Friday, April 19, 2024
HomeUSAഎഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് പിറന്നാള്‍ ആശംസകള്‍.

എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് പിറന്നാള്‍ ആശംസകള്‍.

ന്യൂയോക്ക് : ഇന്ന് എഴുപത്തിയഞ്ചാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ 22 – മത് മെത്രാപ്പോലീത്താ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മായ്ക്ക്  പിറന്നാള്‍ ആശംസകള്‍ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു വേണ്ടി ഭദ്രസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലിക്‌സിനോസ്, ഭദ്രാസനത്തിലെ വൈദീകര്‍, ആത്മായ നേതാക്കള്‍, കൗണ്‍സില്‍ അംഗങ്ങള്‍, ഭദ്രാസന ചുമതലക്കാര്‍ എന്നിവര്‍ അറിയിച്ചു.

കൊല്ലം അഷ്ടമുടി ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ഇടവകയില്‍ കിഴക്കേചക്കാലയില്‍ ഡോ.കെ.ജെ ചാക്കോയുടെയും, മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 19 ന് ജനിച്ച  ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ 1973 ഫെബ്രുവരി 24 ന് സഭയിലെ വൈദികനായി.1989 ഡിസംബര്‍ 9 ന് സഭയിലെ മേല്പട്ട സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട് എപ്പിസ്‌കോപ്പയായി.

സഭയുടെ കുന്നംകുളം – മലബാര്‍, തിരുവനന്തപുരം – കൊല്ലം, ചെന്നൈ – ബാംഗ്‌ളൂര്‍, മലേഷ്യ- സിംഗപ്പൂര്‍ – ഓസ്‌ടേലിയ, നോര്‍ത്ത് അമേരിക്ക – യൂറോപ്പ്, മുംബൈ, റാന്നി -നിലക്കല്‍ തുടങ്ങിയ ഭദ്രാസനങ്ങളില്‍ ഭദ്രാസനാധിപന്‍ ആയി സേവനം അനുഷ്ഠിച്ചു. 2020 ജൂലൈ 12 ന്  സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായായി. 2020 നവംബര്‍ 14 ന് മാര്‍ത്തോമ്മ സഭയുടെ 22-മത് മെത്രാപോലീത്തായായി ചുമതലയേറ്റു.

കോട്ടയം എംറ്റി സെമിനാരി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും,കോട്ടയം ബസേലിയോസ് , തിരുവല്ലാ മാര്‍ത്തോമ്മ എന്നീ കോളേജുകളിലെ വിദ്യാഭ്യാസത്തിനു ശേഷം ജബല്‍പൂര്‍ ലിയോനാര്‍ഡ് തിയോളജിക്കല്‍ കോളേജില്‍ നിന്ന് വൈദീക വിദ്യാഭ്യാസവും, ശാന്തിനികേതന്‍ വിശ്വഭാരതി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മതങ്ങളുടെ താരതമ്യ പഠനത്തില്‍ മാസ്റ്റേഴ്‌സും, കാനഡയിലെ മക് മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സമൂഹ നവോത്ഥാനത്തില്‍ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തെ അധികരിച്ച് നടത്തിയ പഠനത്തിന് ഡോക്ടറേറ്റും സമ്പാദിച്ചു.

ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മ വൈദീക ശുശ്രുഷയിലേക്ക് പ്രവേശിച്ചിട്ട് 50 വര്‍ഷം ഫെബ്രുവരി 24 ന് പൂര്‍ത്തീകരിക്കും. ജന്മദിനത്തോട് അനുബന്ധിച്ച് മാരാമണ്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ബിഷപ് ഡോ. മാര്‍ ഫിലിക്‌സിനോസ്, ബിഷപ് ഡോ. മാര്‍ സ്‌തേഫാനോസ് എന്നിവര്‍ സഹ കാര്‍മ്മികരായിരിക്കും.

ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെയും, കര്‍മ്മനിരതമായ പ്രവര്‍ത്തനരീതിയിലൂടെയും സഭയെ നയിക്കുന്ന ധന്യവും ചൈതന്യവക്തായ വ്യക്തിപ്രഭാവവും, ശാന്തസുന്ദരമായ പെരുമാറ്റവും ഒത്തിണങ്ങിയ വ്യക്തിത്വത്തിന്റെ ഉടമയായ  മാര്‍ത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെയും , അമേരിക്കയിലെ  വിവിധ എക്യൂമെനിക്കല്‍ പ്രസ്ഥാനങ്ങളുടെയും, എക്യൂമെനിക്കല്‍ ദര്‍ശനവേദി നോര്‍ത്ത് അമേരിക്കയുടെയും ജന്മദിനാശംസകള്‍ അറിയിച്ചു.

ഷാജി രാമപുരം

Happy birthday to Dr. Theodosius Marthomma Metropolitan who turns 75 today.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular