Thursday, April 25, 2024
HomeEditorialഅരികില്‍ നീയുണ്ടായിരുന്നെങ്കില്‍..... (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-76)

അരികില്‍ നീയുണ്ടായിരുന്നെങ്കില്‍….. (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-76)

ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും അതിതീവ്രമായി പരസ്പ്പരം മത്സരിച്ചു പ്രണയിച്ച രണ്ടുപേര്‍ !. ജീവിതത്തില്‍ ഞാന്‍ അടുത്തു കണ്ട ഏറ്റവും തീഷ്ണവും  സങ്കടകരവുമായ പ്രണയം .അത് രണ്ടു വയോധികരുടേതായിരുന്നു. ആ പ്രണയകാലത്ത് ഞാനൊരു ഹംസമായി അവതരിക്കേണ്ടതായും വന്നു. അതു പറയാതെ ഈ പ്രണയദിനത്തെ അതിജീവിക്കാന്‍ അശക്തയാണ് ഞാന്‍.

പ്രണയം യാദൃച്ഛികമായി അങ്ങു വന്നുചേരുകയാണ്, സംഭവിക്കുകയാണ്. നമ്മള്‍ ആയിരക്കണക്കിനു പേരെ ജീവിതത്തില്‍ കണ്ടുമുട്ടുന്നു. മറ്റാരോടും തോന്നാത്ത ‘ ഒരിത് ‘ ഒരു പ്രത്യേക വ്യക്തിയോടുമാത്രം തോന്നുക. അതേ ആളിനും ആ സ്പാര്‍ക്ക് തിരിച്ചു തോന്നുക, അപ്രതീക്ഷിതമായി ആ വ്യക്തിയെ വീണ്ടും നമ്മുടെ മുന്നിലേക്ക് എത്തിക്കുക !. ഇതൊക്കെ ആരുടെ പരിപാടിയാണ് ?. കര്‍ത്താവുതന്നെ കാരണക്കാരന്‍ എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ദൈവം സ്‌നേഹം തന്നെ എന്നാണല്ലോ വചനം.

എഴുപതുകളിലും എണ്‍പതുകളിലും യാത്ര ചെയ്യുന്ന രണ്ടുപേര്‍ . ഒരു കല്യാണവിരുന്നില്‍ ഒരേ മേശയില്‍ അടുത്തടുത്ത കസേരകളിലിരുന്ന് വിരുന്നില്‍ പങ്കുചേരുന്നു. എല്ലാവരും ചെയ്യുന്നതുപോലെ , അപരിചിതരാണെങ്കിലും പരസ്പരം ഭക്ഷണം വിളമ്പുന്നു, കഴിക്കുന്നു, പരിചയപ്പെടുന്നു. അദ്ദേഹം കട്‌ലറ്റ് വിളമ്പിക്കൊടുത്തപ്പോള്‍ അവര്‍ സാലഡ് വിളമ്പി. ഒപ്പമുണ്ടായിരുന്നവരറിയാതെ അവര്‍ക്കിടയില്‍ ഒരു സ്പാര്‍ക്ക് !. മിണ്ടിപ്പറഞ്ഞുവന്നപ്പം അമ്മായീടെ മോടെ ഭര്‍ത്താവിന്റെ പെങ്ങടെ കെട്ടിയോന്റെ അന്തിരവന്റെ വകയില്‍ ഒരു ബന്ധം … അപ്പാപ്പന്‍ എക്‌സ് മിലിട്ടറി. വിധവനാണ്. മക്കളൊക്കെ പുറത്താണ്.ആന്റിയും വിധവ. മക്കളും വിദേശത്ത്. ഒരേ തൂവല്‍ പക്ഷികള്‍..

ഇടവകപ്പള്ളിയേതാണെന്നൊക്കെ ചോദിച്ചുവച്ച അങ്ങേര് പിറ്റെയാഴ്ച വൃദ്ധയുടെ പള്ളിയിലെത്തി .ദൂരം ഇത്തിരി ഉണ്ടായിട്ടും പിന്നതൊരു സ്ഥിരം പരിപാടിയായി. ഫോണ്‍നമ്പറൊക്കെ വാങ്ങി രാത്രി മുഴുവന്‍ വര്‍ത്തമാനം കത്തിക്കയറി. കടുത്ത ഏകാന്തതയിലെ സഹയാത്രികരായി അവരറിയാതെ അവര്‍ കടന്നുകൂടി. നേരം പുലരുമ്പോള്‍ , ആദ്യവിളിയെത്തുന്നതു കാത്ത് അവര്‍ അക്ഷമരായി. ഉള്‍ഭയമായിരുന്നത്രേ. രാത്രിയില്‍ ഒറ്റയ്ക്ക് കിടക്കുമ്പോള്‍ വല്ലതും സംഭവിച്ചാലോ എന്ന്.
സത്യത്തില്‍ കടുത്ത ഏകാന്തതയാണ് അവരെ ഒരുമിപ്പിച്ചതെന്ന് എനിക്കു തോന്നി.

…വായ്ക്കും അനുരാഗനദിക്ക് വിഘ്‌നം വരുമെന്നല്ലേ കവി പാടിയത്. കോവിഡാണ് വിഘ്‌നം കൊണ്ടുവന്നത്. വയസ്സായാലും ഒരു സ്ത്രീ തനിയെ പാര്‍ക്കുന്ന വീട്ടില്‍ സദാചാരപ്പോലിസിന്റെ കണ്ണുകള്‍ കാവലുണ്ടാവുമല്ലോ. അങ്ങനാണ് എന്നെപ്പിടിച്ച് അവരുടെ പ്രണയത്തിനിടയില്‍ തള്ളിയിട്ടത്. ചക്കഹല്‍വ ഉണ്ടാക്കിയിട്ടുണ്ട്, പപ്പായ ജാം  ഉണ്ടാക്കിവച്ചിട്ടുണ്ട്, കൊഞ്ചുമപ്പാസും പാലപ്പവും കഴിക്കാന്‍ വാ എന്നൊക്കെ പറഞ്ഞ് കൊതിപ്പിച്ചും വ്യമോഹിപ്പിച്ചും അവരുടെ വീട്ടിലെത്തിച്ച്  പത്തുമിനുട്ടു കഴിഞ്ഞപ്പോഴുണ്ട് മൂപ്പിലാനും എത്തുന്നു !.

ഏതു പ്രായത്തിലായാലും പ്രണയം മനുഷ്യനെ സുന്ദരന്‍മാരും സുന്ദരികളുമാക്കുമെന്ന് തൊട്ടടുത്തു നിന്ന് ഞാന്‍ കാണുകയായിരുന്നു. അതുവരെ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട രണ്ടുപേരായിരുന്നു അവര്‍. ഉണങ്ങിക്കരിഞ്ഞ ചെടി ആദ്യമഴയില്‍ കുളിച്ച്  ദിവസങ്ങള്‍ക്കൊണ്ട് തളിര്‍ത്ത് പൂമൊട്ടുകള്‍ വിരിയുംപോലെ ഒരത്ഭുതം. ജരാനരകള്‍ ബാധിച്ച, രണ്ടു ശരീരങ്ങള്‍ യൗവനത്തിലെ പ്രണയത്തേക്കാള്‍ അതിതീഷ്ണമായി സ്‌നേഹിക്കാന്‍ തുടങ്ങി. അപ്പാപ്പന്‍ കോവിഡ് ബാധിച്ച് അവസാനഘട്ടത്തിലെത്തിയിട്ടും മരണത്തിനു വിട്ടുകൊടുക്കാതെ പ്രണയത്തിന്റെ മാന്ത്രികതയാല്‍ അദ്ദേഹത്തെ തിരിച്ചുപിടിച്ച  സ്‌നേഹിത. അങ്ങേര്‍ക്കു വായ്ക്കു രുചിയില്ല കൂട്ടീന്ന് പറഞ്ഞ്   അക്കാലത്ത് മീന്‍ അച്ചാറും ഉപ്പേരിയും മറ്റുമുണ്ടാക്കി എന്റെ കൈയ്യില്‍ തന്നു വിട്ടിരുന്നു. എനിക്ക് അത്ഭുതം മാത്രമല്ല അസൂയയും തോന്നിച്ച സൗഹൃദമായിരുന്നു അത്. ഒന്നും പ്രതീക്ഷിക്കാനില്ലാതെ വെറുതെ സ്‌നേഹിക്കുന്ന മനോഹര കാഴ്ച. ജീവിതത്തിന്റെ കുന്നിറക്കങ്ങള്‍ താണ്ടിക്കഴിഞ്ഞ ആ രണ്ടുപേര്‍ മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്ന നേരത്തും സ്‌നേഹത്തിന്റെ ഉന്‍മാദത്തിലായിരുന്നു.

ഒടുവില്‍ വിടപറയാനുള്ള നേരമെത്തി. ഒറ്റയ്ക്കായ അപ്പാപ്പന്‍ കോവിഡ് നല്‍കിയ ക്ഷീണത്തില്‍ അവശനായപ്പോള്‍ മക്കള്‍ ഒപ്പം കൊണ്ടുപോയി. മക്കള്‍ അനുവദിക്കാതെ വീട്ടിലേക്കു മടങ്ങാന്‍ അദ്ദേഹത്തിന് ആവില്ല. തിരികെ വരാതിരിക്കാന്‍ അദ്ദേഹത്തിന് ആവില്ലെന്നു പറഞ്ഞ് അവരിപ്പോഴും കാത്തിരിക്കയാണ്. ആ പ്രതീക്ഷകള്‍ക്ക് കൂട്ടിരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അല്ലെങ്കില്‍ അവര്‍ തളരും. പ്രണയവഴിയില്‍  അവര്‍ ഇടറി വീഴുന്നത് കാണാന്‍ എനിക്കും ഇഷ്ടമല്ല. കാരണം അതൊരു വിശുദ്ധ പ്രണയമാണ്. ശരീരത്തിനു സ്ഥാനമില്ലാത്ത, രണ്ടാത്മാക്കള്‍ക്കിടയിലെ കളങ്കരഹിതമായ സ്‌നേഹം.

പ്രണയിക്കാത്തവരായി ഈ ഭൂമി മലയാളത്തില്‍ ആരെങ്കിലും കാണുമോ ?.അടുപ്പമുള്ള പല ‘ പുണ്യാള’ രോടും ഞാന്‍ പ്രണയത്തെപ്പറ്റി സംസാരിക്കാറുണ്ട്. ചിലര്‍ പറയും അതൊക്കെ ഞങ്ങടെ കാലത്തില്ലായിരുന്നു. ഇപ്പം വാട്‌സാആപ്പും എഫ്ബിയും ഇന്‍സ്റ്റായുമൊക്കെ വന്നപ്പോഴല്ലേ സൗകര്യത്തിന് പ്രണയിക്കാനായത് എന്ന്. എന്നാ നുണയാ ആ പറയുന്നതെന്ന് മുഖം കണ്ടലറിയാം. എന്നോടും പ്രണയത്തെപ്പറ്റി ചോദിച്ചവരുണ്ട്. ഞാനങ്ങു സത്യം പറയും. പ്രണയത്തിന് പ്രായമില്ല, കാലമില്ല. പക്ഷേ കയറുപൊട്ടാതിരിക്കണം എന്നു മാത്രം. നല്ലൊരു ഗസല്‍ കേട്ടാല്‍ അതു ആലപിക്കുന്നവനെ എനിക്കു പ്രണയിക്കാന്‍ തോന്നും. അതൊരു തോന്നലായി അവശേഷിക്കും. സൗന്ദര്യമല്ല, അതിനുള്ള ഘടകം, ആലാപനത്തിന്റെയും വാക്കുകളുടെയും അര്‍ത്ഥങ്ങളുടെ പിന്നാലെ ഞാനറിയാതെ ഒഴുകുകയാണ്..

ഒരിക്കല്‍ എന്റെ സുഹൃത്തായ ഒരു പുരോഹിതന്‍ എന്നോടു പറഞ്ഞു, താന്‍ ഒരാളെ മാത്രമേ തീവ്രമായി പണയിച്ചിട്ടുള്ളൂ,അത് ജീസസാണെന്ന്.. ശരിയായിരിക്കാം, ഞാന്‍ തര്‍ക്കിക്കാന്‍ നിന്നില്ല.

ധാരാളം   പ്രമേലേഖനങ്ങള്‍ വായിക്കാന്‍ അസുലഭ ഭാഗ്യം ഉണ്ടായിട്ടുണ്ട്.പക്ഷേ, എനിക്കിഷ്ടപ്പെട്ട പ്രണയലേഖനം ഉത്തമഗീതമാണ്. ഖലില്‍ ജിബ്രാനൊന്നും സോളമന്റെ ഏഴയല്‍പ്പക്കത്ത് വരാന്‍ പറ്റില്ല.” എന്നെ  ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്‍മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്‍മേലും വച്ചുകൊള്ളേണമേ , പ്രണയത്തിന്റെ ജ്്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ. ” ”നിന്റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു”, തുടങ്ങി പരസ്പ്പരപ്രണയത്തെ ജ്വലിപ്പിക്കുന്ന കാന്തശക്തിയുള്ള ആ വരികളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ഭക്തന് പ്രണയം എങ്ങനെ ഹറാമാകും.

പിന്നെ ,മിടുക്കരായ പുരോഹിതര്‍ , വിശ്വാസികള്‍ വഴിതെറ്റേണ്ടെന്നു കരുതി ഉത്തമഗീതം ദൈവവും ഭക്തനും തമ്മിലുള്ള സ്‌നേഹത്തെപ്പറ്റിയാണെന്നൊക്കെ തട്ടിവിടുന്നത് കേട്ടിട്ടുണ്ട്. എന്നാലും ഏത് മൊശടന്റെയും മനസ്സില്‍ ഒരു പ്രണയം ഒളിഞ്ഞിരിപ്പുണ്ട്. അതു കൊണ്ടല്ലേ നമ്മുടെ പ്രണയഗാനങ്ങള്‍ക്കൊക്കെ ഇത്ര മാര്‍ക്കറ്റ്.

”അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു” പോകാത്തവര്‍ എത്രപേരുണ്ട്. ആ വരികള്‍ എത്ര വട്ടംകേട്ടാലും മതിവരാത്തതെന്താണ് …ഒരു നഷ്ടബോധം തോന്നിപ്പിക്കുന്നത് എന്തുകൊണ്ടാണ്.
‘ രാത്രിമഴ പെയ്തു തോര്‍ന്ന നേരത്ത് , കാതരയായൊരു പക്ഷി ജാലകവാതിലില്‍ ചിലച്ചനേരത്ത്  അരികില്‍ നീ ഉണ്ടാവണ’ മെന്ന് എന്തിനേ ഞാന്‍ വെറുതെ നിനയ്ക്കുന്നു…

അതാണ് പ്രണയത്തിന്റെ മാസ്മരികത..ഇതൊന്നും അറിയാതെ ഒരായുസ്സു മുഴുവനും വല്ലതുമൊക്കെ വച്ചുതിന്ന് കുടിച്ച് ചാകാന്‍ കാത്തിരിക്കുന്നവനോട് എന്തു പറയാന്‍ !.

എന്റെ രണ്ടുവീടിനപ്പുറത്തൊരു ഇല്ലത്ത് ആകാരസൗഷ്ടവവും ചെറുപ്പവും ആരോഗ്യവും ഒത്തിണങ്ങിയ രണ്ടുപേരുണ്ട്. അതിലൊരാളെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നുമുണ്ട്. ഇഷ്ടം തുറന്നു പറയാനുള്ള നാണക്കേടോര്‍ത്ത് ഇതുവരെ പറഞ്ഞിട്ടില്ല. എന്റെ പുരയിടത്തിലൊക്കെ കക്ഷി ഇടയ്ക്ക് വരാറുണ്ട്. അടുത്തുചെന്ന് ആ കണ്ണുകളിലോട്ട് നോക്കി മിണ്ടിപ്പറഞ്ഞൊക്കെ ഞാന്‍ നിന്നിട്ടുമുണ്ട്. കൊഴുത്തുരുണ്ട പേശികളും മസിലുമൊക്കെ ഓട്ടക്കണ്ണിട്ടുനോക്കി എത്രവട്ടം നിന്നിട്ടുണ്ട്. എന്നാലും ഇഷ്ടപ്പെടുന്നവര്‍ ചെയ്യുംപോലെ ഒന്നു തൊടാനും പിടിക്കാനുമൊന്നും പോയിട്ടുമില്ല. എന്തായാലും ഈ വാലന്റൈൻസ് ഡേ അതിനുള്ളതാണെന്ന് മനസ്സു മാത്രമല്ല, കേന്ദ്രവും പറഞ്ഞ സ്ഥിതിക്ക് തയ്യാറെടുത്ത് നില്‍ക്കുവാരുന്നു. കെട്ടിപ്പിടിച്ച് ആ കവിളില്‍ ഒരു ചുടുചുംബനം !.അപ്പോഴാണ്ട്  ഒടുക്കത്തെ പിന്‍വലിക്കല്‍ !.

വെച്ചൂര്‍ ഇനമാണ് മാളു. ഇടനാട്ട്  ഇല്ലത്തെ പശു. സോറി, ഗോമാതാ..കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനുമുള്ള മോഹത്തിനു കേന്ദ്രം തന്നെ കത്തിവച്ചു. ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ്.

#Jolly Adimathra-valentines Day

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular