Friday, April 19, 2024
HomeGulfഹജ്ജ് എക്സ്പോ 2023 സമാപിച്ചു; സമ്മേളനവും പ്രദര്‍ശനവും ലക്ഷ്യം നേടി -ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി

ഹജ്ജ് എക്സ്പോ 2023 സമാപിച്ചു; സമ്മേളനവും പ്രദര്‍ശനവും ലക്ഷ്യം നേടി -ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി

ജിദ്ദ: ‘ഹജ്ജ് എക്സ്പോ 2023’ രണ്ടാം പതിപ്പിന് സമാപനമായി. ‘സേവനസംവിധാനത്തിലെ ഗുണനിലവാരം’ എന്ന തലക്കെട്ടില്‍ ജിദ്ദ സൂപ്പര്‍ ഡോമില്‍ നാലു ദിവസം നീണ്ട പ്രദര്‍ശന, സമ്മേളന പരിപാടി വ്യാഴാഴ്ച രാത്രിയോടെ പര്യവസാനിച്ചു.

60,000ത്തിലധികം സന്ദര്‍ശകര്‍ പരിപാടിക്കെത്തി. ഹജ്ജ്, ഉംറ സേവനങ്ങളില്‍ വൈദഗ്ധ്യം നേടിയ 200ലധികം കമ്ബനികളും നിരവധി സര്‍ക്കാര്‍ ഏജന്‍സികളും പങ്കെടുത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള ഹജ്ജ്, ഉംറ മേഖലയിലെ എല്ലാ പങ്കാളികളെയും ഒരുമിച്ച്‌ കൊണ്ടുവരുന്ന വേദികൂടിയായി മേള മാറി. ഹജ്ജ്, ഉംറ സേവനങ്ങള്‍ മികച്ചതാക്കാന്‍ നിരവധി സെഷനുകളിലായി നടന്ന ചര്‍ച്ചകളിലും ശില്‍പശാലകളിലും ഹജ്ജ് സേവന രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.

70 പ്രാദേശിക പ്രഭാഷകരും 11 അന്താരാഷ്ട്ര പ്രഭാഷകരും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഹജ്ജ്, ഉംറ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍, മത്സരക്ഷമത, സുസ്ഥിരത എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ചെയ്തതും നടപ്പാക്കാന്‍ പോകുന്നതുമായ പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തി. സമ്മേളനത്തിന്റെ എല്ലാ ലക്ഷ്യങ്ങളും നേടിയതായി ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മുശാത് പറഞ്ഞു. ഭരണകൂടം നല്‍കുന്ന തുറന്ന പിന്തുണയാല്‍ പൊതു, സ്വകാര്യ മേഖലകളിലും ലാഭം ലക്ഷ്യമല്ലാത്ത സേവന സ്ഥാപനങ്ങളിലും നിന്നുമുള്ള എല്ലാ കക്ഷികളെയും സമ്മേളനത്തിലേക്കും പ്രദര്‍ശനത്തിലേക്കും ആകര്‍ഷിക്കാന്‍ കഴിഞ്ഞു.

വിവിധ രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് മേളയിലെത്തിയ മന്ത്രിമാര്‍ക്കും ഹജ്ജ് മിഷന്‍ മേധാവികള്‍ക്കും മന്ത്രി നന്ദി പറഞ്ഞു. ഹജ്ജ്, ഉംറ സംവിധാനങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കാണിച്ച്‌ സമ്മേളനത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉള്ളടക്കം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചതായി ഹജ്ജ്- ഉംറ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അംറ് അല്‍മദാഹ് പറഞ്ഞു.

പരിപാടി സംരംഭകരെ ശാക്തീകരിക്കുന്നതും സേവനങ്ങളിലെ നവീകരണത്തെ ഉത്തേജിപ്പിക്കുന്നതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാപന ചടങ്ങില്‍ ‘ഹജ്ജ്, ഉംറ ചലഞ്ച്’, ‘എന്റെ സര്‍ഗാത്മകത’ (ഇന്നൊവേഷന്‍) എന്നീ മത്സരങ്ങളില്‍ പങ്കെടുത്തവരെയും നിക്ഷേപകരെയും പങ്കാളികളെയും വിശിഷ്ട പവിലിയനുകളെയും ഹജ്ജ്-ഉംറ മന്ത്രാലയം ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular