Friday, April 26, 2024
HomeIndiaമദ്യനയക്കേസില്‍ കെ. കവിത ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ചോദ്യംചെയ്യലിന് ഹാജരാകും

മദ്യനയക്കേസില്‍ കെ. കവിത ഇന്ന് ഇ.ഡിക്ക് മുന്‍പില്‍ ചോദ്യംചെയ്യലിന് ഹാജരാകും

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ. കവിത ഇന്ന് ചോദ്യംചെയ്യലിന് ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകും.

വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് നല്‍കിയിരുന്നുവെങ്കിലും കവിത സമയം നീട്ടിച്ചോദിക്കുകയായിരുന്നു. കോടതി കസ്റ്റഡിയില്‍ അനുവദിച്ച മനീഷ് സിസോദിയയെയും ഇന്ന് മറ്റ് പ്രതികള്‍ക്കൊപ്പം ഇ.ഡി ചോദ്യംചെയ്യും.

വ്യക്തിപരമായ തിരക്കുകളും മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കവിത സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ ജന്തര്‍ മന്ദറില്‍ ധര്‍ണ നടത്തിയ കവിത, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്കെതിരായ പ്രതിപക്ഷ ഐക്യം ഉയര്‍ത്തിക്കാട്ടുക കൂടിയാണ് ലക്ഷ്യംവച്ചത്. കേസില്‍ അറസ്റ്റിലായ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവര്‍ക്ക് കവിത ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യന്‍ ലോബിയുമായി ബന്ധമുണ്ടെ എന്നാണ് ഇ.ഡി ആരോപണം.

പ്രതികള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാകും ഇന്നു രാവിലെ 11നു ഹാജരാക്കുന്ന കവിതയോട് ഇ.ഡി വിവരങ്ങള്‍ തേടുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇ.ഡി നടപടിയെന്ന് കവിതയും ബി.ആര്‍.എസും ആരോപിക്കുന്നുണ്ട്. കേസില്‍ കസ്റ്റഡിയിലുള്ള ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും ഇ.ഡി അന്വേഷണസംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികള്‍ക്ക് ഒപ്പമിരുത്തിയാകും ചോദ്യംചെയ്യല്‍.

ആംആദ്മി പാര്‍ട്ടി ഐ.ടി സെല്‍ മേധാവി വിജയ് നായരും കവിതയുടെ ബിനാമി അരുണ്‍ രാമചന്ദ്രപിള്ളയും ചേര്‍ന്നാണ് സ്വകാര്യ ലോബികളെ സഹായിക്കാന്‍ മദ്യനയ അഴിമതിക്ക് ഗൂഢാലോചന നടത്തിയതെന്നാണ് ഇ.ഡി ആരോപിക്കുന്നത്. മനീഷ് സിസോദിയയ്ക്കും കവിതയ്ക്കും മദ്യനയ രൂപീകരണത്തില്‍ നേരിട്ടുള്ള പങ്കും അത് സാധൂകരിക്കുന്ന തെളിവുകളും കണ്ടെത്താനാണ് ഇ.ഡിയുടെ ശ്രമം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular