Tuesday, April 23, 2024
HomeUSAനോർത്ത് കരളിനയിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരെ അക്രമം; പോലീസ് അനങ്ങുന്നില്ലെന്നു പരാതി

നോർത്ത് കരളിനയിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരെ അക്രമം; പോലീസ് അനങ്ങുന്നില്ലെന്നു പരാതി

നോർത്ത് കരളിനയിൽ സിക്ക് ഗുരുദ്വാരയ്ക്കു നേരെ ആക്രമണ പരമ്പര. ഏറെ അസ്വസ്ഥരായ സമൂഹ അംഗങ്ങൾ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചു.

ഷാർലറ്റിയിലെ ആരോവൂഡ് റോഡിലുള്ള ഗുരുദ്വാര സാഹിബ് ഖൽസ ദർബാറിന്റെ ജനാലകളും ലൈറ്റുകളും സെക്യൂരിറ്റി ക്യാമറകളും ആക്രമണങ്ങളിൽ തകർന്നു.

“ഇതൊരു ഞെട്ടിക്കുന്ന അനുഭവമാണ്,” സിക്ക് സമുദായ അംഗമായ അജയ് സിംഗ് ‘ഷാർലറ്റി ഒബ്സെർവേർ’ പത്രത്തോട് പറഞ്ഞു. “ഞങ്ങൾ ഇവിടെ ഒരു കൊച്ചു സമൂഹമാണ്.”

2021 ലെ കമ്മ്യൂണിറ്റി സർവേ അനുസരിച്ചു സംസ്‌ഥാനത്തെ 10.5 മില്യൺ ജനസംഖ്യയിൽ സിക്കുകാർ വെറും 6,900 മാത്രമാണ്.

കഴിഞ്ഞ ശരത്കാലത്താണ് ഗുരുദ്വാരയ്ക്കു നേരെ ആക്രമണം തുടങ്ങിയതെന്നു സിംഗ് പറഞ്ഞു. ആദ്യം ചവറു കൊണ്ടു വന്നിടുകയാണു  ചെയ്തത്. “ജനുവരി 3 നു പ്രാർഥനാ മുറിയുടെ അടുത്തുള്ള ജനാല തകർത്തു. രണ്ടു ദിവസം കഴിഞ്ഞു കുട്ടികളുടെ മുറിക്കടുത്തും.”

ഗുരുദ്വാര അംഗങ്ങൾ പോലീസ് റിപ്പോർട്ട് ഫയൽ ചെയ്തെന്നു ‘ഒബ്സെർവർ’ പത്രം പറയുന്നു. എന്നാൽ അങ്ങിനെയൊരു റിപ്പോർട്ട് ഡിസംബർ 1 നും ജനുവരി 13 നും ഇടയിൽ ലഭിച്ചിട്ടില്ലെന്നു ഷാർലറ്റി-മെക്‌ളെൻബർഗ് പോലീസ് പറയുന്നു. സജീവ അന്വേഷണമുണ്ടോ എന്ന പത്രത്തിന്റെ ചോദ്യത്തിന് അവർ മറുപടി പറഞ്ഞില്ല.

“നിയമപാലനം ഊർജിതമാക്കണം,” ഗുരുദ്വാര അംഗമായ പവൻജീത് സിംഗ് പറഞ്ഞു. “ആരാണ് ഇതൊക്കെ ചെയ്യുന്നതെന്നും എന്തിനാണെന്നും കണ്ടു പിടിക്കേണ്ടതു പോലീസ് ആണ്.”

ആക്രമണം നടക്കുമ്പോൾ ഗുരുദ്വാരയിൽ ആരും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം എന്തിനാണെന്ന് വ്യക്തമല്ല. “90% പോലീസുകാർക്കും സിക്കുകാർ ആരാണെന്നു അറിയില്ല. അപ്പോൾ പിന്നെ സിക്ക് ക്ഷേത്രത്തിൽ ആക്രമണം എന്നു പറഞ്ഞാൽ അവർ എന്തു മനസിലാക്കാനാണ്.”

കേടുപാടുകൾ തീർക്കാനും സുരക്ഷാ വേലിയും ഗേറ്റും വയ്ക്കാനും ഗുരുദ്വാര അംഗങ്ങൾ ഗോഫണ്ട്മി പേജ് ആരംഭിച്ചു. നാൽപതോളം കുട്ടികൾ എത്തുന്ന സ്കൂൾ ഈ ഗുരുദ്വാര നടത്തുന്നുണ്ട്. കൂടാതെ സമൂഹ ഭക്ഷണം നൽകുന്നു. പഞ്ചാബി ഭാഷയിലും സംഗീതത്തിലും ക്ലാസുകൾ നടത്തുന്നു. നേതൃത്വ പരിശീലനവും നൽകുന്നു.

North Carolina Gurudwara comes under attack 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular