Saturday, July 27, 2024
HomeGulfതൊഴില്‍ക്കരാര്‍ മാറ്റം; ഫെബ്രുവരി ഒന്നിന് മുമ്ബ് നടപ്പാക്കണം

തൊഴില്‍ക്കരാര്‍ മാറ്റം; ഫെബ്രുവരി ഒന്നിന് മുമ്ബ് നടപ്പാക്കണം

ദുബൈ : യു.എ.ഇയിലെ മുഴുവന്‍ തൊഴില്‍ക്കരാറുകളും നിശ്ചിതകാല തൊഴില്‍ക്കരാറുകളാക്കി മാറ്റണമെന്ന നിബന്ധന ഫെബ്രുവരി ഒന്നിന് മുമ്ബ് എല്ലാ സ്ഥാപനങ്ങളും നടപ്പാക്കണം.

ഇതുസംബന്ധിച്ച്‌ അധികൃതര്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ നടപടികള്‍ നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദുബൈ ഇന്‍റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ ഫ്രീ സോണ്‍, അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒഴികെ എല്ലാവരും പുതിയ രീതിയിലേക്ക് മാറണം. ഗാര്‍ഹിക തൊഴിലാളികള്‍ക്കും നിയമം ബാധകമല്ല. പുതിയ തൊഴില്‍നിയമപ്രകാരം അനിശ്ചിതകാല കരാറുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തിലാണ് നടപടി.

നേരത്തേ യു.എ.ഇയില്‍ അണ്‍ലിമിറ്റഡ് കോണ്‍ട്രാക്‌ട്, ലിമിറ്റഡ് കോണ്‍ട്രാക്‌ട് എന്നിങ്ങനെ രണ്ടു തരത്തില്‍ തൊഴില്‍ക്കരാറുണ്ടായിരുന്നു. എന്നാല്‍, പുതിയ തൊഴില്‍നിയമം അനിശ്ചിതകാല കരാറുകള്‍ നിര്‍ത്തലാക്കി. നിലവിലെ മുഴുവന്‍ തൊഴില്‍ക്കരാറുകളും നിശ്ചിതകാല കരാറാക്കി മാറ്റുകയും ചെയ്തു. നിലവില്‍ അനിശ്ചിതകാല കരാറില്‍ ജോലിചെയ്യുന്നവരുടെ കരാറുകള്‍ സ്ഥാപനങ്ങള്‍ ഫെബ്രുവരി ഒന്നിനകം നിശ്ചിതകാലത്തേക്കാക്കി മാറ്റണം. ഇതുസംബന്ധിച്ച്‌ കമ്ബനികള്‍ക്ക് തൊഴില്‍മന്ത്രാലയവും ഫ്രീസോണ്‍ അതോറിറ്റികളും നോട്ടീസ് അയച്ചിട്ടുണ്ട്.

അതേസമയം, നിശ്ചിത കാലത്തേക്കാണെങ്കിലും ദീര്‍ഘകാല കരാറുകള്‍ ഒപ്പുവെക്കാന്‍ ഈ നിയമമാറ്റം ഉപകരിക്കും.

നേരത്തേ, പരമാവധി മൂന്ന് വര്‍ഷത്തേക്കാണ് തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ തൊഴില്‍ക്കരാര്‍ സാധ്യമായിരുന്നത്. പുതിയ ഭേദഗതിപ്രകാരം ദീര്‍ഘകാലത്തേക്ക് പരസ്പരധാരണയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ക്കരാറുണ്ടാക്കാം. എന്നാല്‍, പുതുക്കാന്‍ കഴിയുന്ന നിശ്ചിതകാലത്തേക്കാണ് തൊഴില്‍ക്കരാറുണ്ടാക്കേണ്ടതെന്ന് നിയമഭേദഗതി വ്യക്തമാക്കുന്നു. മെയിന്‍ലാന്‍ഡ് കമ്ബനിയില്‍ ജോലിചെയ്യുന്നവര്‍ക്കും ഫ്രീസോണ്‍ ജീവനക്കാര്‍ക്കും ഭേദഗതിപ്രകാരം തൊഴില്‍ക്കരാറുണ്ടാക്കാം. ഇതോടെ ഇനി മുതല്‍ മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലയളവുള്ള തൊഴില്‍ക്കരാറുകള്‍ യു.എ.ഇയില്‍ സാധ്യമാകും. ദീര്‍ഘകാലത്തേക്ക് ജോലിചെയ്യുന്നതിനും ജോലിസ്ഥിരത വര്‍ധിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

RELATED ARTICLES

STORIES

Most Popular