Friday, March 29, 2024
HomeEditorialകെ റയില്‍ വന്നാലുള്ള ഗുണങ്ങള്‍ (നര്‍മ്മഭാവന: സാം നിലമ്പള്ളില്‍)

കെ റയില്‍ വന്നാലുള്ള ഗുണങ്ങള്‍ (നര്‍മ്മഭാവന: സാം നിലമ്പള്ളില്‍)

സി പി എം സംസ്ഥാന സെക്രട്ടറി സഹാവ് എം വി ഗോവിന്ദന്‍ നടത്തുന്ന കേരള ജോഡോ പ്രതിപക്ഷപാര്‍ട്ടികളുടെ ആരോപണങ്ങളെ പ്രതിരോധിക്കാനുള്ളതാണത്രെ. അതുകൊണ്ട് ജനകീയ പ്രതിരോധയാത്ര എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. കൂട്ടത്തില്‍ പാര്‍ട്ടിയുടെ നയപരിപാടികളെപറ്റി കുട്ടിസഹാക്കളോട് വിശദീകരിക്കയും ചെയ്യാം.

അദ്ദേഹം സൈന്ധാന്തികനായതുകൊണ്ട് പറയുന്നകാര്യങ്ങള്‍ അവിശ്വസിക്കേണ്ടതുമില്ല. പണ്ടൊരുനാള്‍ അദാനി എങ്ങനെയാണ് പണമുണ്ടാക്കുന്നതെന്ന് വിശീീകരിച്ച് സഹാക്കളെ പഠിപ്പിച്ചതാണല്ലൊ. പാവപ്പെട്ടവനെ പിഴിഞ്ഞ് ചാറുകുടുച്ചാണ്  അയാള്‍ തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുത്തതെന്നാണ് അന്നുപറഞ്ഞത്.

കേരളജോഡോ  യാത്ര ഷൊര്‍ണരെത്തിയപ്പോളാണ് കെ റയില്‍ വന്നാലുള്ള ഗുണങ്ങളെപറ്റി ഗോവിന്ദന്‍ കുടുംബശ്രീ സഹാക്കികളോട് പറഞ്ഞത്. നിങ്ങള്‍ രാവിലെ നലുമണിക്ക് എഴുന്നേറ്റ് അപ്പംചുടാന്‍ തുടങ്ങണം. അയ്യോ, പറയാന്‍ വിട്ടുപോയി. എങ്ങനെയാണ് അപ്പത്തിനുള്ള മാവ് തയ്യാറാക്കുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കിലും പുതിയ സഹാക്കികള്‍ക്കുവേണ്ടി ഞാന്‍ ഒന്നുകൂടി പറയാം.

തലേദിവസം പച്ചരി വെള്ളത്തിലിട്ട് കുതിര്‍ന്നുകഴിയുമ്പോള്‍ തേങ്ങയും യീസ്റ്റെന്നുപറയുന്ന ബൂര്‍ഷ്വയെയുംകൂട്ടി അരച്ചെടുക്കണം. വെളുപ്പിന് നാലുമണി ആകുമ്പോള്‍ വിദ്വാന്‍ പുളിച്ചുപൊങ്ങും. അന്നേരം ഉപ്പുചേര്‍ത്ത് ചുടാന്‍ തുടങ്ങണം. രണ്ടുകൊട്ട അപ്പം റഡിയായി കഴിയമ്പോള്‍ എറണാകുളത്തിനുപോകാന്‍ കെ. റയില്‍ സ്റ്റേഷനില്‍ എട്ടരക്ക് എത്തണം. മുപ്പതുമിനിറ്റുകൊണ്ട് എറണാകുളത്തെത്തി അപ്പം വിറ്റഴിയുമ്പോളേക്കും മണി പതിനൊന്ന്. പിന്നെ ഒരു ചായുംകുടിച്ച് സ്റ്റേഷനിലേക്ക്.

 കെ. റയില്‍ നിങ്ങളെയുംകാത്ത് സ്റ്റേഷനില്‍ കിടപ്പുണ്ടായിരിക്കും. അതില്‍ കയറി പതിനൊന്നരക്ക് ഷൊര്‍ണൂരെത്തുമ്പോള്‍ ട്രെയിനില്‍നിന്ന് ചാടുക. ചാടാന്‍ പറഞ്ഞത് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതുകൊണ്ടാണ്. ചാടി ചത്താല്‍ മാഷ് ഉത്തരവാദിയല്ല.

ഷൊര്‍ണൂരാണ് അപ്പത്തിന് പ്രസിദ്ധമായതെന്ന് മാഷ് പറഞ്ഞപ്പോളാണ് അറിഞ്ഞത്. കോട്ടയത്തെയും പാലായിലെയും ക്രിസ്ത്യാനി അമ്മച്ചിമാരാണ് അപ്പംചുടാന്‍ മിടുക്കികളെന്ന് കേട്ടിട്ടുണ്ട്. അവരുണ്ടാക്കുന്ന അപ്പത്തിന് പാലപ്പമെന്നും വട്ടയപ്പമെന്നും പേരുണ്ട്. കൊല്ലത്തെ അപ്പം കഴിച്ചിട്ടുണ്ടെങ്കിലും കോട്ടയത്തേതിനൊപ്പം വരില്ല. വീട്ടില്‍ ഭാര്യയുണ്ടാക്കുന്ന അപ്പത്തിന് കുറ്റങ്ങള്‍ പറയുമായിരുന്നെങ്കിലും അവള്‍ പോയതിനുശേഷമാണ് അതിന്റെ ഗുണം അനുഭവപ്പെട്ടത്. രണ്ടുവര്‍ഷം മുന്‍പാണ് ശാന്തമ്മ മരണപ്പെട്ടത്.

പിന്നീട് യൂട്യൂബില്‍ കാണുന്ന അമ്മച്ചിമാരുടെ പാചകവിധികള്‍നോക്കി അപ്പംചുട്ടെങ്കിലും വന്‍ പരാജയമായിരുന്നു ഫലം. യീസ്റ്റ് കാലാവധികഴിഞ്ഞതാണോയെന്നു നോക്കി. എക്‌സ്പയര്‍ ചെയ്യാന്‍ ഇനി ആറുമാസംകൂടിയുണ്ട്. പിന്നെന്താ കുഴപ്പം?

രണ്ടുമൂന്ന് തവണകൂടി പരീക്ഷിച്ചതിനുശേഷമാണ് സാഹസം നിറുത്തിയത്. ഇപ്പോള്‍ ദോശയോ ഉപ്പുമാവോ പാന്‍കേക്കോ മറ്റുമാണ് ബ്രേക്ക്ഫാസ്റ്റ്. എന്റെ പെങ്ങളെ നാട്ടിലേക്ക് വിളിക്കുമ്പോള്‍ ചോദിക്കുമായിരുന്നു, രാവിലെ എന്നതാ കഴിച്ചതെന്ന്. ഉപ്പുമാവെന്ന് പറയുമ്പോള്‍ എന്നും ഉപ്പുമാവാണോയെന്ന് ചോദിച്ച് കളിയാക്കുമായിരുന്നു. ലളിത മരിച്ചിട്ട് ആറുമാസമാകുന്നു.

ഉപ്പുമാവുണ്ടാക്കാന്‍ വളരെ എളുപ്പമാണ്. റവ ചൂടാക്കി തിളച്ചവെള്ളം ഒഴിച്ചാല്‍ ഉപ്പുമാവായി. അഞ്ചുമിനിറ്റുകൊണ്ട്  ബ്രേക്ക്ഫാസ്റ്റ് റെഡി. ഒരു പഴവുംകൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍. ഷൊര്‍ണൂരെ അപ്പത്തിനെന്താ പ്രത്യേകതയെന്ന് ഗോവിന്ദന്‍ മാഷ് പറഞ്ഞില്ല.

ജോഡോയാത്ര കൊല്ലത്ത് എത്തുമ്പോളെങ്കിലും പറയണേ. എറണാകുളത്തെ സ്ത്രീകള്‍ക്ക് അപ്പം ഉണ്ടാക്കാന്‍ അറിയാന്‍ വയ്യാത്തതുകൊണ്ടാണോ ഷൊര്‍ണൂരിലെ സഹക്കികള്‍ രണ്ടുകൊട്ട അപ്പവുമായി കെ റയിലില്‍ ചാടിക്കയറാന്‍ പോകുന്നത്. ഷൊര്‍ണൂരില്‍ കെ. റയിലിന് സ്റ്റോപ്പില്ലത്തതുകൊണ്ട് എങ്ങനെ കയറുമെന്നുകൂടി മാഷ് പറയണം.

ഷൊര്‍ണൂര്‍ ടു എറണാകുളം ടിക്കറ്റ്ചാര്‍ജ്ജ് എത്രയാകും. അങ്ങോട്ടും ഇങ്ങോട്ടുകൂടി 500 രൂപയെങ്കിലും ആകില്ലേ. രണ്ടുകൊട്ട അപ്പംവിറ്റാല്‍ എന്തുലാഭംകിട്ടും. വണ്ടിക്കൂലിയും കഴിഞ്ഞ് നൂറുയെങ്കിലും കിട്ടിയാല്‍ ഭാഗ്യം. എങ്കില്‍പിന്നെ ഇത്ര സാഹസപ്പെട്ട് എറണാകുളവരെ പോകുന്നതെന്തിനാ, മാഷേ. ഷൊര്‍ണൂരില്‍തന്നെ വിറ്റാല്‍പോരെ.

ഷൊര്‍ണൂരില്‍നിന്ന് കുടുംബിനികള്‍ അപ്പവുമായി വരുന്നതോര്‍ത്ത് എറണകുളത്തെ പുരുഷസിംഹങ്ങള്‍ രാവിലെ പല്ലുംതേച്ച് കാത്തിരിപ്പായിരിക്കും. അവര്‍ എത്തിയില്ലെങ്കില്‍ സഹാക്കള്‍ അപ്പംതിന്നാന്‍ അങ്ങോട്ടുപോയെന്നിരിക്കും. ബിരിയാണിതിന്നാന്‍ കോഴിക്കോട്ടേക്കും തലശ്ശേരിക്കും പോകുന്ന യുവാക്കളെപറ്റി കേട്ടിട്ടില്ലേ., ബൈക്കോടിച്ച് ഹൈദരബാദുവരെ പോകാനും മടിയില്ലാത്ത യുവതലമുറയാണ് നമ്മുടേത്.

രാമേശ്ശേരി ഇഡ്ഡലിയും മൈസൂര്‍ ഉപ്പുമാവും പ്രസിദ്ധമാണതത്രെ. ഇതൊക്കെ കഴിക്കാന്‍വേണ്ടിമാത്രം നമ്മുടെ യുവതീയുവാക്കള്‍ തിരുവനന്തപുരത്തുനിന്നും കൊച്ചിയില്‍നിന്നും  കോഴിക്കോട്ടേക്കും തലശ്ശേരിക്കും പോകാറുണ്ട്

കെ. റയില്‍ വരുന്നതുകൊണ്ടുള്ള ഗണഗണങ്ങള്‍ ഗോവിന്ദന്‍ മാഷ് പറഞ്ഞപ്പോളാണ് മനസിലായത്.  നേരത്തെ പറഞ്ഞിരുന്നെങ്കില്‍  അതിനെ ആക്ഷേപിച്ച് എഴുതുകയില്ലായിരുന്നു. കെ. റയില്‍ എത്രയുംവേഗം പൂര്‍ത്തിയാക്കട്ടെ. അപ്പംതിന്നാന്‍ കാത്തിരിക്കുന്നു.

സാം നിലമ്പള്ളില്‍.   

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular