Wednesday, May 1, 2024
HomeGulfമഴ: മന്ത്രാലയത്തിന്‍റെ ജാഗ്രത മുന്നറിയിപ്പ്

മഴ: മന്ത്രാലയത്തിന്‍റെ ജാഗ്രത മുന്നറിയിപ്പ്

ദുബൈ : ശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്ന് യു.എ.ഇ ആഭ്യന്തരമന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.

ബുധനാഴ്ച മുതല്‍ കുറച്ചുദിവസം അസ്ഥിര കാലാവസ്ഥ പ്രതീക്ഷിക്കണമെന്നും താമസക്കാരും ഡ്രൈവര്‍മാരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഈ കാലയളവില്‍ ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സജ്ജരാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, കാലാവസ്ഥ സംബന്ധിച്ചും അപകടങ്ങളെ കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മഴസംബന്ധിച്ചും മറ്റുമുള്ള അറിയിപ്പുകള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളുടെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനും ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷം നിലനില്‍ക്കുമെന്നും മറ്റിടങ്ങില്‍ വിവിധ തീവ്രതകളില്‍ മഴയും ഇടക്കിടെ ഇടിയും മിന്നലും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിപ്പില്‍ പറഞ്ഞു. ചൊവ്വാഴ്ചതന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷമാണുള്ളത്.

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ഉച്ചയോടെ ശക്തമായ മഴ ലഭിച്ചിരുന്നു. രാജ്യത്തിന്‍റെ കിഴക്കന്‍, തീരദേശ, പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍, ശനിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. അന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ കുറയാനും മണിക്കൂറില്‍ 40 കി.മീറ്റര്‍ വേഗതയില്‍ കാറ്റുവീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular