Tuesday, April 23, 2024
HomeGulfസൗജന്യ ട്രാന്‍സിറ്റ് വിസ സൗദി വഴി യാത്ര ചെയ്യുന്നവര്‍ക്ക്

സൗജന്യ ട്രാന്‍സിറ്റ് വിസ സൗദി വഴി യാത്ര ചെയ്യുന്നവര്‍ക്ക്

റിയാദ്: പുതുതായി പ്രഖ്യാപിച്ച ട്രാന്‍സിറ്റ് വിസ സൗകര്യം സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവര്‍ക്ക്. ലോകത്തെ വിവിധ ലക്ഷ്യങ്ങളിലേക്കു പോകാന്‍ സൗദി എയര്‍ലൈന്‍സ്, ഫ്ലൈനാസ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് യാത്രക്കിടയില്‍ സൗദി അറേബ്യയില്‍ ഇറങ്ങി നാലു ദിവസം (96 മണിക്കൂര്‍) വരെ തങ്ങാന്‍ അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ സൗജന്യമായി നല്‍കുന്നത്.

ലോകത്തെ ഏതു രാജ്യക്കാര്‍ക്കും ട്രാന്‍സിറ്റ് വിസ നേടി സൗദിയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇറങ്ങാനും ഉംറ തീര്‍ഥാടനമോ വിനോദസഞ്ചാരമോ മറ്റ് ആവശ്യങ്ങളോ നിര്‍വഹിക്കാനും കഴിയുമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം കോണ്‍സല്‍ വിഭാഗം സെക്രട്ടറി അലി അല്‍യൂസുഫിനെ ഉദ്ധരിച്ച്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉംറയും മദീന സന്ദര്‍ശനവും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കുള്ള സന്ദര്‍ശനവും നടത്താനാവും. രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കാനും സുഹൃത്തുക്കളെ സന്ദര്‍ശിക്കാനും സാധിക്കും. എന്നാല്‍, ഹജ്ജിന് അനുമതി നല്‍കില്ല.

അതേസമയം, ട്രാന്‍സിറ്റ് യാത്രക്കാരെ രാജ്യത്ത് വാഹനം ഓടിക്കാന്‍ അനുവദിക്കുമെന്ന് സൗദി പൊതുസുരക്ഷ വിഭാഗം അറിയിച്ചു. റെന്‍റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കു കീഴിലെ വാഹനങ്ങള്‍ വാടകക്കെടുത്ത് ഓടിക്കാനാണ് അനുമതി. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിര്‍ ബിസിനസ് ആപ്ലിക്കേഷനിലുള്ള ‘ഡ്രൈവിങ് ആഥറൈസേഷന്‍ സേവനം’ വഴി കാറുകള്‍ വാടകക്ക് നല്‍കാനാണ് റെന്‍റ് എ കാര്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി.

ഇക്കഴിഞ്ഞ ജനുവരി 30 മുതലാണ് സൗജന്യ ട്രാന്‍സിറ്റ് വിസ സംവിധാനം നിലവില്‍ വന്നത്. സൗദി എയര്‍ലൈന്‍സിന്റെയും ഫ്ലൈനാസിന്റെയും ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ട്രാന്‍സിറ്റ് വിസക്ക് അപേക്ഷിച്ച്‌ നേടാന്‍ കഴിയും. ഓണ്‍ലൈനില്‍ ആവശ്യമായ വിവരം പൂരിപ്പിച്ച്‌ സമര്‍പ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകള്‍ക്കായുള്ള പോര്‍ട്ടലിലേക്കാണ് പോവുക. ഉടന്‍തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇ-മെയില്‍ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും.

സ്വാഗതംചെയ്ത് സൗദി ടൂറിസം അതോറിറ്റി

ജിദ്ദ: സൗദി ദേശീയ വിമാനക്കമ്ബനികളിലെ യാത്രക്കാര്‍ക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ ഏര്‍പ്പെടുത്തിയ തീരുമാനത്തെ സൗദി ടൂറിസം അതോറിറ്റി സ്വാഗതം ചെയ്തു. സൗദി എയര്‍ലൈന്‍സിലും ഫ്ലൈനാസിലും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ 90 ദിവസത്തെ സാധുതയുള്ള വിസ അവര്‍ക്ക് നേടാനാകും.

രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പ്രകൃതിദത്തമായി മനോഹരമായതും ചരിത്രപരവും പൈതൃകവുമായ സ്ഥലങ്ങള്‍ എന്നിവ ആസ്വദിക്കാനും സൗദി സമൂഹത്തിന്റെ ഉദാരമനസ്കതയുടെയും ആതിഥ്യമര്യാദയുടെയും സംസ്കാരത്തെക്കുറിച്ച്‌ അറിയാനും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇതിലൂടെ സാധിക്കും. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏകീകൃത പ്ലാറ്റ്‌ഫോമായ ‘നസ്‌കില്‍’ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടെന്നും ടൂറിസം അതോറിറ്റി വ്യക്തമാക്കി.

ട്രാന്‍സിറ്റ് വിസയുടെ സമാരംഭം ടൂറിസം മേഖലയിലെ വികസനത്തിനും വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ കൂടുതല്‍ തെളിവാണെന്ന് ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ അഖീല്‍ അല്‍ഖത്തീബ് പറഞ്ഞു. ആഗോള വിനോദസഞ്ചാരകേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനും ‘വിഷന്‍ 2030’ന് അനുസൃതമായി ഈ മേഖലയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് സംഭാവന ചെയ്യും. ട്രാന്‍സിറ്റിലുള്ള യാത്രക്കാര്‍ക്കാണ് ഈ വിസ സേവനം നല്‍കുന്നതെന്നും അവര്‍ക്ക് ഉംറ നിര്‍വഹിക്കാനും ബിസിനസ് യോഗങ്ങള്‍ നടത്താനും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആസ്വദിക്കാനും ഇതിലൂടെ സാധിക്കുമെന്നും ടൂറിസം മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular