Friday, March 24, 2023
HomeGulfലോക പൊലീസ് ഉച്ചകോടി സമാപിച്ചു; സൈബര്‍ ക്രൈം തടയാന്‍ അന്താരാഷ്ട്ര സഹകരണത്തിന് ദുബൈ പൊലീസ്

ലോക പൊലീസ് ഉച്ചകോടി സമാപിച്ചു; സൈബര്‍ ക്രൈം തടയാന്‍ അന്താരാഷ്ട്ര സഹകരണത്തിന് ദുബൈ പൊലീസ്

ദുബൈ : സൈബര്‍ കുറ്റകൃത്യങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിന് ദുബൈ പൊലീസ് ആഗോളതലത്തിലെ വിവിധ ഏജന്‍സികളുമായി സഹകരിക്കും.

ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ലോക പൊലീസ് ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച പാനല്‍ സെഷനിലാണ് വകുപ്പിന്‍റെ ഭാവി പദ്ധതികള്‍ സംബന്ധിച്ച്‌ വിശദീകരിക്കപ്പെട്ടത്. വിപുലമായ പദ്ധതികളിലൂടെ സൈബര്‍ സുരക്ഷ മേഖലയില്‍ നൂതന സംവിധാനങ്ങളും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന് വകുപ്പ് പരിശ്രമം തുടരുകയാണെന്നും ദുബൈ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ഉദ്യോഗസ്ഥരും പ്രദര്‍ശകരും പങ്കെടുത്ത മൂന്നുദിവസത്തെ ഉച്ചകോടി വ്യാഴാഴ്ച സമാപിച്ചു. ലോകതലത്തില്‍ ശതകോടിക്കണക്കിന് പണമാണ് ഓരോ വര്‍ഷവും സൈബര്‍ തട്ടിപ്പുകള്‍ വഴി നഷ്ടപ്പെടുന്നത്. ആഗോളതലത്തില്‍ വേരുകളുള്ള തട്ടിപ്പു സംഘങ്ങളെ കണ്ടെത്താന്‍ പലപ്പോഴും പ്രദേശിക സംവിധാനങ്ങള്‍ക്ക് മാത്രമായി സാധിക്കില്ല. ഈ സാഹചര്യത്തിലാന് അന്താരാഷ്ട്ര സഹകരണത്തിന് ആലോചനകള്‍ സജീവമാക്കിയത്.

നിയമവിരുദ്ധമായ ധനശേഖരണത്തിന്‍റെയും ഉപയോഗത്തിന്‍റെയും സാഹചര്യത്തെ മറികടക്കാന്‍ കള്ളപ്പണം തടയല്‍ നടപടികള്‍ ശക്തമാക്കാനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സഹകരണത്തിലൂടെ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ മാത്രം ദുബൈ പൊലീസ് 597 കൊടുംകുറ്റവാളികളെ പിടികൂടിയിട്ടുണ്ട്. 101രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര തലത്തില്‍ തന്നെ പിടികിട്ടാപ്പുള്ളികളായവരാണ് ഇവരെന്ന് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്‍റെ ഉദ്ഘാടന വേദിയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍ വ്യാജരേഖ ചമക്കല്‍, മോഷണം, ആസൂത്രിത കൊലപാതകം, കവര്‍ച്ച, ജ്വല്ലറി കൊള്ള, മോഷണശ്രമം തുടങ്ങിയ വിവിധ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ട 85 പ്രതികളെ അതത് നാടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

അന്താരാഷ്ട്ര ഏജന്‍സികളുമായുള്ള സഹകരണത്തിന്‍റെ ഭാഗമായി, ദുബൈ പൊലീസ് 195 രാജ്യങ്ങളിലെ ഗവണ്‍മെന്‍റുകള്‍ക്കും 60 നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കും സംഘടനകള്‍ക്കും 9,012ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറിയിട്ടുമുണ്ടെന്നും വെളിപ്പെടുത്തി. വിവിധ മേഖലകളിലെ സഹകരണം സൈബര്‍ സുരക്ഷ രംഗത്തേക്കും വ്യാപിപ്പിക്കാനാണ് ഉച്ചകോടിയില്‍ തീരുമാനിച്ചിട്ടുള്ളത്. ഉച്ചകോടിയില്‍ പൊലീസ് ജോലിയില്‍ നവീകരണം, ഫോറന്‍സിക് സയന്‍സസ്, കുറ്റകൃത്യങ്ങള്‍ തടയല്‍, മയക്കുമരുന്ന് പ്രതിരോധം, ഡ്രോണ്‍ ഉപയോഗം, പൊലീസ് ഡോഗ്സ് കോണ്‍ഫറന്‍സ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചകള്‍ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular