Wednesday, April 24, 2024
HomeIndiaമൂന്നാം മുന്നണി ബി.ജെ.പിക്ക് നേട്ടമാകും; പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ആഹ്വാനം

മൂന്നാം മുന്നണി ബി.ജെ.പിക്ക് നേട്ടമാകും; പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് ആഹ്വാനം

ന്യൂഡല്‍ഹി : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ സമാന ചിന്താഗതിയുള്ള മതേതര പാര്‍ട്ടികളെ കോണ്‍ഗ്രസ് ഒരു കുടക്കീഴില്‍ അണിനിരത്തണമെന്ന് പ്രമേയം.

മൂന്നാം മുന്നണി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നേട്ടമാകുമെന്നും ചത്തീസ്ഗഢ് തലസ്ഥാനമായ റായ്പുരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

‘മതനിരപേക്ഷ, സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യമായിരിക്കും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാവിയുടെ മുഖമുദ്ര. സമാന ചിന്താഗതിയുള്ള മതേതര ശക്തികളെ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ കോണ്‍ഗ്രസ് എല്ലാ ശ്രമങ്ങളും നടത്തണം. നമ്മുടെ പ്രത്യയശാസ്ത്രത്തോട് യോജിക്കുന്ന മതേതര പ്രാദേശിക ശക്തികളെ ഉള്‍പ്പെടുത്തണം. ഒരു പൊതു പ്രത്യയശാസ്‌ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ എന്‍.ഡിഎയെ നേരിടാന്‍ പ്രതിപക്ഷ ഐക്യം അടിയന്തര ആവശ്യമാണ്. ഏതെങ്കിലും മൂന്നാം മുന്നണിയുടെ വരവ് ബി.ജെ.പി/എന്‍.ഡി.എക്കാണ് നേട്ടമാകും’ -പ്രമേയത്തില്‍ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാനമനസ്കരായ പാര്‍ട്ടികളുമായി സഹകരിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്ന് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെ പറഞ്ഞു. ഇന്നത്തെ ദുഷ്‌കരമായ സാഹചര്യത്തില്‍, കഴിവുള്ളതും നിര്‍ണായകവുമായ നേതൃത്വം നല്‍കാന്‍ കഴിയുന്ന രാജ്യത്തെ ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യമാണ് രാജ്യം ഭരിച്ചതെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണിക്കുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രതിപക്ഷ ഏക്യത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബി.ജെ.പിക്കെതിരെ മൂന്നാം മുന്നണി രൂപവത്കരിക്കുന്നതിനായി തെലുങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവു ഉദ്ധവ് താക്കറെ, ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular