Friday, May 10, 2024
HomeIndiaമേഘാലയ സർക്കാർ-പൈനാപ്പിളിൽ നിന്ന് 'വീഗൻ ലെതർ' നിർമ്മിക്കാം

മേഘാലയ സർക്കാർ-പൈനാപ്പിളിൽ നിന്ന് ‘വീഗൻ ലെതർ’ നിർമ്മിക്കാം

പൈനാപ്പിളിൽ നിന്നും വീഗൻ ലെതർ നിർമ്മിക്കാനുള്ള പദ്ധതികളുമായി മേഘാലയ സർക്കാർ. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ ഒരു മ്യൂസിയം സ്ഥാപിക്കാനും സർക്കാർ തങ്ങളുടെ പദ്ധതികളിലൂടെ ആസൂത്രണം ചെയ്യുന്നുണ്ട്. മേഘാലയയുടെ വനം, പരിസ്ഥിതി, ഊർജ്ജ മന്ത്രി ജെയിംസ് സാങ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ടൈ ഹൈദരാബാദ് ചൊവ്വാഴ്ച സംഘടിപ്പിച്ച ‘ടൈ സുസ്ഥിരതാ ഉച്ചകോടി 2021’ ൽ മുഖ്യപ്രഭാഷണം നടത്തിയ സാംഗ്മ, സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം ഒരു മുഖ്യ വിഷയമായി അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്ന കാര്യവും വ്യക്തമാക്കി.

വീഗന്‍ എന്നു പറഞ്ഞാല്‍ സസ്യാഹാരം കഴിക്കുന്നയാള്‍ എന്നാണ് അര്‍ഥം. മാത്രമല്ല ഇവർ മൃഗങ്ങളുടെ തോലുകൊണ്ട് ഉണ്ടാക്കുന്ന ചെരിപ്പുകൾ, ബാഗുകൾ, മറ്റ് വസ്തുക്കൾ എന്നിവയും ഉപയോഗിക്കില്ല. മൃഗത്തോലിന് പകരം കൃത്രിമ അല്ലെങ്കിൽ സസ്യ ഉത്പന്നങ്ങളിൽ നിന്ന് സൃഷ്ടിച്ചെടുക്കുന്ന ഒരു വസ്തുവാണ് വീഗൻ ലെതർ. ഇതിന് മൃഗത്തോലിന്റെ പല ഗുണഗണങ്ങളും ഉണ്ടെങ്കിലും അതിനായി ഒരു മൃഗത്തെയും കൊല്ലേണ്ടി വരുന്നില്ലെന്നതാണ് പ്രധാന മേന്മ. രണ്ടു തരം വീഗന്‍ ലെതറുകളാണുളളത് – പഴയ രീതിയിലുള്ള സിന്തറ്റിക് വീഗന്‍ ലെതറും, അടുത്തകാലത്ത് വികസിപ്പിച്ചെടുത്ത ഓര്‍ഗാനിക് വകഭേദവും.

സ്വാഭാവിക വീഗന്‍ ലെതറിന്റെ കാര്യം പരിശോധിച്ചാൽ ഇതില്‍ പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴങ്ങൾ, കൂൺ എന്നിവയിൽ നിന്നുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഓര്‍ഗാനിക് (സ്വാഭാവിക) വീഗന്‍ ലെതറിന്റെ നിര്‍മ്മാണം. ഈ രണ്ടു തരം വീഗന്‍ ലെതറുകളില്‍ എപ്പോഴും ഓര്‍ഗാനിക് വീഗന്‍ ലെതര്‍ ആണ് മികച്ചത്.

“ഇന്ത്യയിലെ പ്രധാന പൈനാപ്പിൾ ഉത്പാദന സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയ. ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മൊത്തം പൈനാപ്പിളിന്റെ 8 ശതമാനമാണ് മേഘാലയ സംഭാവന ചെയ്യുന്നത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പഴവിളയാണ് പൈനാപ്പിൾ. ഇതേ പൈനാപ്പിളിൽ നിന്ന് വീഗൻ ലെതർ നിർമ്മിക്കുന്നതിനായുള്ള പദ്ധതികളാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് ” സാങ്മ പറഞ്ഞു.

“കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി സ്കൂൾ പാഠ്യപദ്ധതിയിൽ കാലാവസ്ഥാ വ്യതിയാനം ഒരു വിഷയമായി അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട് ” സാങ്മ കൂട്ടിച്ചേർത്തു.

76 ശതമാനം ഭൂമിയും വനപ്രദേശങ്ങളാണെന്ന കാര്യം സൂചിപ്പിച്ചുകൊണ്ട്, ജൈവവൈവിധ്യത്തിന്റെ മുൻനിരയിലുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് മേഘാലയയെന്നും അതിന് തനതായ വന സമ്പദ്‌വ്യവസ്ഥയുണ്ടെന്നും സാങ്മ പറഞ്ഞു.

“ഒരു കാലാവസ്ഥാ വ്യതിയാന മ്യൂസിയം നിർമ്മിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്. ഈ മ്യൂസിയത്തിലൂടെ കാലാവസ്ഥാ പ്രതിസന്ധിക്കെതിരെ നടപടികൾ കൈക്കൊള്ളാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ കാലത്ത് നമ്മുക്ക് മുന്നിലുള്ള ഒരു സുപ്രധാന വെല്ലുവിളിയാണ്. അതിനെ ഒരുമിച്ച് ചെറുക്കാൻ നമ്മൾ തയ്യാറാവണം” അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular