

മാരക വിഷമായ നോവിചോക്ക് അദ്ദേഹത്തിന്റെ ഉള്ളിലെത്തിയതായിരുന്നു കാരണം. 70 കളിലും 80കളിലും സോവിയറ്റ് യൂണിയന്‍ വികസിപ്പിച്ചെടുത്ത നാഡിവ്യവസ്ഥയെ തകര്‍ക്കുന്ന അപകടകാരിയായ നെര്‍വ് ഏജന്റാണിത്.

പുട്ടിന്റെ അറിവോടെയായിരുന്നു ഇതെന്ന് റഷ്യന്‍ പ്രതിപക്ഷം ആരോപിക്കുന്നു. നവാല്‍നി ജര്‍മ്മനിയിലെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും റഷ്യയില്‍ പ്രവേശിച്ച ഉടന്‍ ജയിലിലായി. 2018 തിരഞ്ഞെടുപ്പില്‍ പുട്ടിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ച നാള്‍ മുതല്‍ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ചുമത്തി ജയില്‍വാസം നേരിടുയാണ് നവാല്‍നി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular