Friday, March 29, 2024
HomeIndiaഅമിതാഭ് ബച്ചന് സൗദി അറേബ്യ 'ജോയ് അവാര്‍ഡ്' സമ്മാനിച്ചു

അമിതാഭ് ബച്ചന് സൗദി അറേബ്യ ‘ജോയ് അവാര്‍ഡ്’ സമ്മാനിച്ചു

റിയാദ്: ഇന്ത്യന്‍ അഭിനയ ചക്രവര്‍ത്തി അമിതാഭ് ബച്ചന് സൗദി അറേബ്യ ‘ജോയ് അവാര്‍ഡ്’ സമ്മാനിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാന്‍ സൗദി ജനറല്‍ എന്‍റര്‍ടൈമെന്‍റ് അതോറിറ്റി എം.ബി.സി ഗ്രൂപ്പുമായി സഹകരിച്ച്‌ ഏര്‍പ്പെടുത്തിയ പുരസ്കാര സമര്‍പ്പണത്തിന്‍റെ മൂന്നാം പതിപ്പിനായിരുന്നു ശനിയാഴ്ച രാത്രി റിയാദ് ബോളിവാഡ് സിറ്റിയിലെ ബക്കര്‍ അല്‍ ഷെദ്ദി തിയറ്റര്‍ വേദിയായത്.

ചലച്ചിത്ര രംഗത്തെ ആജീവനാന്ത സമഗ്ര സംഭാവനക്കുള്ള ജോയ് അവാര്‍ഡാണ് ബോളിവുഡിന്‍റെ സ്വന്തം ബിഗ് ബി ഏറ്റുവാങ്ങിയത്. അറബ് ലോകത്തെയും അന്താരാഷ്ട്ര തലത്തിലെയും പ്രശസ്ത ചലച്ചിത്ര സംവിധായകരും അഭിനേതാക്കളും ഗായകരും മറ്റ് കലാകാരന്മാരും കായിക താരങ്ങളും സമൂഹ മാധ്യമ താരങ്ങളും വര്‍ണശബളവും പ്രൗഢവുമായ അന്തരീക്ഷത്തില്‍ അതിന് സാക്ഷ്യം വഹിച്ചു. മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ അവാര്‍ഡ് നിശ പുരസ്കാര നേട്ടത്തിലേക്ക് വയലറ്റ് പരവതാനി വിരിച്ചത് ബച്ചനൊപ്പം മറ്റ് നാല് പ്രതിഭകള്‍ക്ക് കൂടിയാണ്. ഹൃദ്യവും ഊഷ്മളവുമായ ആദരവിനാല്‍ സൗദി അറേബ്യ അവരെ അണച്ചുപിടിച്ചു.

 അമിതാഭ് ബച്ചന്‍ റിയാദ് ബോളിവാഡ് സിറ്റിയില്‍ ‘ജോയ് അവാര്‍ഡ്’ ഏറ്റുവാങ്ങി സംസാരിക്കുന്നു

സമഗ്ര സംഭാവനക്കുള്ള രണ്ടാമത്തെ പുരസ്കാരം ഏറ്റുവാങ്ങിയത് ഹോളിവുഡ് സംവിധായകന്‍ മൈക്കിള്‍ ബേക്കാണ്. ജനപ്രിയ കലാകാരനുള്ള അവാര്‍ഡ് സൗദി ഗായകന്‍ അബ്ദുല്‍ മജീദ് അബ്ദുല്ല, മികച്ച പുരുഷ കായിക പ്രതിഭക്കുള്ള പുരസ്കാരം മൊറോക്കന്‍ ഫുട്ബാള്‍ താരം അഷ്റഫ് ഹാകിമി, ഈ വര്‍ഷത്തെ ശ്രദ്ധേയ വ്യക്തിത്വത്തിനുള്ള പുരസ്കാരം യു.എസ് കൊളമ്ബിയന്‍ നടി സോഫിയ വെര്‍ഗാര എന്നിവര്‍ക്കും സമ്മാനിച്ചു.

 മികച്ച പുരുഷ കായികപ്രതിഭക്കുള്ള പുരസ്കാരം നേടിയ മൊറോക്കന്‍ ഫുട്ബാള്‍ താരം അഷ്റഫ് ഹാകിമി

പ്രശസ്ത ലബനീസ് ഗായിക നന്‍സി അജ്റാം അവാര്‍ഡ് നിശയെ മധുര സംഗീത വീചികളാല്‍ തഴുകി അവാച്യമായ അനുഭൂതിയിലേക്ക് ഉയര്‍ത്തി. ലോകപ്രശസ്ത മാധ്യമപ്രവര്‍ത്തക ജോര്‍ജിന റോഡ്രിഗ്സ്, തുനീഷ്യന്‍ നടി ഹെന്‍ഡ് സാബ്രി, ഈജിപ്ഷ്യന്‍ നടി യുസ്ര, അമേരിക്കന്‍ നടി മെല്‍ ഗിബ്സണ്‍ എന്നിവരും അവാര്‍ഡ് നിശയുടെ തിളക്കമേറ്റാന്‍ എത്തിയിരുന്നു. സൗദി വിഷന്‍ 2030ന്‍റെ ലക്ഷ്യങ്ങളിലൊന്നായ ‘ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തല്‍’ പരിപാടിയുടെ ഭാഗമാണ് ഈ അവാര്‍ഡ് നിശ.

 അവാര്‍ഡ് നിശയില്‍ പ്രശസ്ത ലബനീസ് ഗായിക നന്‍സി അജ്റാം പാടുന്നു

 സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നേടിയ ഹോളിവുഡ് സംവിധായകന്‍ മൈക്കിള്‍ ബേ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular