Friday, April 26, 2024
HomeIndiaഅന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്ക് കത്തയച്ചു

അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ മോദിക്ക് കത്തയച്ചു

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച്‌ എട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഒപ്പിട്ട കത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള, എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരാണ് കത്തില്‍ ഒപ്പിട്ട മറ്റ് നേതാക്കള്‍. “ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാജ്യമാണെന്ന് നിങ്ങള്‍ സമ്മതിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു,” കത്തില്‍ കുറിച്ചു.

“ക്രമക്കേട് ആരോപിച്ച്‌ ഒരു തെളിവുമില്ലാതെയാണ് മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. 2014 മുതല്‍ നിങ്ങളുടെ ഭരണത്തിന് കീഴില്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്യുകയോ റെയ്ഡ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ ചെയ്ത രാഷ്ട്രീയക്കാരില്‍ ഭൂരിഭാഗവും പ്രതിപക്ഷത്ത് നിന്നുള്ളവരാണ്. ബിജെപിയില്‍ ചേരുന്ന പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കേസ് അന്വേഷണത്തില്‍ അന്വേഷണ ഏജന്‍സികള്‍ മന്ദഗതിയിലാണ്” കത്തില്‍ പറയുന്നു.

ശാരദാ ചിട്ടിഫണ്ട് അട്ടിമറി കേസില്‍ നിരീക്ഷണത്തിലായിരുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്നത് ചൂണ്ടിക്കാണ്ടിയും കത്തില്‍ പരാമര്‍ശിക്കുന്നു. “ഹിമന്ത ബിശ്വ ശര്‍മ ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അതുമായി ബന്ധപ്പെട്ട് യാതൊരു അന്വേഷണ പുരോഗതിയുമുണ്ടായില്ല, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുവേന്ദു അധികാരിയും മുകുള്‍ റോയിയും നാരദ കേസില്‍ ഇഡിയുടെയും സിബിഐയുടെയും അന്വേഷണ നിഴലിലായിരുന്നു. ശേഷം അവരും ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം അതിലും അന്വേഷണ പുരോഗതിയുണ്ടായില്ല”

“2014 മുതല്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നടത്തിയ റെയ്ഡുകളുടെയും കേസുകളുടെയും അറസ്റ്റിന്റെയും എണ്ണം ഗണ്യമായി വര്‍ധിച്ചു. നിരവധി പ്രതിപക്ഷ നേതാക്കളാണ് അന്വേഷണത്തിന് വിധേയരായത്, അവയില്‍ മിക്ക അറസ്റ്റുകളും നടന്നത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ്. അവ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്” കത്തില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular