ഇന്ത്യയിൽ നിന്ന് ആദ്യമായി യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് അതു വേഗത്തിൽ ലഭ്യമാക്കാൻ പുതിയ നടപടികൾ യുഎസ് പ്രഖ്യാപിച്ചു. പ്രത്യേക ഇന്റർവ്യൂ ഏർപ്പാടാക്കുന്നതിനു പുറമെ ഇന്ത്യയിലെ യുഎസ് കാര്യാലയങ്ങളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും ചെയ്തു.
ശനിയാഴ്ച ആദ്യത്തെ സ്പെഷ്യൽ ഇന്റർവ്യൂ നടത്തിയതായി ഡൽഹിയിൽ യുഎസ് എംബസി പ്രസ്താവനയിൽ അറിയിച്ചു. “എംബസിയിലും മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ് കോൺസലറ്റുകളിലും ശനിയാഴ്ച ഒഴിവു ദിവസം മാറ്റിവച്ചു ആവശ്യമുള്ള അപേക്ഷകർക്ക് ഇന്റർവ്യൂ നടത്തി. വരുന്ന മാസങ്ങളിലും ഇതേ പോലെ ചില ശനിയാഴ്ചകളിൽ ഇന്റർവ്യൂ നടത്തും.”
യുഎസ് വിസ ഇപ്പോൾ തന്നെ ഉള്ളവർക്കു ഇന്റർവ്യൂ ഒഴിവാക്കി അപേക്ഷകൾ പരിശോധിക്കാനുള്ള നടപടിയും യുഎസ് ഭരണകൂടം നടപ്പാക്കി. “അതു ത്വരിതപ്പടുത്താൻ വാഷിംഗ്ടണിൽ നിന്നും മറ്റു എംബസികളിലും നിന്നു ഡസൻ കണക്കിന് താത്കാലിക ഉദ്യോഗസ്ഥർ മാർച്ചിനു മുൻപായി ഇന്ത്യയിൽ എത്തും.”
ആവശ്യമായ കോൺസുലർ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാൻ വിദേശകാര്യ വകുപ്പ് നടപടി എടുത്തു. “മുംബൈയിലെ കോൺസലേറ്റ് ജനറൽ പ്രവർത്തി സമയം കൂട്ടി കൂടുതൽ അപേക്ഷകരെ കാണുന്നുണ്ട്.
“മുംബൈയിലെ യുഎസ് കോൺസലേറ്റ് ആണ് ഇന്ത്യയിലെ അപേക്ഷകളിൽ ഭൂരിപക്ഷവും കൈകാര്യം ചെയ്യുന്നത്. ലോകത്തെ തന്നെ ഏറ്റവുമധികം അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഒരു കോൺസലേറ്റ് ആണിത്.”
മുംബൈ കോൺസൽ ജനറൽ ജോൺ ബെലാഡ് പറഞ്ഞു: “അന്താരാഷ്ട്ര യാത്രക്കാർക്ക് വിസ കിട്ടാനുള്ള താമസം ഒഴിവാക്കാൻ ഇന്ത്യയിലെ കോൺസലർ സ്റ്റാഫ് കൂടുതൽ സമയം ജോലി ചെയ്യുകയാണ്.”
കോവിഡ് മഹാമാരിക്കാലത്താണ് വിസ അപേക്ഷകൾ ഏറെ വൈകിയത്. യാത്രാ വിലക്കുകൾ നീക്കിയതോടെ ഇന്ത്യയിലെ യുഎസ് കാര്യാലയങ്ങൾ വിസ നൽകാൻ കൂടുതൽ ഉഷാറായെന്നു എംബസി പറയുന്നു. “2022 ൽ എട്ടു ലക്ഷം വിസകളാണ് നൽകിയത്. അതിൽ വിദ്യാർഥി-തൊഴിൽ വിസകൾ റെക്കോഡാണ്.”
US gears up to issue visas faster in India