ലഖ്നോ : കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിലും ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിലും രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെട്ട് വിഷയം ഉന്നയിക്കാനൊരുങ്ങി ഷിയ മുസ്ലിം നേതാക്കള്‍.
ആവശ്യമുന്നയിച്ച് പ്രമുഖ ഷിയ പുരോഹിതനായ മൗലാന ഖല്‍ബെ ജവാദ് രംഗത്തെത്തി. ” ഓരോ പദ്ധതിയിലും സര്‍ക്കാര്‍ പിന്നാക്ക, ദലിത് മുസ്ലിംകളായ പാസ്മന്ദകളെ ഉള്‍പ്പെടുത്തുന്നുണ്ട്.
മുന്‍കഴിഞ്ഞുപോയ സര്‍ക്കാറുകള്‍ അവഗണിച്ച ഷിയ മുസ്ലിംകളെ കൂടി ഉള്‍പ്പെടുത്തണം. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് മുസ്ലിംകള് വളരെ പിന്നാക്കമാണ്. അതിനേക്കാള്‍ പിന്നാക്കാവസ്ഥയിലാണ് ഷിയ മുസ്ലിംകള്. മുമ്ബ് കഴിഞ്ഞുപോയ ഒരു ഗവണ്മെന്റും ഷിയ സമുദായത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല.
ഇന്ന് ഷിയ കമ്മ്യൂണിറ്റിക്ക് കേന്ദ്രത്തില്‍നിന്നും സംസ്ഥാനത്തെ യോഗി സര്‍ക്കാരില്‍ നിന്നും മികച്ച രാഷ്ട്രീയ സാമൂഹിക പ്രാതിനിധ്യം ആവശ്യപ്പെടുന്നു. ഞാന്‍ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍, സമുദായത്തിന്റെ ഉന്നമനം സംബന്ധിച്ച് സംസാരിച്ചിരുന്നു” -മൗലാന ഖല്‍ബെ ജവാദ് പറഞ്ഞു.