Friday, April 19, 2024
HomeGulfഅബൂദബിയില്‍ ടാക്സി സര്‍വിസിന് ഇനി ടെസ്‌ലയും

അബൂദബിയില്‍ ടാക്സി സര്‍വിസിന് ഇനി ടെസ്‌ലയും

ബൂദബി : എമിറേറ്റിലെ പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉപയോഗം വിപുലമാക്കുന്നതിന്‍റെ ഭാഗമായി ടാക്സി സര്‍വിസുകളുടെ കൂട്ടത്തിലേക്ക് ഇനി ‘ടെസ്‌ല’ഇലക്ട്രിക് കാറുകളും.

അറേബ്യ ടാക്സി ട്രാന്‍സ്‌പോര്‍േട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം(ഐ.ടി.സി) ടെസ്ല എത്തിച്ചത്. എമിറേറ്റിന്റെ സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഐ.ടി.സി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മര്‍സൂഖി പറഞ്ഞു. ഏഴ് ടാക്സി കമ്ബനികളുടെ കീഴില്‍ ആറായിരത്തിലേറെ വാഹനങ്ങളാണ് അബൂദബി നിരത്തുകളിലുള്ളത്.

2019മുതല്‍ ഇവയില്‍ 85 ശതമാനം വാഹനങ്ങളും പ്രകൃതി വാതകത്തിലും ഹൈഡ്രോ കാര്‍ബണ്‍ ഇന്ധനത്തിലുമാണ് ഓടുന്നത്. 2021നവംബറില്‍ ഐ.ടി.സി ഡ്രൈവറില്ലാ കാറുകള്‍ നിരത്തിലിറക്കിയിരുന്നു. നാല് മിനി റോബോ ബസുകള്‍ അടക്കം എട്ട് ഡ്രൈവര്‍രഹിത വാഹനങ്ങള്‍ യാസ് ഐലന്‍ഡ്, സഅദിയാത്ത് ഐലന്‍ഡ് എന്നിവിടങ്ങളില്‍ സര്‍വിസ് നടത്തുന്നു.

അബൂദബി മാരിടൈം യാസ്ബേ, റഹ ബീച്ച്‌ എന്നിവിടങ്ങളില്‍ പബ്ലിക് വാട്ടര്‍ ടാക്സികളും സര്‍വിസ് നടത്തുന്നുണ്ട്. എല്ലാ ദിവസവും ഓരോ മണിക്കൂര്‍ ഇടവിട്ട് വാട്ടര്‍ടാക്സി സര്‍വിസ് ലഭ്യമാണ്. യാസ് ബേ, യാസ് മറീന, അല്‍ ബന്ദര്‍ എന്നിവിടങ്ങളില്‍ ആവശ്യക്കാരുടെ വര്‍ധനയനുസരിച്ച്‌ വാട്ടര്‍ ടാക്സികളുടെ എണ്ണവും വര്‍ധിപ്പിക്കും. അബൂദബി നിവാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും എമിറേറ്റുകളിലെ വിവിധ പ്രദേശങ്ങളില്‍ യാത്ര എളുപ്പമാക്കാന്‍ അബൂദബി തുറമുഖ ഗ്രൂപ്പും അബൂദബി മാരിടൈമുമായി സഹകരിച്ചാണ് സര്‍വിസുകള്‍ ലഭ്യമാക്കുന്നത്.

അതേസമയം, അനധികൃത ടാക്‌സി സര്‍വിസുകള്‍ വര്‍ധിച്ചുവരുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത ടാക്‌സികള്‍ പിടികൂടിയാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അബൂദബി പൊലീസിന്‍റെ മുന്നറിയിപ്പ്. ഇതിനുപുറമേ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടി ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular