Thursday, April 18, 2024
HomeKeralaഅൻവറിന്‍റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു, മൂന്നാം സമ്മേളനത്തില്‍ ഹാജരായത് 5 ദിവസം

അൻവറിന്‍റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു, മൂന്നാം സമ്മേളനത്തില്‍ ഹാജരായത് 5 ദിവസം

തിരുവനന്തപുരം: നിയമസഭാ സമ്മേളനം പുരോഗമിക്കവേ നിലമ്പൂര്‍(Nilambur) എംഎല്‍എ പി വി അൻവറിന്‍റെ(PV Anwar) അസാന്നിധ്യം വീണ്ടും ചര്‍ച്ചയാകുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ(Kerala Niyamasabha) ഇപ്പോൾ നടക്കുന്ന മൂന്നാം സമ്മേളനത്തിൽ അൻവർ ഇതുവരെ പങ്കെടുത്തില്ല. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും എത്തിയില്ല. അവധി അപേക്ഷ നൽകാതെയാണ് അൻവർ പങ്കെടുക്കാതിരിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിവി അൻവര്‍ എംഎല്‍എയെ കാണാനില്ലെന്ന വലിയ ചര്‍ച്ചയാണ് എങ്ങും. മണ്ഡലത്തിലില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതിയും നല്‍കി. ബിസിനസ് ആവശ്യങ്ങള്‍ക്കായി ആഫ്രിക്കയിലാണെന്നായിരുന്നു എംഎല്‍എ എവിടെ എന്ന ചോദ്യത്തിന് അൻവറിന്‍റെ മറുപടി. എന്നാലിപ്പോള്‍ തുടര്‍ച്ചയായി നിയമസഭാ സമ്മേളനങ്ങളിലും പങ്കെടുക്കാത്ത എംഎല്‍എയുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്.

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനം 12 ദിവസവും രണ്ടാം സമ്മേളനം 17 ദിവസവുമാണ് ഉണ്ടായിരുന്നത്. ഒന്നാം സമ്മേളനത്തിൽ അൻവർ പങ്കെടുത്തത് അഞ്ച് ദിവസം മാത്രം.. രണ്ടാം സമ്മേളനത്തിൽ ഒരു ദിവസം പോലും വന്നില്ല. നടപ്പുസമ്മേളനത്തിൽ ഇതുവരെ എത്തിയില്ല. ഈ വിട്ടുനിൽക്കലിൽ ഒരു അവധി അപേക്ഷ പോലും നൽകാതെയാണെന്ന് വിവരാവകാശ മറുപടിയില്‍ നിയമസഭാ സെക്രട്ടറിയേറ്റ് പറയുന്നു.

മൂന്ന് നിയമസഭാ സമിതികളിലും അംഗമാണ് അൻവര്‍.സമിതി യോഗങ്ങളിലൊന്നും അൻവര്‍ പങ്കെടുക്കുന്നുമില്ല. ഭരണഘടനയുടെ 194 പ്രകാരം 60 ദിവസം തുടര്‍ച്ചയായി പങ്കെടുക്കാതിരുന്നാല്‍ എംഎല്‍എയെ അയോഗ്യനാക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ആ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിക്കും. വിട്ടുനിൽക്കൽ വിവാദമായിരിക്കെ ഈ മാസം പതിനഞ്ചോടെ എംഎല്‍എ നാട്ടിലെത്തുമെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular