Tuesday, April 23, 2024
HomeIndiaപശുക്കടത്ത് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു; അപകടമരണമെന്ന് പൊലീസ്

പശുക്കടത്ത് ആരോപിച്ച്‌ യുവാവിനെ തല്ലിക്കൊന്നു; അപകടമരണമെന്ന് പൊലീസ്

ഗുരുഗ്രാം : പശുക്കടത്ത് ആരോപിച്ച്‌ ഹരിയാനയിലെ പശുസംരക്ഷണ ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നതായി ബന്ധുക്കളുടെ പരാതി.

മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. എന്നാല്‍, യുവാവ് റോഡപകടത്തില്‍ മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

പൊലീസിന്റെ അവകാശവാദം തള്ളിയ കുടുംബം, പശുസംരക്ഷണ ഗുണ്ടയും ബജ്രംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ എന്നയാളുടെ നേതൃത്വത്തില്‍ വാരിസിനെ ക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചു. ഇത് സംബന്ധിച്ച്‌ ബജ്രംഗ് ദള്‍ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും കുടുംബം തെളിവായി പുറത്തുവിട്ടു. കരളിനേറ്റ മൂര്‍ച്ചയേറിയ ക്ഷതവും ആന്തരിക രക്‍തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഖോരി കലന്‍ ഗ്രാമത്തിന് സമീപം ടൗരു ഭിവാദി റോഡിലാണ് സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീന്‍ എന്നിവരും സഞ്ചരിച്ച സാന്‍ട്രോ കാര്‍ ടെമ്ബോയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്‍, ഗോസംരക്ഷണ ഗുണ്ടകള്‍ ഇവരെ പിന്തുടര്‍ന്ന് അപകടശേഷം മൂവരെയും മര്‍ദിക്കുകയും ഇതിന്റെ വിഡിയോ പകര്‍ത്തുകയും ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. വാരിസ് അടക്കമുള്ളവരെ നിലത്തിരുത്തി ചുറ്റിലും തോക്കും ആയുധങ്ങളുമായി ബജ്രംഗ്ദളുകാര്‍ നില്‍ക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.

മോനുമനേസര്‍ എന്നയാള്‍ മുമ്ബും നിരവധി പേരെ പശുവിന്റെ പേരില്‍ ആക്രമിച്ചതായി പരാതിയുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇയാള്‍ ഇത്തരം ആക്രമണങ്ങളുടെ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കാറുമുണ്ട്.

വാരിസ് കാര്‍ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അവന് പങ്കില്ലെന്നും മൂത്ത സഹോദരന്‍ ഇമ്രാന്‍ പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പരിശോധിക്കാന്‍ ഭിവാഡിയില്‍ പോയ വാരിസും സുഹൃത്തുക്കളും തിരിച്ചുവരുമ്ബോഴാണ് സംഭവമെന്ന് ഇമ്രാന്‍ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒന്നരവര്‍ഷം മുമ്ബ് വിവാഹിതനായ വാരിസിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

അതേസമയം, വാഹനത്തില്‍ പശുവിനെ കണ്ടെത്തിയതായും കൊല്ലപ്പെട്ട വാരിസ് അടക്കം മൂന്നുപേര്‍ക്കുമെതിരെ ഹരിയാന പശുസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ടെമ്ബോ ഡ്രൈവര്‍ അബ്ദുള്‍ കരീമിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അപകടകരമായ ഡ്രൈവിങ്ങിനും കേസ് രജിസ്റ്റര്‍ ചെയ്തു. നഫീസിനെതിരെ മുമ്ബ് പശുക്കടത്തിനും കശാപ്പ് ചെയ്തതിനും കേസുള്ളതായും പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular