Monday, April 22, 2024
HomeUSAയുഎസിൽ വ്യാജ നഴ്‌സിംഗ് സർട്ടിഫിക്കറ്റ് വിറ്റു 100 മില്യൺ തട്ടിയ സംഘം പിടിയിൽ

യുഎസിൽ വ്യാജ നഴ്‌സിംഗ് സർട്ടിഫിക്കറ്റ് വിറ്റു 100 മില്യൺ തട്ടിയ സംഘം പിടിയിൽ

നഴ്‌സിംഗ് ബിരുദങ്ങൾ വ്യാജമായി നൽകുന്ന ഒരു സംഘത്തെ തകർത്തതായി നീതിന്യായ വകുപ്പ് (ഡി ഓ ജെ) അറിയിച്ചു. അഞ്ചു യുഎസ് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു ശ്രുംഖല ആയിരുന്നു അത്.

നിരവധി വർഷങ്ങൾ സജീവമായിരുന്ന സംഘം 100  മില്യനിലേറെ സമ്പാദിച്ചു. നഴ്‌സിംഗ് ലൈസൻസ് കിട്ടാൻ വളഞ്ഞ വഴി തേടിയ ആയിരങ്ങളാണ് ഇവരുടെ കെണിയിൽ വീണത്. ആളൊന്നുക്ക് $15,000 വരെ പിരിച്ചു.

അക്രെഡിറ്റെഷൻ ഉള്ള സ്കൂളുകളുടെ ഡിപ്ലോമകളും മറ്റു രേഖകളും വ്യാജമായി നിർമിക്കയായിരുന്നു. ദേശീയ നഴ്‌സിംഗ് ബോർഡ് പരീക്ഷ എഴുതുന്നവർക്കു അതിനുള്ള യോഗ്യത കൃത്രിമമായി ഉണ്ടാക്കി കൊടുത്തു. പരീക്ഷ എഴുതേണ്ടി വരുമ്പോഴും പല പ്രധാനപ്പെട്ട കടമ്പകളും ഒഴിവാക്കാൻ അവർക്കു കഴിഞ്ഞു. ലൈസൻസും ജോലിയും കിട്ടുകയും ചെയ്തു.

ഫ്ലോറിഡയിൽ കേന്ദ്രീകരിച്ചു നിന്ന തട്ടിപ്പു സംഘം 7,600റിലധികം ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും വിറ്റുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഫ്ലോറിഡ, ന്യൂ യോർക്ക്, ന്യൂ ജഴ്‌സി, ടെക്സസ്, ഡെലവെയർ എന്നീ സംസ്ഥാനങ്ങളിൽ നടത്തിയ തിരച്ചിലിൽ 25 തട്ടിപ്പുകാരെ പിടികൂടി.

ഞെട്ടിക്കുന്ന തട്ടിപ്പാണിതെന്നു സ്പെഷ്യൽ ഏജന്റ് ഒമർ പെരെസ് ഏയ്ബർ  എ ബി സി ടെലിവിഷനോട് പറഞ്ഞു.

ഫ്ലോറിഡയിലെ യുഎസ് അറ്റോണി മെർകെൻസി ലപോയിൻ പറഞ്ഞു: “ആരോഗ്യ രംഗത്തു തട്ടിപ്പുകാർ ഉണ്ടാവാൻ പാടില്ലെന്നു ഞങ്ങൾക്കു നിർബന്ധമുണ്ട്. പ്രത്യേകിച്ച്, നഴ്‌സിംഗ് വിദ്യാഭ്യാസം കൃത്യമായിരിക്കണം. നമ്മുടെ കുട്ടിയെ പരുക്കേറ്റു ആശുപത്രിയിൽ എത്തിക്കുമ്പോൾ വ്യാജ നഴ്‌സാണ് ശുശ്രൂഷിക്കുന്നതെന്നു നമുക്ക് ചിന്തിക്കാൻ ആവില്ല.”

ഡി ഓ ജെ, എഫ് ബി ഐ, എച് എച് എസ്-ഓ ഐ ജി ഉദ്യോഗസ്ഥർ പതിനായിരത്തിലേറെ രേഖകൾ പരിശോധിച്ചെന്നു ഏയ്ബർ പറഞ്ഞു. “ഏതെങ്കിലും പാഠ്യപദ്ധതിയിലൂടെ കടന്നു പോയിട്ടല്ല ഡിപ്ലോമകൾ സമ്പാദിച്ചതെന്നു കണ്ടെത്തി. വെറും പണം അടിച്ചു കൂട്ടുന്ന ഇടപാടായിരുന്നു അത്.”

മൂന്നു നഴ്‌സിംഗ് സ്കൂളുകളുടെ ഉടമകളും ജീവനക്കാരുമൊക്കെ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചതിനു കുറ്റക്കാരാണ്. ഈ സ്കൂളുകൾ പൂട്ടി. ഇരകളെ കണ്ടെത്തുന്നവരും പ്രതികളാണ്. “പണത്തോടുള്ള ആർത്തി ഒന്നു മാത്രമാണ് അവരെ നയിച്ചത്.”

ആയിരക്കണക്കിനു മണിക്കൂറുകൾ പരിശീലനം നേടിയാണ് ഒരു നഴ്‌സ് ജോലിയിൽ എത്തുന്നതെന്നു ലപോയിൻ ചൂണ്ടിക്കാട്ടി. വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചവർ അത് ചെയ്തിട്ടില്ല. പരിശീലനം പാടെ ഒഴിവാക്കി.

എവിടെയെങ്കിലും രോഗികൾക്ക് ഇത്തരം നഴ്‌സുമാരിൽ നിന്നു പ്രശ്നം ഉണ്ടായതായി വിവരമില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ഇവർ ആരും രോഗികളെ ശുശ്രൂഷിച്ചിട്ടില്ലെന്നു ഉറപ്പു വരുത്താനുള്ള അന്വേഷണങ്ങൾ നടത്തി.

ശിക്ഷിക്കപ്പെട്ടാൽ പ്രതികൾക്ക് 20 വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു ഡി ഓ ജെ പറഞ്ഞു.

Racket selling fake nursing certificates busted

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular