Tuesday, April 23, 2024
HomeGulfറേഷന്‍ വസ്‍തുക്കള്‍ മറിച്ചുവില്‍ക്കല്‍ നടപടി ശക്തമാക്കും

റേഷന്‍ വസ്‍തുക്കള്‍ മറിച്ചുവില്‍ക്കല്‍ നടപടി ശക്തമാക്കും

കുവൈത്ത് സിറ്റി : രാജ്യത്ത് പൗരന്മാര്‍ക്കായി വിതരണം ചെയ്യുന്ന റേഷന്‍ ഭക്ഷ്യ വസ്‍തുക്കള്‍ മറിച്ചുവില്‍ക്കുന്നതിനെതിരെ നടപടി ശക്തമാക്കുന്നു.

ഇത്തരക്കാരെ പിടികൂടാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍, റെസിഡന്‍സി അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, വാണിജ്യ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു.

സ്വദേശികള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ അരി, പാല്‍, പഞ്ചസാര, എണ്ണ എന്നിവ മറിച്ചുവില്‍ക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. പൗരന്മാര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ അനധികൃതമായി വില്‍ക്കുന്നത് വ്യാപകമായി ശ്രദ്ധയില്‍ പെട്ടതായി എമര്‍ജന്‍സി ടീം തലവന്‍ ഹമദ് അല്‍ ദാഫിരി പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ പരിശോധന സംഘത്തെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പ്രവാസികളെ പിടികൂടിയാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. റേഷന്‍ മറിച്ചുനല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്ന സ്വദേശികളുടെ കാര്‍ഡ് റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അബ്ബാസിയയിലും ഹസാവിയിലും പരിശോധന സംഘത്തിന്‍റെ നേതൃത്വത്തില്‍ നടന്ന റൈഡില്‍ വലിയ അളവില്‍ റേഷന്‍ സാധനങ്ങള്‍ കണ്ടെത്തി. ജലീബ് അല്‍ ഷുയൂഖിലെ അല്‍ ഹസാവി ഏരിയയിലെ വീട്ടിലെ വെയര്‍ഹൗസ് റെയ്ഡ് ചെയ്തതില്‍ സബ്‌സിഡി സാധനങ്ങള്‍ സംഭരിച്ചതായി കണ്ടെത്തി. ഇവിടെനിന്ന് അരി, പാല്‍, പഞ്ചസാര, എണ്ണ എന്നിവ പിടിച്ചെടുത്തു.

പിടിച്ചെടുത്ത വസ്‍‍തുക്കള്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കൈമാറി. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ നാടുകടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സബ്‍സിഡി നിരക്കില്‍ നല്‍കുന്ന റേഷന്‍ ഭക്ഷ്യവസ്‍തുക്കള്‍ വില്‍പന നടത്തുന്നതിന് രാജ്യത്ത് കര്‍ശന നിരോധനമുണ്ട്. ഇത്തരം ഭക്ഷ്യവസ്‍തുക്കള്‍ രാജ്യത്തിന് പുറത്തേക്ക് കടത്താന്‍ ശ്രമിക്കരുതെന്നും അവ നിയമ നടപടികള്‍ക്ക് വഴിവെക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular