Saturday, April 20, 2024
HomeUSAനിക്കി ഹേലി 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

നിക്കി ഹേലി 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹേലി 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗത്ത് കരളിനയിൽ രണ്ട് തവണ  ഗവർണറും യുന്നിലെ അംബാസഡർ എന്ന നിലയിൽ ഡൊണാൾഡ് ട്രംപിന്റെ ക്യാബിനെറ്റിൽ അംഗവും ആയിരുന്ന ഹേലി (51) പാർട്ടി പ്രൈമറികളിൽ അദ്ദേഹവുമായി ഏറ്റു മുട്ടുന്നത് പുതിയൊരു തലമുറ രാജ്യത്തെ നയിക്കേണ്ട സമയമായി എന്ന വാദം ഉയർത്തിപ്പിടിച്ചാവും.

“ആവേശം കൊള്ളുക! പുതിയൊരു തലമുറയ്ക്കു കാലമായി,” ഹേലി ചൊവാഴ്ച ട്വീറ്റ് ചെയ്തു. “നമുക്കിതു ചെയ്യാൻ കഴിയും.”

സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്ന മൂന്നര മിനിറ്റ് വിഡിയോയിൽ രാജ്യത്തെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ ശ്രദ്ധിക്കാൻ ഹേലി ആഹ്വാനം ചെയ്യുന്നു. ഭിന്നിപ്പിക്കുന്ന കാര്യങ്ങളല്ല ശ്രദ്ധിക്കേണ്ടതെന്നാണ് തന്റെ മാതാപിതാക്കൾ പഠിപ്പിച്ചതെന്നു അവർ പറയുന്നു. “ഞാൻ ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനമുള്ള മകളായിരുന്നു. കറുപ്പുമല്ല, വെളുപ്പുമല്ല. ഞാൻ വ്യത്യസ്തയായിരുന്നു.”

ട്രംപ് ഭരണകൂടത്തിൽ നിന്നു രാജിവച്ച ശേഷം ‘സ്റ്റാൻഡ് ഫോർ അമേരിക്ക’ എന്ന ഗ്രൂപ്പുണ്ടാക്കി റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കു പിന്തുണ നൽകി വന്ന ഹേലി ഇക്കുറി മത്സരത്തിനുണ്ടാവുമെന്നു തന്നോട് പറഞ്ഞതായി ട്രംപ് ഈയിടെ പറയുകയുണ്ടായി. അവരെ പ്രോത്സാഹിപ്പിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്.

പ്രസിഡന്റ് ബൈഡനെ പരാമർശിച്ചു 80 വയസായവരല്ല രാജ്യത്തെ നയിക്കേണ്ടതെന്നു പറഞ്ഞ ഹേലി 76 വയസുള്ള ട്രംപിനെ പരാമർശിക്കാതെ തന്നെ യുവ തലമുറ വരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രണ്ടാമത്തെ  ഇന്ത്യൻ ആൺ നിക്കി ഹേലി. സിക്കുകാരാണ് അവരുടെ മാതാപിതാക്കൾ. നേരത്തെ ലൂയിസിയാന  ഗവർണർ ബോബി ജിൻഡാലും പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിന് ശ്രമിച്ചതാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഇന്ത്യാക്കാർ. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മാതാവ് മാത്രമാണ് ഇന്ത്യക്കാരി.

നിക്കി ഹേലിക്കു എന്തങ്കിലും സാധ്യതയുള്ളതായി പൊതുവെ കരുതുന്നില്ല. എന്നാൽ മത്സരരംഗത്തു നിന്നാൽ ലഭിക്കുന്ന ജനശ്രദ്ധ മൂലം വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം കിട്ടാനുള്ള സാധ്യത ആകാം അവർ തേടുന്നത്. കമല ഹാരിസും പ്രസിഡന്റ് സ്ഥാനാര്ഥിത്വത്തിനു ശ്രമിചു പിന്നോക്കം പോയപ്പോഴാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബൈഡൻ അവരെ  നോമിനേറ്റ് ചെയ്തത്.

Nikki Haley formally enters 2024 White House race

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular