Wednesday, April 24, 2024
HomeIndiaമുംബൈയിലെ പള്ളികളും ദർഗകളും വീണ്ടും തുറക്കുന്നു;

മുംബൈയിലെ പള്ളികളും ദർഗകളും വീണ്ടും തുറക്കുന്നു;

മുംബൈയിലെ ആരാധനാലയങ്ങൾ വ്യാഴാഴ്ച വീണ്ടും തുറക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ പള്ളികളും ഹാഫി അലി, മാഹിം ദർഗ തുടങ്ങിയ സൂഫി ആരാധനാലയങ്ങളും പ്രാർത്ഥനയ്‌ക്കെത്തുന്നവർക്കായി ഹലാൽ (ആൽക്കഹോൾ അടങ്ങിയിട്ടില്ലാത്ത ) സാനിറ്റൈസറുകൾ ഒരുക്കുന്നു.

ഇസ്ലാം മതനിയമപ്രകാരം ആൽക്കഹോളിന്റെ ഉപഭോഗം നിഷിദ്ധമാണ്. അതിനാലാണ് വിവിധ ഇസ്ലാം ആരാധനാലയങ്ങളിൽ വിശ്വാസികൾക്കായി ഹലാൽ സാനിറ്റൈസറുകൾ ഒരുക്കിയിരിക്കുന്നത്. ഹലാൽ സാനിറ്റൈസറുകളിൽ ആൽക്കഹോളിനു പകരം ഹൈഡ്രജൻ പെറോക്സൈഡും കൊളോയ്ഡൽ സിൽവറും അടങ്ങിയിരിക്കുന്നു.

സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും എന്നും പ്രാർത്ഥനയ്ക്കായി എത്തുന്ന ഭക്തർക്കായി ഹലാൽ അല്ലെങ്കിൽ നോൺ-ആൽക്കഹോളിക് സാനിറ്റൈസറുകൾ ഒരുക്കിയിട്ടുണ്ട് എന്നും മാഹിം ദർഗയുടെ മാനേജിംഗ് ട്രസ്റ്റിയും ഹാജി അലി ദർഗയുടെ ട്രസ്റ്റിയുമായ സൊഹൈൽ ഖണ്ഡവാനി പറഞ്ഞു.

മാസ്ക് ധരിക്കാതെ ഭക്തരെ ആരാധനാലയങ്ങളിലേക്ക് പ്രവേശിപ്പിക്കില്ലെന്നും സർക്കാർ നിർദേശിച്ച സാമൂഹിക അകലം കർശനമായി പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാജി അലി, മാഹിം ദർഗകളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രത്യേകം സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായും അണുവിമുക്തമാക്കാതെ ആരെയും പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്നും പള്ളിയുടെ പ്രവേശന കവാടത്തിൽ ശരീരം മുഴുവൻ അണുവിമുക്തമാക്കുന്ന അണുനാശിനി യന്ത്രം സ്ഥാപിക്കുന്നുണ്ടെന്നും ക്രോഫോർഡ് മാർക്കറ്റിന് സമീപമുള്ള ജുമാ മസ്ജിദും മറൈൻ ലൈനിലെ ബഡാ കബ്രാസ്താനും കൈകാര്യം ചെയ്യുന്ന ബോംബെ ട്രസ്റ്റിന്റെ ജുമാ മസ്ജിദ് പ്രസിഡന്റ് ഷൂബ് ഖത്തീബ് പറഞ്ഞു. സർക്കാർ പുറപ്പെടുവിച്ച എല്ലാ പ്രോട്ടോക്കോളുകളും ഞങ്ങൾ പിന്തുടരും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാഹിം ദർഗയിലേക്ക് 30 മുതൽ 35 വരെ ആളുകളെ ഒരേ സമയം പ്രവേശിപ്പിക്കാൻ അനുവദിക്കുമെങ്കിലും സാമൂഹിക അകലം കൃത്യമായി പാലിക്കാൻ ശ്രമിക്കുന്നതായിരിക്കും. പള്ളികളിലെ പ്രാർത്ഥന പായകൾ ക്രമീകരിച്ചിരിക്കുന്നത് സാമൂഹിക അകലം മുൻനിർത്തിയാണ്. പ്രാർത്ഥന പായകൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുമെന്ന് ഖത്തീബ് വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ട് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ ആരാധനാലയങ്ങൾ നേരിടുന്നത്. ഭക്തരുടെ സംഭാവനയാണ് ആരാധനാലയങ്ങളുടെ പ്രധാന വരുമാനം. കോവിഡ് പകർച്ചവ്യാധിയെ തുടർന്നുണ്ടായ ലോക്ക്ഡൗൺ കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. വലിയ സംഭാവനകൾ നല്കാറുണ്ടായിരുന്നവർ ലോക്ക്ഡൗൺ സമയത്ത് സാമ്പത്തിക പ്രതിസന്ധി മൂലം സംഭാവന നല്കാതെയായെന്നും കൂടാതെ ലോക്ക്ഡൗൺ തങ്ങളുടെ ബിസിനസിനെ സാരമായി ബാധിച്ചതിനാൽ സാധാരണക്കാർ പോലും സംഭാവനകൾ ഗണ്യമായി വെട്ടിക്കുറച്ചെന്നും ഖണ്ഡ്‌വാനി പറഞ്ഞു.

ഇടവേളയ്ക്ക് ശേഷം വീണ്ടും ആരാധനാലയങ്ങൾ തുറക്കുമ്പോൾ ശുഭപ്രതീക്ഷ ഉണ്ടെന്നും കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും കരകയറാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സുരക്ഷയ്ക്ക് വളരെയധികം പ്രാധാന്യം കല്പിക്കുന്നുണ്ടെന്നും അതിനാൽ എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular