Thursday, April 25, 2024
HomeUSAഏഷ്യാനെറ്റിന്റെ കാനഡ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് 2023 ഏപ്രില്‍ 22ന്

ഏഷ്യാനെറ്റിന്റെ കാനഡ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് 2023 ഏപ്രില്‍ 22ന്

ടൊറന്റോ : ഇന്ത്യന്‍ വംശജയരായ ആരോഗ്യപ്രവര്‍ത്തകരില്‍ മികവു കാട്ടിയവരെ ആദരിക്കുന്നതിന് ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഹെല്‍ത്ത് കെയര്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ കാനഡയിലും സമ്മാനിക്കുന്നു. പ്രമുഖ സാമൂഹിക സംഘടനയായ ഒന്റാരിയോ ഹീറോസ് ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ സര്‍വീസസുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്. 2023 ഏപ്രില്‍ 22 ശനിയാഴ്ചയാണ് പരിപാടി. ആരോഗ്യരംഗത്തെ മികച്ച സംഭാവനകളും കോവിഡ് കാലത്തെ സേവനങ്ങളും കണക്കിലെടുത്ത് ഏഴ് പുരസ്‌കാരങ്ങളാണ് നല്‍കുക. ബ്രാപ്ടണിലുള്ള ഗ്രാന്‍ഡ് എംപയര്‍ ബാങ്ക്വറ്റ് ഹാളില്‍ വൈകിട്ട് അഞ്ചരയ്ക്കാണ് അവാര്‍ഡ് നിശ.

മിസ്സിസാഗയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രവിശ്യാ പാര്‍ലമെന്റംഗം ദീപക് ആനന്ദ് ആണ് അവാര്‍ഡ് നിശയുടെ പ്രഖ്യാപനം നടത്തിയത്. ഏഷ്യാനെറ്റ് സീനിയര്‍ അസോഷ്യേറ്റ് എഡിറ്റര്‍ അനില്‍ അടൂര്‍, നോര്‍ത്ത് അമേരിക്കന്‍ ഓപ്പറേഷന്‍സ് മേധാവി ഡോ. കൃഷ്ണ കിഷോര്‍ എന്നിവര്‍ ഓണ്‍ലൈനിലും പങ്കുചേര്‍ന്നു. പുരസ്‌കാരം സംബന്ധിച്ച വിശദവിവരങ്ങളും പരിഗണിക്കുന്നതിനായുള്ള മാനദണ്ഡങ്ങളും ടിക്കറ്റും ഒന്റാറിയോ ഹീറോസ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍, കോവിഡ് വാരിയര്‍, നഴ്‌സ് ഓഫ് ദ് ഇയര്‍, ഡോക്ടര്‍ ഓഫ് ദ് ഇയര്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ്, ലീഡര്‍ഷിപ്, ഹെല്‍ത്ത് കെയര്‍ ഹീറോ എന്നിവയാണ് പുരസ്‌കാരങ്ങള്‍. കാനഡയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  പുരസ്‌കാരത്തിനായി ഏപ്രില്‍ 12 വരെ നോമിനേഷന്‍ സമര്‍പ്പിക്കാം. യോഗ്യരായവരെ നാമനിര്‍ദേശം ചെയ്യാന്‍ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അവസരമുണ്ടാകുമെന്നും ഒന്റാരിയോ ഹീറോസ് പ്രസിഡന്റും സിഇഒയുമായ പ്രവീണ്‍ വര്‍ക്കി, ഏഷ്യാനെറ്റ് ആഡ് സെയില്‍സ് ആന്‍ഡ് ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ ജിത്തു ദാമോദര്‍ എന്നിവര്‍ അറിയിച്ചു. ഏഷ്യാനെറ്റ് നിയോഗിക്കുന്ന മൂന്നംഗ സ്വതന്ത്രസമിതിയാകും പുരസ്‌കാരജേതാക്കളെ നിശ്ചയിക്കുക. നാമനിര്‍ദേശങ്ങള്‍ അയയ്‌ക്കേണ്ട വിലാസം: hcacanada@asianetnews.in

നടി ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയും ഉസ്താദ് ഇര്‍ഫാന്‍ ഖാന്റെ സര്‍ബാഹര്‍ കച്ചേരി ഉള്‍പ്പെടെ വിവിധ ഭാരതീയ കലാ-സാംസ്‌കാരിക പരിപാടികളുമുണ്ടാകുമെന്ന് കള്‍ച്ചറല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കവിത കെ. മേനോന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസില്‍ ലൈവ് സംപ്രേഷണം ചെയ്യുന്ന അവാര്‍ഡ് നിശയില്‍ സ്‌പോണ്‍സര്‍മാരാകാനും അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 2500  മുതല്‍ 20,000 ഡോളര്‍ വരെയാണ് സ്‌പോണ്‍സര്‍ഷിപ്പ് തുക. ഇതിന്റെയും വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അവാര്‍ഡ് നിശയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കും. പതിനെട്ട് വയസില്‍ താഴെയുള്ളവര്‍ക്ക് 50 ഡോളര്‍, പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് 100 ഡോളര്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.  നാല് പേരടങ്ങുന്ന കുടുംബത്തിന് 250 ഡോളറിന് ടിക്കറ്റ് ലഭിക്കും. രാഷ്ട്രീയ- സാമൂഹിക-ആരോഗ്യ രംഗങ്ങളിലെ പ്രമുഖര്‍ക്കൊപ്പം ഹീറോസ് ലോഞ്ചിലെ ഇരിപ്പിടത്തിന്  രണ്ടു പേര്‍ക്ക്  1000 ഡോളറാണ് നിരക്ക്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഒന്റാരിയോ ഹീറോസ് പ്രതിനിധികളായ ഡോ. സന്ദീപ് ശ്രീഹര്‍ഷന്‍ ( 416-729-6652), അശ്വനി അന്ന മാത്യു (647- 674-4436), രാജു ഡേവിസ് (647- 741-1331), പ്രിന്‍സ് ജോണ്‍ (647- 648-6453) രോഹിത് മാലിക് (647- 391-4452) എന്നിവരുമായി ബന്ധപ്പെടണം.

അമേരിക്കയിലും യുഎഇയിലും കുവൈത്തിലും ഇതിനകം നടത്തിയ ഹെല്‍ത്ത്‌കെയര്‍ എക്‌സലന്‍സ് അവാര്‍ഡ് നിശയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലും ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് നല്‍കുന്നുണ്ട്.

സാമുഹികസംഘടനയായി ദേശീയതലത്തില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒന്റാരിയോ ഹീറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനാറ് രാജ്യങ്ങളില്‍നിന്നുള്ള, മുപ്പതോളം പ്രഫഷനങ്ങള്‍ വിഭാഗങ്ങളില്‍നിന്നുള്ള  ഇരുന്നൂറ്റന്‍പതോളം സന്നദ്ധപ്രവര്‍ത്തകരാണുള്ളത്. കോവിഡ് കാലത്ത് ഒട്ടേറെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ നേതൃത്വം നല്‍കി ശ്രദ്ധേയരായിരുന്നു. നവകുടിയേറ്റക്കാര്‍ക്കും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും കൗണ്‍സലിങ്, നിയമസഹായം, തൊഴില്‍നേടുന്നതിനും മറ്റുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തുടങ്ങി മുപ്പതോളം സൗജന്യ സേവനങ്ങളാണ് ഒന്റാരിയോ ഹീറോസ് നല്‍കുന്നുണ്ട്.ഒന്റാരിയോയ്ക്ക് പുറമെ ആല്‍ബര്‍ട്ട, നോവ സ്‌കോഷ്യ പ്രവിശ്യകളിലും ഒന്റാരിയോ ഹീറോസിന്റെ സേവനങ്ങള്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ontarioheroes.ca എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഏഷ്യാനെറ്റിന്റെ കാനഡ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് 2023 ഏപ്രില്‍ 22ന്ഏഷ്യാനെറ്റിന്റെ കാനഡ ഹെല്‍ത്ത് കെയര്‍ അവാര്‍ഡ് 2023 ഏപ്രില്‍ 22ന്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular