Friday, March 29, 2024
HomeIndiaതൊഷാഖാന കേസില്‍ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ലാഹോറിലെ വസതി വളഞ്ഞ് പൊലീസ് സന്നാഹം

തൊഷാഖാന കേസില്‍ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ലാഹോറിലെ വസതി വളഞ്ഞ് പൊലീസ് സന്നാഹം

ലാഹോര്‍ : തൊഷാഖാന (സമ്മാന ശേഖരം) കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) നേതാവുമായ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.

ഇംറാന്‍ ഖാന്‍റെ ലാഹോറിലെ സമാന്‍ പാര്‍ക്കിലെ വസതിയിലാണ് വന്‍ പൊലീസ് സന്നാഹം എത്തിയത്.

തൊഷാഖാന കേസില്‍ മൂന്നു തവണ സമന്‍സ് അയച്ചിട്ടും ഇംറാന്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഇതേതുടര്‍ന്ന് ഫെബ്രുവരി 28ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സഫര്‍ ഇഖ്ബാല്‍ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. ഇസ്ലാമാബാദിലെയും ലാഹോറിലെയും പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്യാനെത്തിയത്.

ഒന്നര വര്‍ഷം മുമ്ബാണ് ഇംറാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തൊഷാഖാന എന്ന ട്രഷറിയില്‍ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങള്‍ വില്‍പന നടത്തിയത് വഴി അളവില്‍ കവിഞ്ഞ സ്വത്ത് ഇംറാന്‍ ആര്‍ജിച്ചെന്നാണ് കേസ്.

ഔദ്യോഗിക പദവിയിലിരിക്കുന്ന കാലയളവില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ രാജ്യത്തെ സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നല്‍കണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്‍റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കില്‍ നിയമവിരുദ്ധ പ്രവര്‍ത്തനമായി കണക്കാക്കി നടപടി സ്വീകരിക്കാനും നിയമം അധികാരം നല്‍കുന്നു.

അതേസമയം, ഇസ്ലാമാബാദ് പൊലീസ് എത്തിയതിന് പിന്നാലെ ഇംറാന്‍റെ വസതിക്ക് പുറത്ത് തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ തടയാനായി പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു.

സ്വര്‍ണ വ്യാപാരിക്ക് വില്‍പന നടത്തിയെന്ന ആരോപണത്തിലാണ് രാജ്യത്തെ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്.ഐ.എ) അന്വേഷണം നടത്തിയിരുന്നു. നെക്ലേസ് മുന്‍ സ്പെഷ്യല്‍ അസിസ്റ്റന്‍റ് സുല്‍ഫീക്കര്‍ ബുഖാരിക്ക് കൈമാറുകയും അദ്ദേഹം ലാഹോറിലെ സ്വര്‍ണ വ്യാപാരിക്ക് 18 കോടി രൂപക്ക് വില്‍പന നടത്തിയെന്നുമാണ് ആരോപണം. നെക്ലേസ് വില്‍പന നടത്തിയത് പകരമായി ഇംറാന്‍ ചെറിയ തുക മാത്രമാണ് ഖജനാവില്‍ നിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവിധ ആരോപണങ്ങളില്‍ ഇംറാന്‍ ഖാനെതിരെ 74 കേസുകള്‍ ഭരണകൂടം എടുത്തിട്ടുണ്ടെന്നും ഇതില്‍ 34 എണ്ണം ക്രിമിനല്‍ കേസുകളാണെന്നും മാധ്യമപ്രവര്‍ത്തകനായ ഫവാദ് പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular