Friday, April 26, 2024
HomeIndiaരാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍; പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി, നിര്‍ത്തിവച്ചു

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രിമാര്‍; പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങി, നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ചത് വലിയ പ്രതിഷേധങ്ങളോടെ. ഭരണപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും വ്യത്യസ്ത വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ബഹളം വെക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാണ് മുതിര്‍ന്ന മന്ത്രിമാര്‍ ആവശ്യപ്പെട്ടത്. ലണ്ടനില്‍ വച്ച്‌ ഇന്ത്യന്‍ ജനാധിപത്യം ഭീഷണിയിലാണെന്ന് രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയതാണ് മന്ത്രിമാരുടെ പ്രതിഷേധത്തിന് കാരണം.

രാജ്‌നാഥ് സിങ്, പ്രഹ്ലാദ് ജോഷി എന്നിവര്‍ ലോക്‌സഭയിലും പിയൂഷോ ഗോയല്‍ രാജ്യസഭയിലും വിഷയം ഉന്നയിച്ചു. രാഹുല്‍ പാര്‍ലമെന്റില്‍ മാപ്പ് പറയണമെന്നായിരുന്നു മൂവരുടെയും ആവശ്യം. ലണ്ടനില്‍ വച്ച്‌ ഇന്ത്യയെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്നാണ് രാജ്‌നാഥ് സിങ് ആരോപിച്ചത്. സഭയിലെ മുഴുവന്‍ അംഗങ്ങളും രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ അപലിപ്പിച്ച്‌ പ്രസ്താവന ഇറക്കണമെന്നും രാജ്‌നാഥ് സിങ് സഭയില്‍ പറഞ്ഞു.

അടിയന്തരാവസ്ഥാ കാലം സൂചിപ്പിച്ചാണ് പ്രഹ്ലാദ് ജോഷി സംസാരിച്ചത്. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്ന് മൗലികാവകാശങ്ങളും ചുമതലകളും നഷ്ടമായി എന്ന് അദ്ദേഹം പറഞ്ഞു. അന്ന് ജനാധിപത്യത്തിന് എന്ത് സംഭവിച്ചു. ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചു. സഭ ബഹളത്തില്‍ മുങ്ങിയതോടെ സ്പീക്കര്‍ ഓംബിര്‍ള രണ്ട് മണി വരെ നടപടികള്‍ നിര്‍ത്തിവച്ചു.

ഇന്ത്യക്കാരെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്നാണ് പിയൂഷ് ഗോയല്‍ രാജ്യസഭയില്‍ പറഞ്ഞത്. ഇതിനെതിരെ പ്രതിപക്ഷം ബഹളം വച്ചതോടെ രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു. ഇന്ത്യയില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ലോകം കാണുന്നുണ്ടെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറുപടിയായി പറഞ്ഞത്. രാഹുല്‍ ഗാന്ധി രാജ്യസഭാംഗമല്ലെന്നും എന്തിനാണ് വിഷയം ഇവിടെ ഉന്നയിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു. പ്രധാനമന്ത്രി മോദി ചൈനയില്‍ വച്ച്‌ ഇന്ത്യയെ അപമാനിച്ചുവെന്നും ഖാര്‍ഗെ ആരോപിച്ചു.

രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ ക്രൂരമായി ആക്രമിക്കപ്പെടുകയാണെന്നാണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പ്രസംഗിക്കവെ പറഞ്ഞത്. അദാനി വിവാദം, ബിആര്‍എസ് നേതാവ് കവിതയെ ഇഡി ചോദ്യം ചെയ്ത സംഭവം തുടങ്ങിയ വിഷയങ്ങളെല്ലാം ഇന്ന് പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഖാര്‍ഗെ വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ 16 പാര്‍ട്ടി പ്രതിനിധികളാണ് പങ്കെടുത്തത്. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇതേ വേളയില്‍ തന്നെ മോദിയുടെ ഓഫീസില്‍ മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ചേരുകയും ചെയ്തു. ശേഷമാണ് എല്ലാവരും സഭയിലെത്തിയത്. ഏപ്രില്‍ ആറിനാണ് ബജറ്റ് സമ്മേളനം അവസാനിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular