Saturday, April 27, 2024
HomeIndiaത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക്; മേഘാലയയും നാഗാലാന്‍ഡും 27ന്

ത്രിപുര ഫെബ്രുവരി 16ന് പോളിങ് ബൂത്തിലേക്ക്; മേഘാലയയും നാഗാലാന്‍ഡും 27ന്

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് തെരഞ്ഞെടുപ്പ്നടക്കും.

നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മാര്‍ച്ച്‌ രണ്ടിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മൂന്നിടത്തുമായി 9125 പോളിങ് ബൂത്തുകളാണുള്ളത്. മൂന്നു സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണുള്ളത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ ദൃശ്യങ്ങള്‍ തടയാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും.

ത്രിപുര

ത്രിപുരയില്‍ 60 അംഗ നിയമസഭയാണ്. ഇരുപതിലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. 2018ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 33 സീറ്റുകളും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) നാലു സീറ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയില്‍ 2018 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവില്‍ മണിക് സാഹ ആണ് മുഖ്യമന്ത്രി. ഐ.പി.എഫ്.ടിയെ ഒപ്പം നിര്‍ത്തി തുടര്‍ഭരണത്തിനാണ് ബിജെപി ശ്രമം. സംസ്ഥാനത്തെ താരതമ്യേന പുതിയ പാര്‍ട്ടിയായ ടിപ്ര മോതക്ക് 20 ഗോത്രമണ്ഡലങ്ങളില്‍ നല്ല സ്വാധീനമുണ്ട്. ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രത്യേക സംസ്ഥാനം എന്നതാണ് പാര്‍ട്ടിയുടെ ആവശ്യം. ഇത് ഉറപ്പുനല്‍കുന്ന ഏത് പാര്‍ട്ടിയുമായും സഖ്യത്തിലേര്‍പ്പെടുമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുമുണ്ട്.ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ബി.ജെ.പിക്കെതിരെ ഇക്കുറി ഒന്നിക്കും.

മേഘാലയ

മേഘാലയ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ കോണ്‍റാഡ് സാങ്മയാണ് ഇപ്പോഴത്തെ മേഘാലയ മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍..പിക്ക് നിലവില്‍ 20 സീറ്റുകളും യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് (യു.ഡി.പി) 8 സീറ്റുകളും, പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടിന് (പിഡിഎഫ്) 2 സീറ്റുകളും, ബിജെപിക്ക് 2 സീറ്റുകളും ഉണ്ട്. 2 സീറ്റുകളില്‍ സ്വതന്ത്രരാണ് ജയിച്ചത്. പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് 9 സീറ്റുകളാണുള്ളത്. പതിനാല് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ബി.ജെ.പി.യുമായി നിലവില്‍ സഖ്യത്തിലാണെങ്കിലും എന്‍.പി.പി. ഇത്തവണയും ഒറ്റയ്ക്കായിരിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുക.

ഇക്കുറി തങ്ങള്‍ മേഘാലയയില്‍ നില മെച്ചപ്പെടുത്താമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോണ്‍ഗ്രസ്. 17 എം.എല്‍.എമാരാണ് പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. എന്‍.പി.പിയെ പിന്തുണച്ചതിന് അഞ്ച് എം.എല്‍.എമാരെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നു. അതില്‍ രണ്ട് പേര്‍ എന്‍.പി.പിയില്‍ ചേര്‍ന്നു. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമൂലിലേക്കും പോയി.

Polls For Meghalaya, Nagaland, Tripura To Be Announced

നാഗാലാന്റ് നാഗാലാന്റിലെ നിലവിലെ ഭരണസഖ്യമായ യുണൈറ്റഡ് ഡെമോക്രാറ്റിക് അലയന്‍സില്‍, നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി), ബി.ജെ.പി, നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) എന്നീ പാര്‍ട്ടികളാണുള്ളത്. എന്‍.ഡി.പി.പിയുടെ നെഫിയു റിയോയാണ് മുഖ്യമന്ത്രി. 2018ല്‍ എന്‍.പി.എഫിന് 26 ഉം, എന്‍.ഡി.പി.പിക്ക് 18 ഉം, ബി.ജെ.പിക്ക് 12 ഉം, എന്‍.പി.പിക്ക് 2 ഉം, ജെ.ഡി.യുവിന് 1 ഉം, സ്വതന്ത്രന് 1 സീറ്റുമാണ് ലഭിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് ബി.ജെ.പി പ്രതീക്ഷിക്കുന്നത്. ഏഴ് ആദിവാസി വിഭാഗങ്ങള്‍ ചേര്‍ന്ന സംഘടനയായ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ ‘ഫ്രണ്ടിയര്‍ നാഗാലാന്‍ഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular