Thursday, April 25, 2024
HomeIndiaറിപ്പബ്ലിക് ദിന പരേഡില്‍ ഇരുള നൃത്തവുമായി നഞ്ചിയമ്മയുടെ കലാസംഘം

റിപ്പബ്ലിക് ദിന പരേഡില്‍ ഇരുള നൃത്തവുമായി നഞ്ചിയമ്മയുടെ കലാസംഘം

ന്യൂഡല്‍ഹി : ചരിത്രത്തില്‍ ആദ്യമായി കേരളം റിപ്പബ്ലിക് ദിന പരേഡില്‍ ഗോത്രനൃത്തം അവതരിപ്പിക്കുന്നു. നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്ബര്യവും കേന്ദ്ര പ്രമേയമാക്കി കേരളം ഒരുക്കുന്ന ടാബ്ലോയുടെ റിഹേഴ്സല്‍ പൂര്‍ത്തിയായി.

സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും സമൂഹവികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

96-ാം വയസ്സില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ ജയിച്ച്‌ 2020 ലെ നാരീശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയെ ട്രാക്ടര്‍ ഭാഗത്തും മികച്ച പിന്നണി ഗായികയ്ക്കുളള ദേശീയപുരസ്ക്കാരം നേടിയ ആദ്യ ആദിവാസി വിഭാഗം വനിതയായ നഞ്ചിയമ്മയെ ട്രെയ്ലര്‍ ഭാഗത്തും അവതരിപ്പിച്ചാണ് ടാബ്ലോയില്‍ സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്ബര്യം പ്രതീകവത്ക്കരിക്കുന്നത്. നാടന്‍ പാട്ട് കെട്ടലും ആലാപനവും നിര്‍വ്വഹിച്ചിരിക്കുന്നതും ന‍ഞ്ചിയമ്മയാണ്.

അട്ടപ്പാടി കേന്ദ്രമാക്കി നഞ്ചിയമ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗോത്രകലാമണ്ഡലത്തില്‍ നിന്നുള്ള എട്ട് കലാകാരികളാണ് കേരളത്തിന്‍്റെ ടാബ്ലോയ്ക്ക് നൃത്ത ചാരുത പകരുന്നത്. അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ നിന്നുള്ള ശോഭ ബി, ശകുന്തള യു.കെ, റാണി ബി, പുഷ്പ കെ, സരോജിനി, രേഖ എല്‍, വിജയ, ഗൗരി എല്‍ എന്നിവരാണ് ഗോത്രനൃത്തം അവതരിപ്പിക്കുന്നത്. ഗോത്രകലാമാണ്ഡലത്തിന്‍്റെ ഭാഗമായി വിവിധയിടങ്ങളില്‍ വര്‍ഷങ്ങളായി കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സംഘം രാജ്യതലസ്ഥാനത്ത് നൃത്തവുമായി എത്തുന്നത് ആദ്യമാണ്.

കേരളത്തിലെ ഗോത്രവിഭാഗ നൃത്തങ്ങളില്‍ ഇരുള വിഭാഗത്തിന്റെ നൃത്തത്തെ വ്യത്യസ്തമാക്കുന്നത് ചടുലമായ ചുവടുകളും താളവുമാണ്. ഉത്സവ-ഉല്ലാസവേളകളിലും കൃഷി തുടങ്ങുമ്ബോഴും വിളവെടുക്കുമ്ബോഴും അവതരിപ്പിക്കുന്ന നൃത്ത ചുവടുകള്‍ സമ്മേളിപ്പിച്ചുകൊണ്ട് ഇരുള നൃത്തത്തിന്റെ കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത് പഴനിസ്വാമി എസ്. ആണ്. തനത് വേഷവിധാനത്തിലാണ് നൃത്താവതരണം. ബേപ്പൂര്‍ റാണി എന്ന് പേരിട്ട് ഉരു മാതൃകയില്‍ തയ്യാറാക്കിയ ടാബ്ലോയുടെ ഇരുവശത്തുമായാണ് നൃത്തം അവതരിപ്പിക്കുന്നത്.

സംഘത്തിലെ രണ്ട് പേര്‍ കുടുംബശ്രീ ആനിമേറ്റര്‍ മാരാണ്. ഒരാള്‍ ഹോം ഗാര്‍ഡായും പ്രവര്‍ത്തിക്കുന്നു. ഫോക് ലോര്‍ അക്കാദമി, കിര്‍ത്താഡസ്, എസ് റ്റി. ഡിപ്പാര്‍ട്ട്മെന്‍്റ് എന്നിവയ്ക്കായി വിവിധയിടങ്ങളില്‍ ഗോത്ര നൃത്താവതരണം നടത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ അട്ടപ്പാടിയുടെ ഗോത്രനൃത്തം രാജ്യത്തിന് പരിചയപ്പെടുത്താനവസരം ലഭിച്ചതിന്‍്റെ ആഹ്ലാദത്തിലാണ് ഈ കലാകാരികള്‍. ടാബ്ലോയില്‍ ഗോത്രനൃത്തത്തിനൊപ്പം ശിങ്കാരിമേളവും കളരിപ്പയറ്റും അവതരിപ്പിക്കുന്നുണ്ട്.

സ്ത്രീകള്‍ മാത്രമുള്ള ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തില്‍ അവതരിപ്പിച്ചതും ടാബ്ലോയുടെ നോഡല്‍ ഓഫീസറും കലാ സംഘത്തിന്റെ ടീം ലീഡറുമായ ഡല്‍ഹി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസാണ്. ഡിസൈനര്‍ റോയ് ജോസഫിന്റെ നേതൃത്വത്തില്‍ ബിഭൂതി ഇവന്റ്സ് ആന്റ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഫ്ലോട്ടൊരുക്കുന്നത്. സൗണ്ട് എ‍ഞ്ചിനീയര്‍ പാലക്കാട്ട് സ്വദേശി ജിതിനാണ്. കണ്ണൂര്‍ സ്വദേശി കലാമണ്ഡലം അഭിഷേകാണ് കര്‍ത്തവ്യ പഥിന് യോജിച്ച വിധം ശിങ്കാരിമേളം ചിട്ടപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular