Saturday, February 24, 2024
HomeCinemaഅഭിനയത്തിന്‍റെ രസതന്ത്രമറിഞ്ഞ നടൻ; മുരളിയുടെ ഓർമകൾക്ക് 12 വയസ്

അഭിനയത്തിന്‍റെ രസതന്ത്രമറിഞ്ഞ നടൻ; മുരളിയുടെ ഓർമകൾക്ക് 12 വയസ്

സ്വാഭാവിക അഭിനയശൈലികൊണ്ട് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ അഭിനയ പ്രതിഭാസം, അതായിരുന്നു നടൻ മുരളി. കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന കൊച്ചു ഗ്രാമം ഇന്ത്യൻ ചലച്ചിത്രലോകത്തിന് സമ്മാനിച്ച മഹാനടൻ. ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങളിലേക്ക് പ്രേക്ഷകനെ നയിച്ച മുരളി ഓർമ്മയായിട്ട് ഇന്ന് 12 വർഷം തികയുന്നു.

2009 ഓഗസ്റ്റ് ഏഴ്… കുടവട്ടൂർ യുപിഎസ് അങ്കണം… അവിടെ ഒരുക്കിയ പ്രത്യേക പന്തലിൽ വലിയൊരു പുരുഷാരത്തിന് നടുവിൽ നിശ്ചലനായി കിടക്കുകയായിരുന്നു മുരളിയെന്ന കലാകാരൻ. കുടവട്ടൂർ എന്ന നാടിന്‍റെ പെരുമ മലയാളക്കരയാകെ എത്തിച്ച പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാനായി ഒഴുകിയെത്തുകയാണ് നാട് ഒന്നാകെ. ജീവൻ നൽകാൻ ഇനിയും ഒരുപിടി കഥാപാത്രങ്ങൾ ബാക്കിനിൽക്കവെയാണ് ഉച്ചയ്ക്ക് അസ്തമിച്ച സൂര്യനെ പോലെ മുരളിയുടെ മടക്കം.

കൊല്ലം കൊട്ടാരക്കരക്കടുത്ത് കുടവട്ടൂരിലെ കാർഷികകുടുംബമായ പൊയ്കയിൽ വീട്ടിൽ പി. കൃഷ്ണപിള്ളയുടെയും കെ. ദേവകിയമ്മയുടെയും മൂത്ത മകനായി 1954 മേയ് 25നാണ് മുരളിയുടെ ജനനം. ചെറിയ ക്ലാസുകളിൽ പടിക്കുമ്പോൾ തന്നെ അഭിനയതാൽപര്യം മുരളി പ്രകടിപ്പിച്ചിരുന്നു. അപ്രതീക്ഷിതമായി തന്നെ കുടവട്ടൂർ യുപിഎസിൽ പഠിക്കുമ്പോൾ അദ്ദേഹം ആദ്യമായി അരങ്ങത്തെത്തി.

പിന്നീട് കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്‌. കെ. വി. എച്ച്‌. എസിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും, തിരുവനന്തപുരം എം.ജി കോളേജിൽ പ്രീഡിഗ്രിയും ശാസ്‌താംകോട്ട ദേവസ്വം ബോർഡ്‌ കോളജിൽ ബിരുദവും പൂർത്തിയാക്കി. വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുമ്പോഴും, കുടവട്ടൂർ എന്ന ഗ്രാമം പകർന്നു നൽകിയ വായനശാല പ്രവർത്തനവും ഇടത് രാഷ്ട്രീയപ്രവർത്തനവും മുരളിയെ പരുവപ്പെടുത്തി. മുരളിയെന്ന നടനെ വളർത്തിയെടുക്കുന്നതിൽ കുടവട്ടൂർ ദേശസേവിനി ഗ്രന്ഥശാലയ്ക്കുള്ള പങ്ക് അവിസ്മരണീയമാണ്.

ആരോഗ്യവകുപ്പിൽ എൽ.ഡി. ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ യൂണിവേഴ്‌സിറ്റിയിൽ യു.ഡി. ക്ലർക്കായും നിയമനം ലഭിച്ചു. ജോലി ലഭിച്ച് തിരുവനന്തപുരത്തെത്തിയതോടെയാണ് മുരളിയുടെ കലാജീവിതത്തിൽ വഴിത്തിരിവാകുന്നത്. യൂണിവേഴ്സിറ്റിയിലെ ജോലിക്കിടയിൽ നടനും നാടകപ്രവർത്തകനുമായ പ്രൊഫ. നരേന്ദ്രപ്രസാദ് രൂപം നൽകിയ നാട്യഗൃഹം എന്ന നാടകവേദിയുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത്, മുരളിയിലെ നടനെ രാകി മിനുക്കിയെന്ന് പറയാം. ആദ്യമൊക്കെ നാടക റിഹേഴ്സലുകൾ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു മുരളിയുടെ രീതി. ആക്സമികമായാണ് ഒരു ദിവസം പകരക്കാരനായി നാട്യഗൃഹത്തിൽ അഭിനാതേവാകുന്നത്.

നാട്യഗൃഹം മുരളിക്ക് മുന്നിൽ സിനിമലോകത്തിന്‍റെ ജാലകം തുറന്നുകൊടുത്തു. മുരളിയെ നായകനാക്കി ഭരത് ഗോപി ഞാറ്റടി എന്ന ചിത്രം സംവിധാനം ചെയ്തു. പക്ഷേ ആ സിനിമ റിലീസ് ചെയ്തില്ല. തുടർന്ന് അപ്രതീക്ഷിതമായി അരവിന്ദന്റെ ചിദംബരം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. പിന്നാലെ മീനമാസത്തിലെ സൂര്യൻ എന്ന ചിത്രത്തിലും അഭിനയിച്ചു. ഹരിഹരന്റെ പഞ്ചാഗ്നിയാണ് ആദ്യം റിലീസായ ചിത്രം. ഇതിൽ വ്യത്യസ്ത്തമായ ഒരു വില്ലൻ വേഷം മുരളി ചെയ്തു. ചെയ്ത വേഷങ്ങളിലെല്ലാം ഭാവാഭിനയത്തിന്‍റെ സൂക്ഷ്മതലങ്ങൾ കാണാമായിരുന്നു.

അതുകൊണ്ടുതന്നെ മലയാളത്തിലെ അനിഷേധ്യനായ ഒരു നടനായി മാറാൻ വളരെ വേഗം മുരളിക്ക് കഴിഞ്ഞു. ഗ്രാമീണത തുളുമ്പിനിൽക്കുന്ന കരുത്തുറ്റ കഥാപാത്രങ്ങൾ ഒന്നൊന്നായി മുരളിയെ തേടിയെത്തി. അവയെല്ലാം ഒന്നിനൊന്ന് മികച്ചതാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അടയാളം, ആധാരം, കളിക്കളം, ധനം, നാരായം, ആയിരം നാവുള്ള അനന്തൻ, കൈക്കുടന്ന നിലാവ്, അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്, തൂവൽ കൊട്ടാരം, വരവേല്പ്, കിരീടം, വെങ്കലം, നെയ്ത്തുകാരൻ, കാരുണ്യം അങ്ങനെ മുരളി അഭിനയിച്ച സിനിമകളും ചെയ്ത വേഷങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ചു. ആകാശദൂതിലെ ജോണി, അമരത്തിലെ കൊച്ചുരാമൻ, വെങ്കലത്തിലെ ഗോപാലൻ മൂശാരി, ആധാരത്തിലെ ബാപ്പുട്ടി, നെയ്ത്തുകാരനിലെ അപ്പു മേസ്തിരി എന്നിവയൊക്കെ മുരളി ജീവനേകിയ ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ്.

പ്രേക്ഷകർ നെഞ്ചിലേറ്റുവാങ്ങിയ കഥാപാത്രങ്ങൾ മുരളിക്ക് സമ്മാനിച്ചത് ഇന്ത്യയിലെ മികച്ച നടൻ ഉൾപ്പടെ ഒട്ടനവധി പുരസ്ക്കാരങ്ങൾ കൂടിയായിരുന്നു. നെയ്ത്തുകാരനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം 2002ൽ മുരളിക്ക് ലഭിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നാലു തവണയാണ് മുരളിയെ തേടിയെത്തിയത്- 1992ൽ ആധാരം, 1996ൽ കാണാക്കിനാവ്, 1998ൽ താലോലം, 2002ൽ നെയ്ത്തുകാരൻ എന്നീ ചിത്രങ്ങളിലൂടെയാണ് അദ്ദേഹത്തിന് അവാർഡ് ലഭിച്ചത്.
1990ൽ വീരാളിപ്പട്ട്, 1991ൽ അമരം, 2008ൽ പ്രണയകാലം എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന പുരസ്ക്കാരവും മുരളി സ്വന്തമാക്കി.

ഒരു നടൻ മാത്രമല്ല, മികച്ച എഴുത്തുകാരൻ കൂടിയാണ് താനെന്ന് മുരളി തെളിയിച്ചിട്ടുണ്ട്. അഭിനയത്തെ ആഴത്തിൽ അന്വേഷിച്ച അഭിനയത്തിന്‍റെ രസതന്ത്രം എന്ന കൃതി ഏറെ നിരൂപകപ്രശംസ നേടി. മുരളി മുതൽ മുരളി വരെ, മൃഗശാല കഥ എന്നീ പുസ്തകങ്ങളും മുരളി രചിച്ചിട്ടുണ്ട്.

ചെറുപ്പം മുതൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്‍റെ പ്രചാരകരിൽ ഒരാളായിരുന്നു മുരളി. സിനിമയിൽ സജീവമായപ്പോഴും രാഷ്ട്രീയത്തെ തള്ളിപ്പറയാതെ ഒപ്പം നിർത്തി എന്നതാണ് മുരളിയെ വേറിട്ടുനിർത്തുന്നത്. ആലപ്പുഴയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കാൻ സിപിഎം ആവശ്യപ്പെട്ടപ്പോൾ, ഒരു മടിയും കൂടാതെയാണ് മുരളി മുന്നോട്ടുവന്നത്.

പിന്നീട് 2006ൽ സംഗീത നാടക അക്കാദമിയുടെ അധ്യക്ഷപദവിയിൽ എത്തിയപ്പോഴും നവീനമായ ഒട്ടനവധി ആശയങ്ങൾ നടപ്പാക്കാൻ മുരളിക്ക് സാധിച്ചു. ഏഷ്യൻ തിയറ്റർ ഫെസ്റ്റിവൽ എന്ന മുരളി കൊണ്ടുവന്ന ആശയം പിന്നീട് ലോക തിയറ്റർ ഫെസ്റ്റിവലായി മാറി.

വെള്ളിവെളിച്ചത്തിന്‍റെ തിളക്കത്തിലും നടന്നുവന്ന വഴി മറക്കാത്ത കലാകാരനായിരുന്നു മുരളി. അതുകൊണ്ടുതന്നെ അദ്ദേഹം വീണ്ടും നാടകത്തിൽ വേഷമിട്ടു. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൽ തിളക്കമാർന്ന പ്രകടനം തന്നെയാണ് മുരളി കാഴ്ചവെച്ചത്.

കടുത്ത പ്രമേഹരോഗം മുരളിയെ ബാധിച്ചിരുന്നു. അതുകാരണമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 2009 ഓഗസ്റ്റ് 6- ന് രാത്രി എട്ടുമണിയോടെയാണ് തിരുവനന്തപുരത്തെ പി.ആർ.എസ്. ആശുപത്രിയിൽ വെച്ച് മുരളി അന്തരിച്ചത്. സിനിമയെയും നാടകത്തെയും സ്നേഹിക്കുന്നവർക്ക് താങ്ങാനാകാത്തതായിരുന്നു ആ വിയോഗം. അമ്മാവന്റെ മകളായ ഷൈലജയാണ് മുരളിയുടെ ഭാര്യ. കാർത്തിക ഏക മകളാണ്.

ആടി തീർക്കാൻ ഒരുപിടി വേഷങ്ങളും നാടകത്തിനായി ചെയ്തുതീർക്കാൻ നിരവധി കാര്യങ്ങളും ബാക്കിവെച്ചാണ് മുരളിയുടെ മടക്കം. അനശ്വരമായ ഓർമ്മകൾ നിലനിർത്താൻ അദ്ദേഹത്തിന്‍റെ പേരിൽ ജന്മനാട്ടിൽ ഒരു നാടക പഠനഗവേഷണ കേന്ദ്രം ഒരുങ്ങുന്നു. ആ അതുല്യപ്രതിഭയെ എക്കാലവും നമുക്കൊപ്പം ചേർത്തുനിർത്താൻ പര്യാപ്തമായ സ്മാരകം ആയിരിക്കും അതെന്ന് സംഗീതനാടക അക്കാദമി അധികൃതർ പറയുന്നു. അവിടെ നാടകത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമൊക്കെ പുതുതലമുറയ്ക്ക് ആഴത്തിൽ പഠിക്കാം, കലാസൃഷ്ടികൾക്ക് ഉചിതമായ വേദി ലഭിക്കും. അങ്ങനെ മുരളി സ്വപ്നം കണ്ടതൊക്കെ യാഥാർഥ്യമാക്കാം.

ഭാവാഭിനയം, ശരീരഭാഷ, ശബ്ദവിന്യാസം എന്നിവയിലൂടെ അഭിനയത്തിന് പുതിയ സമവാക്യം സമ്മാനിച്ച മുരളിയെന്ന നടന്‍റെ വിയോഗം തീർത്ത വിടവ് ഇന്നും മലയാള സിനിമയിൽ പ്രകടമാണ്. മുരളിയ്ക്കു ശേഷം ശബ്ദഗാംഭീര്യം കൊണ്ടും ശരീഭാഷകൊണ്ടും ഭാവാഭിനയംകൊണ്ടും കരുത്തുറ്റ ഒരു കഥാപാത്രത്തിനായുള്ള പ്രേക്ഷകന്‍റെ അന്വേഷണം ഇന്നും തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular