Thursday, July 18, 2024
HomeIndiaത്രിപുരയും നാഗാലാന്‍ഡും മേഘാലയയും പാഠമാകുമ്ബോള്‍

ത്രിപുരയും നാഗാലാന്‍ഡും മേഘാലയയും പാഠമാകുമ്ബോള്‍

2024ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് ത്രിപുര, നാഗാലാന്‍ഡ് , മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പുകള്‍.

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്ബുള്ള സെമിഫൈനലായാണ് ഈ നിയമസഭാതെരഞ്ഞെടുപ്പുകളെ രാഷ്ട്രീയ നിരീക്ഷകരും ദേശീയമാധ്യമങ്ങളും നോക്കികണ്ടത്.

കാല്‍ നൂറ്റാണ്ടുകാലം ത്രിപുര ഭരിച്ച സിപിഎമ്മും കോണ്‍ ഗ്രസും ഒറ്റക്കെട്ടായി നിന്നിട്ടും ത്രിപ്രമോത്തയെന്ന പ്രാദേശിക പാര്‍ട്ടി ഉയര്‍ത്തിയ വെല്ലുവിളികളും മറികടന്ന് ബിജെപി നേടിയത് വന്‍ വിജയമാണ്. സിപിഎം-കോണ്‍ഗ്രസ് സഖ്യം വന്‍ മുന്നേറ്റം നടത്തുമെന്ന് ചിലരെങ്കിലും കരുതിയെങ്കിലും അതെല്ലാം അസ്ഥാനത്തായി. മേഘാലയയിലും നാഗാലാന്‍ഡിലും കോണ്‍ഗ്രസിന് നേരിട്ട തിരിച്ചടിയും ഒരു സൂചനയാണ്. 2018ല്‍ മേഘാലയയില്‍ കോണ്‍ഗ്രസിന് 21 സീറ്റാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അഞ്ചു സീറ്റുകളിലേക്ക് കൂപ്പുകുത്തി. 16 സീറ്റ് നഷ്ടമായി. നാഗാലാന്‍ഡില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കോണ്‍ഗ്രസിന് സീറ്റൊന്നും നേടാനായില്ല.

ഈ മൂന്ന് സംസ്ഥാനങ്ങളിലെയും പ്രബലവിഭാഗങ്ങളായ വനവാസികളെയും ന്യൂനപക്ഷങ്ങളെയും വിദ്വേഷപ്രചാരണത്തിലൂടെ ബിജെപിയില്‍ നിന്ന് അകറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസും സിപിഎമ്മും ബിജെപി വിരുദ്ധരായ മറ്റുപാര്‍ട്ടികളും ശ്രമിച്ചത്. എന്നാല്‍ അതിനെ ബിജെപി മറികടന്നത് വികസനം എന്ന ഒറ്റമന്ത്രവുമായാണ്. വികസനം എന്തെന്ന് അവര്‍ അനുഭവിച്ചറിയുകയായിരുന്നു. റോഡ്, റെയില്‍ കണക്റ്റിവിറ്റിയും ഗ്രാമങ്ങളില്‍ വരെ ഇന്റര്‍നെറ്റ് എത്തിയതുമെല്ലാം അവര്‍ കണ്‍മുന്നില്‍ കാണുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുതല്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍വരെ പറഞ്ഞത് നാടിന്റെ പുരോഗതിയെക്കുറിച്ചായിരുന്നു. വികസനതുടര്‍ച്ചയ്ക്ക് ബിജെപിയെ, ബിജെപി സഖ്യത്തെ വീണ്ടും അധികാരത്തില്‍ എത്തിക്കണമെന്നായിരുന്നു. എല്ലാ മേഖലകളിലും എല്ലാ വിഭാഗം ജനങ്ങളിലേക്കും ബിജെപി വികസനം എത്തിച്ചു. അതുകൊണ്ടാണ് ജനങ്ങള്‍ വീണ്ടും ബിജെപിയെ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വിഭജന രാഷ്ട്രീയത്തിനേറ്റ പ്രഹരം കൂടിയായി മാറി ഈ തെരഞ്ഞെടുപ്പ്.

ത്രിപുരയില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ കൈപിടിച്ച സിപിഎമ്മിന് മൂന്നു സീറ്റുകള്‍ മാത്രമല്ല, പ്രതിപക്ഷനേതൃസ്ഥാനവും നഷ്ടമായി. കാല്‍ നൂറ്റാണ്ടിലധികം സംസ്ഥാനം അടക്കിഭരിച്ച പാര്‍ട്ടിക്ക് പ്രതിപക്ഷനേതൃസ്ഥാനം കൂടി നഷ്ടപ്പെടുക എന്നത് മറ്റൊരു തിരിച്ചടിയായി. കോണ്‍ഗ്രസുമായുള്ള സഖ്യം കൊണ്ട് യാതൊരുനേട്ടവും ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല കേരളത്തിലുള്‍പ്പെടെ അണികള്‍ക്കും ജനങ്ങള്‍ക്കും മുന്നില്‍ നാണംകെട്ട അവസ്ഥയിലുമായി പാര്‍ട്ടി.

2018ല്‍ ഭരണകക്ഷിയായിരിക്കെ സഖ്യമില്ലാതെ 57 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച സിപിഎമ്മിന് 16 സീറ്റും 42.22% വോട്ടുമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ സഖ്യമുണ്ടാക്കി 43 സീറ്റില്‍ മത്സരിച്ചപ്പോള്‍ സിപിഎമ്മിന് 11 സീറ്റും 24.62% വോട്ടുമാണ് ലഭിച്ചത്. 17.6% വോട്ടും അഞ്ചുസീറ്റും സിപിഎമ്മിന് നഷ്ടമായി. 59 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കാത്ത 2018ല്‍ 1.79% വോട്ട് ലഭിച്ചിരുന്നു. സഖ്യമനുസരിച്ച്‌ ഇത്തവണ 13 സീറ്റില്‍ മാത്രം മത്സരിച്ച കോണ്‍ഗ്രസിന് മൂന്നു സീറ്റും 8.56% വോട്ടും കിട്ടി. സഖ്യം കൊണ്ട് സിപിഎമ്മിന് സീറ്റും വോട്ടും നഷ്ടമായപ്പോള്‍ കോണ്‍ഗ്രസിന് ഇതു രണ്ടും നേട്ടമായി. 32 സീറ്റ് ബിജെപിക്കും ഒരു സീറ്റ് സഖ്യകക്ഷിയായ ഐപിഎഫ്ടിക്കും ലഭിച്ചപ്പോള്‍ 13 സീറ്റ് നേടി ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ രണ്ടാമത്തെ പാര്‍ട്ടിയായി തിപ്രമോത്ത മാറി.

സിപിഎം നേതാവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ പ്രതിനിധീകരിച്ച ധന്‍പൂര്‍ നിയോജക മണ്ഡലം ബിജെപി പിടിച്ചെടുത്തത് ഈ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ലഭിച്ച വന്‍ ആഘാതമാണ്. ത്രിപുരയുടെ ദീദി എന്നറിയപ്പെടുന്ന കേന്ദ്രസാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി പ്രതിമ ഭൗമിക് ആണ് ഇവിടെ ബിജെപിക്കു വേണ്ടി മത്സരത്തിനിറങ്ങിയത്. 42.25% വോട്ടുകള്‍ നേടിയാണ് പ്രതിമ ഭൗമിക് ജയിച്ചത്.

1998 മുതല്‍ തുടര്‍ച്ചയായി മണിക് സര്‍ക്കാരാണ് സിപിഎം കോട്ടയായ ധന്‍പൂരില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ അദ്ദേഹ ത്തിനുപകരം കൗശിക് ചന്ദയെയാണ് സിപിഎം ഇത്തവണ മത്സരിപ്പിച്ചത്. 19148 വോട്ട് നേടി 3,500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൗശിക് ചന്ദയെ പ്രതിമഭൗമിക് പരാജയപ്പെടുത്തി. 1998, 2018 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ധന്‍പൂരില്‍ നിന്ന് മത്സരിച്ച പ്രതിമ ഭൗമിക്, മണിക് സര്‍ക്കാരിനോട് പരാജയപ്പെടുകയായിരുന്നു. 2018ല്‍ മണിക് സര്‍ക്കാര്‍ 22176 വോട്ടും പ്രതിമഭൗമിക് 16735 വോട്ടുമാണ് നേടിയത്. അതേ മണ്ഡലത്തില്‍ പ്രതിമ ഭൗമിക് തന്നെ ബിജെപിയുടെ വിജയക്കൊടി പാറിച്ചപ്പോള്‍ സിപിഎമ്മിനോടുള്ള മധുര പ്രതികാരം കൂടിയായത്. 2019ല്‍ ത്രിപുര വെസ്റ്റ് ലോകസഭാമണ്ഡലത്തില്‍ നിന്നാണ് പ്രതിമ ഭൗമിക് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുരയില്‍ നിന്നുള്ള ആദ്യത്തെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ടാമത്തെയും കേന്ദ്രമന്ത്രിയായി അവര്‍.

രാംനഗറിലെ ബിജെപി വിജയവും എടുത്തുപറയേണ്ടതാണ്. ബിജെപിക്കെതിരെ എല്ലാ പ്രതിപക്ഷ കക്ഷികളും അവിടെ ഒറ്റക്കെട്ടായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥി പുരുഷോത്തം റോയ് ബര്‍മനെ തിപ്രമോത്തയും സിപിഎം-കോണ്‍ഗ്രസ് സഖ്യവും പിന്തുണച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുരജിത്ത് ദത്ത 17455 വോട്ട് നേടി വിജയക്കൊടി പാറിച്ചു. പുരുഷോത്തം റോയ് ബര്‍മന് 16558 വോട്ടാണ് ലഭിച്ചത്. ഈ രണ്ടു മണ്ഡലങ്ങളിലെ വിജയവും ഈ മൂന്നു സംസ്ഥാനങ്ങളിലെ വിജയവും ഒരു പാഠമാകുമെന്നുറപ്പാണ്.

RELATED ARTICLES

STORIES

Most Popular